ന്യൂഡൽഹി: മധ്യപൂർവദേശത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളും അസ്ഥിരതയും മുൻനിർത്തി, ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻമാരുടെ കൂട്ടായ്മയായ ഭാരത ലത്തീൻ കത്തോലിക്ക സമിതി (സി സി ബി ഐ )യുടെ പ്രസിഡന്റ കർദിനാൾ ഫിലിപ്പ് നേരി ഫെറവോ ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക സഭാംഗങ്ങളെ സമാധാനത്തിനായി ഏകമനസ്സോടെ പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.
ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, പുരോഹിതർ, ഡീക്കൻമാർ, സമർപ്പിതർ, വിശ്വാസികൾ എന്നിവർക്ക് അയച്ച സർക്കുലറിൽ, രാജ്യത്തുടനീളം സഭ മാർച്ച് 8, 2026 ഞായറാഴ്ച ‘സമാധാനദിനം’ ആയി ആചരിക്കണമെന്നും വിശുദ്ധ കുർബാന ആഘോഷത്തിനിടെ പ്രത്യേക അഭ്യർത്ഥനകൾ സമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രത്യേകിച്ച് ഇറാനും അയൽരാജ്യങ്ങളും ഉൾപ്പെട്ട വർധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ച് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, യുദ്ധവും അസ്ഥിരതയും മനുഷ്യകുടുംബത്തിന് ഉണ്ടാക്കുന്ന അത്യന്തം വേദനയും ദുരിതവും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഘർഷങ്ങൾ മനുഷ്യരാശിയെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.മധ്യപൂർവദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അനേകം ഇന്ത്യൻ പൗരന്മാരെ കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇവരിൽ പലരും നാട്ടിലെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും സഭക്കും രാജ്യത്തിനും ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നവരാണ്. “ഈ അനിശ്ചിതത്വത്തിന്റെ വേളയിൽ, അവരെ പ്രത്യേകമായി കർത്താവിന്റെ സംരക്ഷണത്തിന് ഏല്പിക്കുന്നു,” എന്ന് സന്ദേശത്തിൽ പറയുന്നു. അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മാർച്ച് 8 മുതൽ 14 വരെ ഓരോ ദിവസവും വിശുദ്ധ ജപമാല ചൊല്ലി സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളെ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിലൂടെ ഐക്യം, സംവാദം, നീതിയുക്തമായ പരിഹാരം എന്നിവ ലഭിക്കണമെന്ന് പ്രാർത്ഥിക്കണമെന്നും നിർദ്ദേശിച്ചു.കൂടാതെ, മാർച്ച് 13 വെള്ളിയാഴ്ച ഉപവാസവും പ്രാർത്ഥനയും ആചരിച്ച് ലോകസമാധാനത്തിനും അതിക്രമങ്ങളും സംഘർഷങ്ങളും ബാധിച്ച എല്ലാവരുടെയും സുരക്ഷയ്ക്കുമായി തങ്ങളുടെ ത്യാഗം സമർപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 8-നുള്ള വിശുദ്ധ കുർബാനകളിൽ വിശ്വാസികളുടെ പ്രാർത്ഥനയിൽ പ്രത്യേക അഭ്യർത്ഥനകൾ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. നിരപരാധികളായ ജീവൻകളുടെ സംരക്ഷണത്തിനും ലോകനേതാക്കൾക്കു ജ്ഞാനവും സംയമനവും ലഭിക്കണമെന്നും പ്രാർത്ഥിക്കണം. കൂട്ടായ പ്രാർത്ഥനയും അനുതാപവും ഐക്യദാർഢ്യവും വഴി ഹൃദയപരിവർത്തനം സംഭവിക്കട്ടെ സമാധാനം വിജയം കൈവരിക്കട്ടെ എന്ന പ്രത്യാശയും കർ ദി നാൾ പ്രകടിപ്പിച്ചു.

