എറണാകുളം: എറണാകുളം ലൂർദ് ആശുപത്രിയിൽ വനിതാദിനാഘോഷം കരീനോ 26 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്റ്റാഫംഗങ്ങൾക്കായി സെൽഫ് കെയർ, സെൽഫ് എസ്റ്റീം, സെൽഫ് ലൗ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗഹൃദ ചർച്ച സംഘടിപ്പിച്ചു. ലൂർദ് ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലുള്ള സ്ത്രീകൾക്കായി വനിതാ സംഗമവും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രിയ്ക്കും ആരോഗ്യ മേഖലയ്ക്കും വനിതകൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഈ വർഷത്തെ വനിതാദിനത്തിന്റെ ആപ്തവാക്യമായ “ഗിവ് റ്റു ഗെയിൻ” ലൂർദ് ആശുപത്രിയുടെ ആശയങ്ങളുമായി ഇഴചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലൂർദ് ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ പ്രവീണ എലിസബത്ത് ജോസഫ്, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. റിങ്കു തരേസ ജോസ്, ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. ജിൻസി ജോൺ അമ്പലത്തിങ്കൾ, ഡോ. വിനീത വി. ജോസ്, ഡോ. മനു എൻ.എ. ഡോ. കാർത്തിക ചങ്ങരത്ത് ഡോ. പ്രബിൻ പി. ദേവ്, ഡോ. സിബി കെ.ആർ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരായ ദിവ്യ അജയ്, സിസ്റ്റർ ഡോ. ഷിബി, ശ്രീ. ജെയ്സൺ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസീസ്, ഫാ. ആൻ്റണി റാഫേൽ കൊമരംചാത്ത് ഹ്യൂമൻ റിസോഴ്സ് മാനേജർ ശ്രീമതി അന്ന സിജി ജോർജ് എന്നിവർ സംസാരിച്ചു.
പരിപാടികളുടെ ഭാഗമായി സ്ത്രീസുരക്ഷയെ ആസ്പദമാക്കി മൈം , പോട്ട്ലക്ക് എന്ന പേരിൽ ഫുഡ് ഫെസ്റ്റിവൽ, ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ സൂംമ്പാ ഡാൻസ്, ജീവനക്കാർ അവതരിപ്പിച്ച കലാവിരുന്ന്, ഫ്ലാഷ് മോബ് എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. ഡോക്ടർമാർ ആശുപത്രി ജീവനക്കാർ രോഗികൾ കൂട്ടിരിപ്പുകാർ ലൂർദ് ആശുപത്രി അഭ്യുദയകാംക്ഷികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

