ഡോ. ഗാസ്പര്‍ സന്യാസി
മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!
ഇത്രയധികം സഹകരണമുളള മദ്യ ഉപഭോക്താക്കളുള്ള നാട്ടില്‍ നിന്ന് സ്വന്തമായി ഒരു ബ്രാന്ഡില്ലാതിരിക്കുക – ഹോ! ചിന്തിക്കാന വയ്യ!ആ നാണക്കേടിതാ ഒഴിവാക്കിയിരിക്കുന്നു. ‘മിന്നല്‍ മാജിക്ക്’ ബ്രാന്‍ഡ്നെയിം ആയി, കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി പുറത്തെത്തുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണമെന്ന് ചോദിക്കാതെ തന്നെ, പാതിരാവ് വരെ ഒട്ട്ലെറ്റ് തുറന്നുവയ്ക്കാനുള്ള ഉത്തരവും എത്തിയിരിക്കുന്നു. ആനന്ദമെന്നല്ല;പരമാനന്ദമെന്നല്ലാതെ എന്തുപറയാന്‍!
ഒരു സമൂഹത്തിന്റെ രോഗാതുരതയായി മാറിയ ബലഹീനതയെ പരമാവധി ചൂഷണം ചെയ്യുക, അതില്‍ നിന്നും സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സ് കണ്ടെത്തുക. ഇതില്‍പ്പരം നാണക്കേടു തോന്നുന്ന കാര്യങ്ങള്‍ കുറവുതന്നെ. കലാകാരനാട്യങ്ങളും ബുദ്ധിജീവി ചമയലുകളും കൊണ്ട് പണ്ടേ വെളിവില്ലാതായി, കീറിപ്പറിഞ്ഞ നാടിനെ വീണ്ടും മദ്യത്തില്‍ മുക്കിപ്പിഴിയാനുള്ള ഏതു ശ്രമവും ലജ്ജാവഹമാണ്. ആരെയും കുടിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ! പിന്നെ ആര്‍ക്ക് എന്തു പ്രശ്നമാണുള്ളത് എന്നാണ് ചോദ്യം. സര്‍വതന്ത്ര സ്വതന്ത്രമായ പൗരബോധത്തെപ്പറ്റിയാണ് വര്‍ത്തമാനം.
അങ്ങനെയൊരു സ്വതന്ത്രബോധമില്ലെന്നും, അങ്ങോട്ടു വളയാനും ഇങ്ങോട്ടു തിരിയാനും തയ്യാറായി നില്ക്കുന്ന സാധാരണ ബോധങ്ങളേയുള്ളൂവെന്നും ആര്‍ക്കാണറിയാത്തത്? അതും, സാമൂഹ്യമാധ്യമങ്ങള്‍ മനുഷ്യബോധത്തെയും ബോധ്യങ്ങളെയും തലങ്ങും വിലങ്ങളും വലിച്ച് വടംവലിയിലേര്പ്പെടുന്ന കെട്ടകാലമാണ്. യുവജനസമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന സിനിമാ സങ്കല്‍പ്പത്തിന്റെ വിജയഫോര്‍മുലകളില്‍ ഇന്നും പ്രധാനം (എന്നും) കള്ളുകുടി രംഗങ്ങള്‍തന്നെയാണ്. (മയക്കുമരുന്നും പുകവലിയും വേറെ ലെവലില്‍ സാന്നിധ്യമറിയിക്കുന്നുമുണ്ട്).
ഏലി ദ ആയാലും ആല്ഫയായാലും ബീറ്റയായാലും, ആരുടെ വൈബ് ആയാലും, കള്ളുകുടിയുടെ ഗ്രാഫ് മേല്‍പ്പോട്ടുതന്നെ. ഫെസ്റ്റിവല്‍ സീസണുകളിലെ ആഘോഷമാക്കുന്ന കള്ളുകുടി കണക്കുകള്‍ പത്രങ്ങള്‍ നിരത്തുന്നത് നമ്മുടെ മുന്നിലുണ്ടല്ലോ.
