യഹൂദമതത്തിലും ക്രിസ്തുമതത്തിലും പുളിപ്പില്ലാത്ത അപ്പത്തിന് ചരിത്രപരമായ പ്രതീകാത്മക പ്രാധാന്യമുണ്ട്. പുറപ്പാട് 12: 18 -ല്‍ കല്‍പ്പിച്ചതുപോലെ, യഹൂദന്മാരും ക്രിസ്ത്യാനികളും പെസഹാ ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പങ്ങള്‍ കഴിക്കുന്നു. യഹൂദ വിശുദ്ധ ഗ്രന്ഥമായ തോറ പ്രകാരം , ‘ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിപ്പുള്ള മാവ് കാണരുത്: ആരെങ്കിലും പുളിപ്പുള്ളതു ഭക്ഷിച്ചാല്‍, ആ ആത്മാവിനെ പോലും, അവന് പരദേശിയായാലും നാട്ടില്‍ ജനിച്ചവനായാലും, ഇസ്രായേല്‍ സഭയില്‍ നിന്ന് ഛേദിച്ചുകളയും’ എന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
‘പുളിപ്പ്’ എന്നതിന്റെ ഹെബ്രായ പദം ഹാമെറ്റ്സ് ആണ്. ലോകമെമ്പാടുമുള്ള വിശ്വാസികളായ ജൂതന്മാര് അവരുടെ ഭവനങ്ങളുടെ പരിസരത്ത് നിന്ന് എല്ലാ ഹാമെറ്റ്സും പെസഹാനാളില്‍ നീക്കം ചെയ്യും. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാള്‍ അല്ലെങ്കില്‍ ഹാഗ് ഹാമാറ്റ്സോട്ട് (ഹാഗ് ഹാ-മഹ്ത്-സോട്ട്) പെസഹാ ആഴ്ചയില്‍ ആചരിക്കുന്ന പ്രത്യേക തിരുന്നാളാണ്. പെസഹാ ആഘോഷത്തിന്റെ എട്ട് ദിവസങ്ങളില്‍ കഴിക്കുന്ന അപ്പമാണ് മാറ്റ്സ. എണ്ണ ഉപയോഗിക്കാതെ മാവും വെള്ളവും മാത്രം ഉപയോഗിച്ച് വേഗത്തില്‍ ചുട്ടെടുക്കുന്ന ഏറ്റവും ലളിതമായ അപ്പമാണിത്. ഈജിപ്തില്‍ നിന്നുള്ള ഇസ്രായേല്യരുടെ തിടുക്കത്തിലുള്ള യാത്രയെ അനുകരിക്കാന്‍ ഇത് ഉപയോഗിക്കുന്നു. തോറ, മാറ്റ്സയെ ‘കഷ്ടതയുടെ അപ്പം’ എന്ന് വിശേഷിപ്പിക്കുന്നു.
യഹൂദരുടെ പെസഹ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് മാറ്റ്സ മുറിക്കല്‍. കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മാറ്റ്സ എടുത്ത് രണ്ടായി പൊട്ടിച്ച് ഒരു പകുതി തിരികെ വയ്ക്കുന്നു. മറ്റേ പകുതി ഒരു വെളുത്ത ലിനന്‍ തൂവാലയില്‍ പൊതിഞ്ഞ് ഒളിച്ചുവയ്ക്കുന്നു. അത്താഴത്തിന്റെ അവസാനം ഈ അപ്പത്തിന്റെ ശേഷിച്ച ഭാഗം കണ്ടെത്താന്‍ കുട്ടികളെ അയക്കുന്നു. അത് കണ്ടെത്തുന്ന കുട്ടിക്ക് പണമോ മധുരപലഹാരങ്ങളോ സമ്മാനിച്ച് അപ്പം വീണ്ടെടുക്കുന്നു. ആ അപ്പം ചെറിയ കഷണങ്ങളായി വിഭജിച്ച് മേശയ്ക്കു ചുറ്റും ഇരിക്കുന്ന എല്ലാവര്ക്കും ഒരു ചെറിയ കഷണം വീതം വിതരണം ചെയ്യുന്നു. പെസഹാ വ്യാഴാഴ്ച രാത്രിയില്‍ പെസഹാ അപ്പം വീട്ടിലെ മുതിര്‍ന്നയാള്‍ മുറിച്ച് മറ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് ക്രൈസ്തവപാരമ്പര്യത്തിലുമുണ്ട്.
