വത്തിക്കാൻ: പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക്, അഗസ്റ്റീനിയൻ സഭംഗം കൂടിയായ ബിഷപ് ലൂയിസ് മരീൻ ദേ സാൻ മാർട്ടിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പുതിയ നിയമനത്തിനൊപ്പം ആർച്ച്ബിഷപ് പദവിയിലേക്ക് അദ്ദേഹത്തെ പാപ്പാ ഉയർത്തി.
ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം 2021 മുതൽ മെത്രാന്മാരുടെ സിനഡിന്റെ സെക്രെട്ടറിയേറ്റിൽ അണ്ടർ സെക്രെട്ടറിയായി സേവനമനുഷ്ഠിച്ചുവരവെയാണ് പുതിയ ഈ സ്ഥാനത്തേക്ക് ആർച്ച്ബിഷപ് ലൂയിസ് മരീൻ ദേ സാൻ മർത്തീൻ നിയോഗിക്കപ്പെട്ടത്. 1961 ഓഗസ്റ്റ് 21-ന് സ്പെയിനിലെ മാഡ്രിഡിൽ ജനിച്ച അദ്ദേഹം, 1982 സെപ്റ്റംബർ 5-നാണ് അഗസ്റ്റീനിയൻ സഭയിൽ തന്റെ പ്രഥമവ്രതവാഗ്ദാനം നടത്തിയത്. 1988 ജൂൺ 4-ന് അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.
പരിശുദ്ധ പിതാവിന്റെ ജീവകാരുണ്യപ്രവർത്തനവിഭാഗത്തിന്റെ തലവനായി നാളിതുവരെ സേവനമനുഷ്ഠിച്ചിരുന്ന കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കിയെ പോളണ്ടിലെ ലോഡ്സ് അതിരൂപതയുടെ അദ്ധ്യക്ഷനായി ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം 2013 മുതൽ പാപ്പൽ അൽമോണറായി ശുശ്രൂഷ ചെയ്തതിന് ശേഷമാണ് കർദ്ദിനാൾ ക്രയേവ്സ്കി തന്റെ നാടായ പോളണ്ടിൽ, ജന്മനാട്ടിലെ ലോഡ്സ് അതിരൂപതാദ്ധ്യക്ഷനായി സ്ഥാനമേൽക്കുന്നത്.
1963 നവംബർ 25-ന് പോളണ്ടിലെ ലോഡ്സിൽ ജനിച്ച കർദ്ദിനാൾ ക്രയേവ്സ്കി, 1988 ജൂൺ 11-നാണ് പുരോഹിതനായി അഭിഷിക്തനായത്. തുടർന്ന് പോളണ്ടിൽ അജപാലനം തുടർന്ന അദ്ദേഹം, റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു.
2018 ജൂൺ 28-ന് നടന്ന കൺസിസ്റ്ററിയിലായിരുന്നു കർദ്ദിനാൾ ക്രയേവ്സ്കി കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ, വത്തിക്കാനിലെ ആരാധനച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുന്ന വിഭാഗത്തിൽ തന്റെ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം, 28 വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷമാണ് തിരികെ പോളണ്ടിലേക്ക് മടങ്ങുന്നത്. പാവങ്ങൾക്കൊപ്പം ആയിരിക്കാനാണ് ഫ്രാൻസിസ് പാപ്പാ തന്നെ തന്റെ ജീവകാരുണ്യപ്രവർത്തനവിഭാഗത്തിന്റെ തലവനായി നിയമിച്ചതെന്ന് കർദ്ദിനാൾ ക്രയേവ്സ്കി അനുസ്മരിച്ചു.
പുതിയ നിയമനത്തോടെ, ആഗോള കത്തോലിക്കാസഭയിലെ തന്റെ ശുശ്രൂഷാനുഭവത്തിന്റെ പശ്ചാത്തലത്തിൽ, ലോഡ്സ് അതിരൂപതയുടെ അതിർത്തിക്കുള്ളിലുള്ള ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന ആളുകൾക്ക് ശുശ്രൂഷ ചെയ്യാനാണ് താൻ പരിശുദ്ധ പിതാവിന്റെ നിർദ്ദേശപ്രകാരം പോകുന്നതെന്ന് കർദ്ദിനാൾ ക്രയേവ്സ്കി പറഞ്ഞു.
