ന്യൂഡൽഹി: യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരിന്റെ നിർണായകനീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും പങ്കെടുക്കും.
കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം ഓസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തുന്നത്. ഓർത്തഡോക്സ് സഭ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിട്ടില്ലെന്ന് സഭാ അധികൃതർ പറഞ്ഞു.
ട്വന്റി 20 എൻ.ഡി.എ. മുന്നണിയിലേക്ക് വന്നതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കരസഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ടിടപെടുന്നത്. ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് മുൻകൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി അദ്ദേഹം മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായും അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഇടപെടൽ കഴിഞ്ഞദിവസം ചേർന്ന യാക്കോബായ സഭാ വർക്കിങ് കമ്മിറ്റിയും ചർച്ചചെയ്തു.

