വത്തിക്കാൻ : മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസഭയുടെ ആദ്യ സമ്മേളനത്തിനുശേഷം, ഫ്രാൻസിസ് പാപ്പാ നിയമിച്ച പഠന സംഘങ്ങളുടെ മൂന്നാമത്തെ അന്തിമ റിപ്പോർട്ട് സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കി.
സഭയുടെ ജീവിതത്തിലും നേതൃത്വത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള സിനഡിന്റെ അഞ്ചാം നമ്പർ പഠന സംഘത്തിന്റെ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിലുള്ള അന്തിമ റിപ്പോർട്ട്, അഞ്ച് ഭാഷകളിലായി ഒരു സംഗ്രഹം സഹിതം, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്: www.synod.va.
സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും മനോഭാവത്തിൽ, സിനഡിനിടെ നടത്തിയ വിചിന്തനങ്ങളുടെയും, വിവേചനങ്ങളുടെയും ഫലങ്ങൾ മുഴുവൻ ദൈവജനവുമായും പങ്കുവെക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പാ ഈ അന്തിമ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തിമ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടേറിയറ്റ് ക്രമേണ പുറത്തുവിടുന്നത് തുടരും.
അന്തിമ റിപ്പോർട്ടിൽ മൂന്ന് ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് അഞ്ചാം നമ്പർ പഠന സംഘത്തിന്റെ ചരിത്രത്തിന്റെയും അതിന്റെ പ്രവർത്തന രീതിയുടെയും ഒരു ഹ്രസ്വ വിവരണം ഉൾക്കൊള്ളുന്നു. രണ്ടാം ഭാഗം സിനഡൽ പഠനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വിഷയങ്ങളുടെ യുക്തിസഹമായ ഒരു സംഗ്രഹം അവതരിപ്പിക്കുന്നു.
അവസാനമായി, മൂന്നാം ഭാഗത്തിൽ, പഴയനിയമത്തിലെയും പുതിയനിയമത്തിലെയും സ്ത്രീ വ്യക്തിത്വങ്ങൾ, സഭാ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ത്രീ വ്യക്തിത്വങ്ങൾ, സഭാ നേതൃത്വത്തിൽ ഉള്ള സ്ത്രീകളുടെ സമകാലിക സാക്ഷ്യങ്ങൾ, മരിയൻ തത്വവും പെട്രൈൻ തത്വവും: ഒരു നിർണായക വീക്ഷണം, സഭാപരമായ അധികാരങ്ങൾ, സഭയുടെ ജീവിതത്തിലും നേതൃത്വത്തിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പയുടെയും, ലിയോ പതിനാലാമൻ പാപ്പയുടെയും കാഴ്ചപ്പാടുകളും സംഭാവനകളും എന്നിങ്ങനെ ആറു വിഭാഗങ്ങൾ വിവരിച്ചിരിക്കുന്നു.
ഉയർന്നുവന്ന ഉള്ളടക്കം മൂർത്തമായ ദിശാസൂചനകളിലേക്കും തീരുമാനങ്ങളിലേക്കും പ്രക്രിയകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നതിന്, അന്തിമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പ്രവർത്തന നിർദ്ദേശങ്ങൾ തയ്യാറാക്കാനും, തിരഞ്ഞെടുപ്പുകളുടെയും, അസ്വീകാര്യമായ ഘടകങ്ങളുടെയും പട്ടിക തയ്യാറാക്കുവാനും പാപ്പാ, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിനോടും, ബന്ധപ്പെട്ട ഡിക്കസ്റ്ററികളോടും ആവശ്യപ്പെട്ടു.
സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, അത് സമർപ്പിച്ച പഠന സംഘങ്ങൾ അവരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം അവസാനിപ്പിക്കുകയും അതിനാൽ പിരിച്ചുവിട്ടതായി കണക്കാക്കുകയും ചെയ്യും.