ബൈബിളില്‍ പുളിപ്പ് പലപ്പോഴും ദുഷ്ടതയുടെയോ ദുഷ്ട സ്വാധീനത്തിന്റെയോ പ്രതീകമായി കാണപ്പെടുന്നു. സ്വാദിഷ്ടമായ അപ്പം ഉണ്ടാക്കാന്‍ ആവശ്യമായ മാവുണ്ടാക്കാനായി അതില്‍ ചേര്‍ക്കുന്ന യീസ്റ്റിനെയാണ് പുളിമാവെന്ന് പറയുന്നത്. ”പുളിപ്പ്” എന്നത് അഴുകുകയോ പുളിക്കുകയോ ചെയ്യാന്‍ അനുവദിച്ച ഒരു അവശിഷ്ടമായ മാവിന്റെ ഒരു ഭാഗമാണ്. അത് കേടാകുകയോ പുളിപ്പിക്കുകയോ ചെയ്യുമ്പോള്‍, വായുവില്‍ നിന്നുള്ള യീസ്റ്റ് (ഒരു ഫംഗസ്) അതില്‍ പതിക്കുകയും അതില്‍ പെരുകുകയും ചെയ്യുന്നു. ”കേടായ” മാവിന്റെ ഈ അവശിഷ്ടം അടുത്ത ദിവസത്തെ മാവില്‍ ചേര്‍ക്കുന്നു. ശാരീരികമായും ആത്മീയമായും ധാര്‍മ്മികമായും അഴുകുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന ഏതൊരു വസ്തുവിനെയും പുളിപ്പ് സൂചിപ്പിക്കുന്നു.
‘നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിമാവിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.’
(മര്‍ക്കോസ് 8:15).
പുരോഹിതന്മാരുടെയും പരീശന്മാരുടെയും ദോഷകരമായ ഉപദേശങ്ങളെ പുളിമാവിനോട് ഉപമിച്ച യേശു, മറ്റൊരര്‍ത്ഥത്തില്‍ അത് വിനാശകരമായ ഒന്നാണെന്നാണ് പറഞ്ഞു വെക്കുന്നതാണ് മേലേ പറഞ്ഞ തിരുവചനം. പാപവും കാപട്യവും നിറഞ്ഞ മതനേതാക്കളുടെ ഉപദേശത്തെക്കുറിച്ചാണ് അവന് സംസാരിക്കുന്നതെന്ന് ശിഷ്യന്മാര്ക്ക് മനസ്സിലായില്ല. യേശു തന്റെ അനുയായികള്‍ വ്യത്യസ്തരും വിശുദ്ധരുമായിരിക്കണമെന്ന് ആഗ്രഹിച്ചു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാളിന് ഒരു പൂര്‍വ്വ സ്മരണയുണ്ടെന്ന് ഡി. ബാബു പോള്‍ തന്റെ വേദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശത്തില്‍ പറഞ്ഞിട്ടുണ്ട്. അതിപ്രകാരമാണ്. ‘ആബീബ് (മാര്‍ച്ച് – ഏപ്രില്‍)മാസം 15 മുതല്‍ 7 വരെ ആചരിച്ചിരുന്ന കൊയ്ത്തുത്സവം’ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാള്‍ പെസഹയുടെ ഓര്‍മ്മയാണെന്ന് പഴയ നിയമത്തിലെ പുറപ്പാട് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍ നിന്നും പുറത്തു കൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. (12:17).
ഈജിപ്തില്‍ നിന്നുള്ള യഹൂദരുടെ മോചനത്തിനായി മോശ ഫറവോനെ സമീപിക്കുമ്പോഴൊക്കെ, തങ്ങളുടെ ദൈവത്തിന് ആരാധനയര്‍പ്പിക്കാന്‍ കാനാവിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായല്ലോ.. തങ്ങള്‍ അടിമകളായി കണക്കാക്കി സകലവിധ ചൂഷണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിരുന്ന യഹൂദ ജനത രാജ്യം വിട്ടുപോയാല്‍ ഈജിപ്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന മാനുഷികബുദ്ധിക്ക് അടിമപ്പെട്ട്, ഓരോ തവണയും നല്കിയ അനുവാദം സ്വയം പിന്‍വലിച്ച ഫറവോ ഉഗ്രമായ ദൈവകോപത്തിന് ഇരയാകുന്നതിന്റെ ചരിത്രം പുറപ്പാടില്‍ വായിക്കാം.
