റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍
ഒരു ബോര്‍ഡ്, ഒരു എഴുത്തുതാള്, ഒരു കാന്‍വാസ്…. ഇവയെല്ലാം എഴുതാനും വരയ്ക്കാനും മനുഷ്യന് ഉണ്ടാക്കിയ മാധ്യമങ്ങളാണ്. ചിത്രകാരന് തന്റെ കലയെ കാന്‍വാസില്‍ വരയ്ക്കുന്നു. അധ്യാപകന് ബോര്‍ഡില്‍ എഴുതുന്നു. എഴുത്തുകാരന് കടലാസില്‍ തന്റെ ചിന്തകള്‍ രേഖപ്പെടുത്തുന്നു.
ഇവയുടെ സ്വഭാവം തന്നെ അതാണ്: അവ ശൂന്യമായ ഉപരിതലങ്ങളാണ്; മനുഷ്യന് അവയില്‍ അര്‍ത്ഥം നല്കുന്നു. ഇനി നമുക്ക് മനുഷ്യശരീരത്തിലേക്ക് വരാം.
എന്താണ് മനുഷ്യശരീരം?
അത് ഒരു ശൂന്യഉപരിതലം അല്ല. അത് അതിസങ്കീര്‍ണവും ഉദാത്തവുമായ ഒരു ദിവ്യ ജൈവഘടനയാണ്.
ഒരു വിസ്മയലോകം തന്നെയാണ്. മനുഷ്യശരീരത്തിന് അതില്‍ തന്നെ ജീവനും അര്‍ത്ഥവും സൗന്ദര്യവും മാന്യതയും ഉണ്ട്. അതില്‍ ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വവും മൂല്യവും നിറഞ്ഞിരിക്കുന്നു.
മനുഷ്യന് സൃഷ്ടിയുടെ മകുടമാണ്. ബൈബിള്‍ പറയുന്നു: ”ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.” (ഉല്പത്തി 1:27) ഈ വചനം മനുഷ്യന്റെ മഹത്തായ തിരിച്ചറിവാണ്. മനുഷ്യന് വെറും ജീവി അല്ല; അവന് ദൈവത്തിന്റെ ഛായയുടെ, അഥവാ രൂപത്തിന്റെ പ്രതിഫലനമാണ്.
അതുകൊണ്ട് മനുഷ്യശരീരം ഒരു വസ്തുവായി കാണാന്‍ കഴിയില്ല. മനുഷ്യന് ഒരു വ്യക്തിയാണ്, ശരീരവും മനസും ആത്മാവും ചേര്‍ന്ന അത്ഭുത ദൈവികസൃഷ്ടി. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് എഴുതുന്നത്: ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ?” (1 കൊരിന്ത്യര്‍ 6:19) ഈ വചനം ക്രിസ്തീയ ആത്മീയതയുടെ വലിയ സത്യമാണ്. ശരീരം വെറും ജൈവഘടന അല്ല; അത് ദൈവാത്മാവ് വസിക്കുന്ന ആലയമാണ്. അതുകൊണ്ട് മനുഷ്യശരീരം ഒരു കാന്‍വാസ് അല്ല; അത് ദൈവത്തിന്റെ ജീവിക്കുന്ന ആലയമാണ്.
ഇനി നമുക്ക് പള്ളി അഥവാ ദൈവാലയത്തിലേക്ക് വരാം.
പള്ളി ഒരു സാധാരണ കെട്ടിടമല്ല. ക്രിസ്തീയ പാരമ്പര്യത്തില്‍ പള്ളിയെ രണ്ടു മനോഹരമായ ലാറ്റിന്‍ പേരുകളില്‍ വിളിക്കുന്നു: ‘Domus Dei’ എന്നും ‘Domus Ecclesiae’ എന്നും. Domus Dei എന്നത് ”ദൈവത്തിന്റെ ഭവനം” (ഹൗസ് ഓഫ് ഗോഡ്) എന്നര്‍ത്ഥമാണ്. യേശു പറയുന്നു: ”എന്റെ ഭവനം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും.”
(മത്തായി 21:13) പള്ളി ദൈവാരാധനയുടെ സ്ഥലമാണ്. അവിടെ പ്രാര്‍ഥന ഉയരുന്നു. അവിടെ മനുഷ്യഹൃദയം ദൈവത്തെ അഭിമുഖീകരിക്കുന്നു. അതേസമയം പള്ളി Domus Ecclesiae കൂടിയാണ്. ”സഭയുടെ ഭവനം” (House of the believers).
