നെയ്യാറ്റിൻകര: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ അവസരത്തില്‍ തന്നെ 57-ാം റാങ്ക് നേടി തിരുവനന്തപുരം നെയ്യാറ്റിൻകര നരുവാമൂട് സ്വദേശിനിയായ ജെ.എസ് ശ്രീജ. നെയ്യാറ്റിൻകര അമ്മാനിമല ക്രിസ്തുരാജ ഇടവകഅംഗമായ, കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് എത്തുന്നത്.
കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സര്‍വീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. 15-ാം റാങ്കും ഇന്ത്യന്‍ ഫോറിന് സര്‍വീസുമാണ് സ്വപ്നമെന്നാണ് ശ്രീജ തന്റെ മുറിയുടെ ഭിത്തിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇല്ലായ്മകളുടെ നടുവിലും പഠനത്തിന് കുറവുകള്‍ വരുത്താതെ മാതാപിതാക്കള്‍ നല്കിയ പിന്തുണയും പ്രചോദനവുമാണ് തന്റെ വിജയത്തിനു പിന്നിലെന്നു ശ്രീജ പറഞ്ഞു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, മലയാളിയായ ഹരിത വി. കുമാറിന് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് ശ്രീജയുടെ മനസിലും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വളര്‍ന്നത്. അന്ന് അമ്മയോട് ചോദിച്ചാണ് സിവില്‍ സര്‍വീസിനെ പറ്റി മനസിലാക്കിയത്. അന്ന് ഐഎഎസ് ആയിരുന്നു ആഗ്രഹം. കോളജില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ പഠിച്ചപ്പോള്‍ ഡിപ്ലോമസി ഇഷ്ടമായി. അതോടെ ഐഎഫ്എസിനോടായി ഇഷ്ടക്കൂടുതലെന്നും ശ്രീജ പറഞ്ഞു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തു എന്നാണ് അമ്മ ഷീജ കുമാരി മകളുടെ നേട്ടത്തെ പറ്റി പറഞ്ഞത്.