എന്തിനും ഏതിനും അടിച്ചു പൂക്കുറ്റി ചിതറും പോലാകാന്‍ നില്‍ക്കുന്നവരെ തലോടി പ്രോത്സാഹിപ്പിക്കുന്ന നയം ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.മലബാറിന്റെ മിസ്റ്ററിയും ഹിസ്റ്ററിയും ലഹരിയും മദ്യമല്ലെന്ന് മിന്നല്‍ വേഗത്തില്‍ നാം തിരിച്ചറിഞ്ഞത് രാഷ്ട്രീയമായി ഏതായാലും നന്നായി. അല്ലെങ്കില്‍ വടക്കന്‍ കേരളത്തിന്റെ സംസ്ക്കാരമുദ്ര കള്ളുകുടിയാണെന്ന് മാലോകര്‍ തെറ്റിദ്ധരിച്ചേനേ.
മലബാറിന്റെ സംസ്കൃതിയില്‍ ലയിച്ചുകിടക്കുന്ന മഹാരഹസ്യങ്ങള്‍ കണ്ടെടുക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ശേഷിയില്ലാതായിട്ടുണ്ടാകാം. കേരളത്തിന്റെ പുത്തന്‍ ബ്രാന്‍ഡിന് പേരു കൊടുക്കാന്‍ മത്സരം കൊണ്ടുവന്ന മഹത്തുക്കളാണ് വകുപ്പുകള്‍ ഭരിക്കുന്നത്. ‘മലബാര്‍’ എന്ന വാക്കിലെ ‘ബാര്‍’ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള ‘ബാര്‍’ ആണെന്ന് ധരിച്ചുവശായ മഹാജ്ഞാനികള്‍ അക്കൂട്ടരിലുണ്ടോ ആവോ?
നവമാധ്യങ്ങളിലെ ആഘോഷക്കമ്മിറ്റിക്കാര്‍ പുത്തന്‍ മദ്യസമീപനത്തെ ആഘോഷമാക്കിക്കൊണ്ടിരിക്കേ, ഇതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം എന്നാലോചിച്ച് എം.എ ക്ലാസിലെ വിദ്യാര്‍ഥിനി – വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ചെന്നതാണ്. എന്നെ ഞെട്ടിച്ചുകൊണ്ട് ചര്‍ച്ചയ്ക്കായി പ്രതീക്ഷിക്കാത്ത ഒരു വിഷയം ഉയര്‍ന്നുവന്നു. മാഷേ, ഞങ്ങളെയൊക്കെ അടിച്ചു കിടത്താനാണോ പുത്തന്‍ ബ്രാന്‍ഡുമായി നമ്മുടെ ഗവണ്മെന്റ് എത്തുന്നത്? ഇവിടത്തെ യുവജനങ്ങളെല്ലാം കള്ളുകുടിയന്മാരാണെന്ന് സര്‍ക്കാരങ്ങ് തീരുമാനിച്ചോ? ഞങ്ങള്‍ക്കുവേണ്ടത് സമാധാനവും തൊഴിലുമാണ്.
കള്ളും പുതിയ കള്ളുകുടി സമയവുമല്ല. എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോയി! എന്തു പറയാനാണ്? ഞാനും കരുതി, പുതിയകാല ജനറേഷനെല്ലാം ലഹരിയിലേക്ക് ചായുന്നവരാണെന്ന്. എന്റെ പിഴ!അവരുടെ രാഷട്രീയ സങ്കല്പ്പനങ്ങളെ സമൂഹമാധ്യമക്കണ്ണുകളിലൂടെ നോക്കിയാണ് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. അങ്ങനെയല്ലാ കാര്യങ്ങള്‍ എന്ന് അടിത്തട്ടില്‍ നിന്നുള്ള സ്വരങ്ങള്‍ പറയുന്നു.
പിന്നെ ആര്‍ക്കുവേണ്ടിയാണ് വഴിപിഴയ്ക്കുന്നഅവബോധങ്ങള് നമ്മള് പടച്ചുവിടുന്നത്. ആര്‍ക്കുവേണ്ടിയാണ് നമ്മള് ജീര്‍ണതകളെ ആഘോഷമാക്കുന്നത്. എല്ലാ ചോദ്യങ്ങളും ഉത്തരവുമായി തിരിച്ചെത്തുന്നില്ല. വേറിട്ട സ്വരങ്ങള്‍ ഒറ്റപ്പെട്ടവയല്ല. അത് വിമതവുമല്ല. അത് ബദലിന്റെ നിലപാടാണ് – ബദല്‍ സംസ്കാര മുദ്രകള്‍ നാളെ ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷയുടെ നാളം ഇപ്പോഴും കെടാതെ കത്തുന്നു.——————-