‘Ecclesia’ എന്ന വാക്കിന്റെ അര്‍ത്ഥം വിളിക്കപ്പെട്ട ജനങ്ങളുടെ കൂട്ടം എന്നതാണ്. വിശ്വാസികള്‍ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന ഇടമാണ് പള്ളി. അതായത് പള്ളി ഒരു കെട്ടിടം മാത്രം അല്ല; അത് വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഭവനമാണ്.
ഈ സത്യങ്ങള്‍ നമ്മെ ഒരു ആഴമുള്ള ആത്മീയ തിരിച്ചറിവിലേക്കാണ് നയിക്കുന്നത്:
കാന്‍വാസ് മനുഷ്യന് അര്‍ത്ഥം നല്കുന്ന സ്ഥലമാണ്. മതില് മനുഷ്യന് എഴുതുന്ന സ്ഥലമാണ്. എന്നാല്‍ ശരീരം ദൈവം അര്‍ത്ഥം നിറച്ച സ്ഥലമാണ്. പള്ളി ദൈവം പരിശുദ്ധമാക്കിയ സ്ഥലമാണ്. ഇന്ന് ചില സ്ഥലങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്ന പേരില്‍ പള്ളിയുടെ മതിലുകള്‍ ഒരു പ്രദര്‍ശന മാധ്യമമായി ഉപയോഗിക്കുന്ന പ്രവണത കാണപ്പെടുന്നു.
പള്ളിയുടെ മതിലിനെ ഒരു സാധാരണ പ്രദര്ശനമാധ്യമമായി ഉപയോഗിക്കുന്നത് പള്ളിയുടെ ആഴമുള്ള ആത്മീയ അര്‍ത്ഥത്തോടും പരിശുദ്ധിയോടും യോജിക്കുന്നതല്ല. പള്ളി ഒരു ഷോ വാള് അല്ല.
അത് ഉീാൗ െഉലശ, ദൈവത്തിന്റെ ഭവനം. അത് Domus Ecclesiae, ദൈവജനത്തിന്റെ ഭവനം ആണ്.
പള്ളിക്ക് അതില്‍ തന്നെ അര്‍ത്ഥ സമ്പുഷ്ടത ഉണ്ട്. അതുപോലെ തന്നെ ഇന്ന് ചിലര്‍ ശരീരത്തെ ഒരു കാന്‍വാസ് പോലെ കണ്ട് അതില്‍ പച്ചകുത്തല്‍ (ടാറ്റൂ) നടത്തുന്നു. എന്നാല്‍ ക്രിസ്തീയ ദര്‍ശനത്തില്‍ ശരീരം ഒരു കാന്‍വാസ് അല്ല. ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. അതുകൊണ്ടാണ് തിരുവചനം പറയുന്നത്:
”നിങ്ങളുടെ ദേഹത്ത് പച്ചകുത്തരുത്.” (ലേവ്യര്‍ 19:28) അതിനാല്‍ ശരീരത്തിന്റെ മഹത്വത്തെയും പരിശുദ്ധതയെയും ബഹുമാനിക്കുന്ന സമീപനമാണ് വിശ്വാസത്തിന്റെ ആത്മാവ്.
അതിനാല്‍ നമ്മള് വീണ്ടും ഓര്‍ക്കേണ്ടത് ഇതാണ്: കാന്‍വാസ് ചിത്രത്തിനുള്ളതാണ്. മതില് എഴുത്തിനുള്ളതാണ്. എന്നാല്‍ മനുഷ്യശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. പള്ളി ഒരു പ്രദര്‍ശനമതില്‍ അല്ല. അവയില്‍ അര്‍ത്ഥം എഴുതേണ്ടതില്ല; കാരണം അവയില്‍ ദൈവം തന്നെ തന്റെ അര്‍ത്ഥം ഇതിനകം പൂര്‍ണമായി എഴുതി കഴിഞ്ഞിരിക്കുന്നു. (ഈ കുറിപ്പ് എന്റെ വ്യക്തിപരമായ ചിന്തയും അഭിപ്രായവുമാണ്. ഇതേ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.)

