പയ്യന്നൂര്‍: ദൈവവും മനുഷ്യരുമായി രമ്യപ്പെടാനുള്ള അവസരമാണിതെന്നും ദൈവാനുഗ്രഹത്തിന്റെ നീരുറവകളായി മാറിയ മൊന്തനാരിയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുന്നത് സ്വര്‍ഗീയ അനുസ്മരണമായി മാറുമെന്നും കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി. ഏഴിമലയിലെ ഫാ.ജെയിംസ് മൊന്തനാരി സമാധിയില്‍ നടന്ന 52-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മൊന്തനാരിയച്ചന്റെ ദൈവസ്പര്ശനമുളവാക്കിയുള്ള അനുഭവങ്ങളുള്ളവരേറെയാണ്. കുടിയേറ്റ ജനതയുടെ ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി മലകളെ ജീവന്റെ ഉറവിടങ്ങളായി കണ്ടെത്തുകയായിരുന്നു. യേശുവിന് മരുഭൂമിയിലുണ്ടായതുപോലെയുള്ള പ്രലോഭനങ്ങളെ അതിജീവിച്ചാണ് ദൈവാനുഭവങ്ങളുടെ ഉയരങ്ങളിലേക്ക് മൊന്തനാരിയച്ചന് ജനങ്ങളെ കൂട്ടിക്കൊണ്ടു പോയത്. കഠിനാധ്വാനത്തിലൂടെയാണ് ഏഴിമലയില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചതെന്നും അച്ചന്റെ സേവനങ്ങള്‍ മറക്കാന്‍ പറ്റാത്തതിനാലാണ് 52 വര്‍ഷമായിട്ടും അച്ചന്റെ കബറിടത്തില്‍ വിദൂരങ്ങളില്‍നിന്നുപോലും പ്രാര്‍ഥിക്കാനായി ആളുകളെത്തുന്നതെന്നും ബിഷപ് പറഞ്ഞു.യുദ്ധക്കെടുതികള്ക്കിരയാവര്ക്കായി പ്രത്യേകം പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ദിവ്യബലിയര്‍പ്പിച്ചത്.
മൊന്തനാരി സമാധിയില്‍ സ്മരണാഞ്ജലിയും തുടര്‍ന്ന് സ്നേഹവിരുന്നുമുണ്ടായി. മൊന്തനാരിയച്ചന്റെ സ്നേഹ സേവനഫലമനുഭവിച്ചവരും നേവല്‍ അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ട് വിവിധയിടങ്ങളില്‍ താമസിക്കുന്നവരുമായ നൂറ് കണക്കിന് വിശ്വാസികളുമെത്തിയപ്പോള് മൊന്തനാരിയച്ചന്റെ അനുസ്മരണവേദി ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ സംഗമമായി മാറുകയായിരുന്നു.