നൈല്‍ നദി രക്തവര്ണ്ണമാക്കുക, രാജ്യമെങ്ങും തവളകളും പേനും ഈച്ചകളും പെരുകുക, മൃഗങ്ങള്‍ ചത്തൊടുങ്ങുക, ഈജിപ്തുകാരില്‍ വൃണങ്ങള്‍ ബാധിക്കുക, കല്മഴ വര്‍ഷിക്കുക, കിഴക്കന്‍ കാറ്റിനൊപ്പം വെട്ടുകിളികള്‍ വ്യാപിക്കുക, അന്ധകാരത്തിലാക്കുക… എന്നിങ്ങനെ.
അതിന് മുമ്പ് ഒമ്പത് തവണയാണ് ദൈവം ഫറവോനെയും ഈജിപ്തുകാരെയും ശിക്ഷിച്ചത്. പോകാന്‍ അനുവാദം നല്‍കിക്കൊണ്ട് ഓരോ ശിക്ഷയും ഒഴിവാകുന്നതോടെ ഫറവോ വാക്ക് മാറും.
അപ്പോഴാണ് പത്താമത്തെ ശിക്ഷ വരുന്നത്. ഈജിപ്തുകാരുടെയും അവരുടെ മൃഗങ്ങളുടെയും കടിഞ്ഞൂല്‍ സന്താനങ്ങളെല്ലാം സംഹരിക്കപ്പെട്ടു… ഫറവോയുടെ കൊട്ടാരത്തില്‍ പോലും ആ അത്യാഹിതം സംഭവിച്ചു. ദൈവം മോശയോട് പറഞ്ഞുറപ്പിച്ച പ്രകാരം കട്ടിളപ്പടിയില്‍ ഒരു വയസ്സ് പ്രായമുള്ളതും ഊനമറ്റതുമു കുഞ്ഞാടിന്റെ രക്തം പൂശിയ യഹൂദരുടെ വീടുകളില്‍ സംഹാരദൂതന്‍ കയറിയില്ല.
മിസ്രയിം (ഈജിപ്തിന്റെ മറ്റൊരു പേര്) അക്ഷരാര്‍ത്ഥത്തില്‍ ചാവ് നിലമായി.
പേടിച്ചരണ്ട ഫറവോ അപ്പോള്‍ ആ രാത്രി തന്നെ അവരെ പോകാന്‍ അനുവദിച്ചു. യാത്രയ്ക്കൊരുങ്ങിയ ജൂതന്മാര്, പിറ്റേന്ന് ചുട്ടെടുക്കാന്‍ വച്ചിരുന്ന അപ്പത്തിന്റെ മാവ് പുളിക്കുന്നതിന് മുമ്പ് തന്നെ അതുപയോഗിച്ച് അപ്പോള്‍ തന്നെ അപ്പമുണ്ടാക്കി കഴിക്കുകയും കൈകളില്‍ കരുതുകയും ചെയ്തു. ഇതാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ ചരിത്രം.
പഴയ നിയമത്തില്‍ ‘മൂന്ന് അപരിചിതര്‍’ക്കായി സാറാ പുളിപ്പില്ലാത്ത അപ്പം ചുട്ടു (ഉല്പത്തി 18.6), ലോത്ത് രണ്ട് ദൂതന്മാര്ക്ക് വേണ്ടിയും (ഉല്പത്തി 19.3).
ജൂത സമൂഹം പെസഹാ ഭക്ഷിക്കുമ്പോള്‍ അപ്പത്തോടൊപ്പം തന്നെ കയ്പുള്ള ഇലകളും വിളമ്പുന്ന രീതിയുണ്ട്. കയ്പും യാതനകളും അപമാനവും നിറഞ്ഞ പൂര്‍വ്വകാലത്തിന്റെ ഓര്‍മ്മയായിട്ടാണ് കയ്പ് ഇലകളെ അവര്‍ കാണുന്നത്.
(ഫാ. വര്‍ഗീസ് പൗലോസിന്റെ സുവിശേഷ സാരം എന്ന ഗ്രന്ഥത്തോടും കടപ്പാട് )
——————

