തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. വ്യക്തമായ പഠനമില്ലാതെ 2016 ഫെബ്രുവരി 27-ന് പുറപ്പെടുവിച്ച സർക്കുലർ കാരണം താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്ന് ലത്തീൻ കത്തോലിക്കർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജസ്റ്റിസ് (റിട്ട) ജെ. ബി. കോശി കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കമ്മീഷൻ റിപ്പോർട്ടിലെ ഖണ്ഡിക 8.76 (g)-ൽ ഉൾപ്പെടുത്തിയ ശിപാർശ അംഗീകരിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.പുതിയ ഉത്തരവനുസരിച്ച്, ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വ്യക്തിയുടെയോ അവരുടെ മാതാവിന്റെയോ പിതാവിന്റെയോ ലത്തീൻ കത്തോലിക്കാ സമുദായ അംഗത്വം തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് അനുവദിക്കണം. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക.ഇതുവരെ ലത്തീൻ കത്തോലിക്കാ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിച്ചിരുന്ന 1947 എന്ന വർഷം ഇനി മാനദണ്ഡമായി കണക്കാക്കേണ്ടതില്ല എന്നതും പുതിയ ഉത്തരവിൽ വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്.
കേരള ലാറ്റിൻ കത്തോലിക് കൗൺസിലിന്റെയും കെആർഎൽസിസിയുടെയും നിരന്തരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് കോശി കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. കമ്മീഷന്റെ വിവിധ സിറ്റിങ്ങുകളിൽ ലത്തീൻ കത്തോലിക്ക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുത്തിരിക്കുന്നത്.

