വത്തിക്കാൻ : 2026 -ഇൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ അപ്പസ്തോലിക യാത്രകൾക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2025.ലെ ജൂബിലിക്കും, തുർക്കിയിലേക്കും ലെബനനിലേക്കും പാപ്പാ അപ്പസ്തോലിക യാത്രകൾ നടത്തിയിരുന്നു.
ഈ വർഷത്തെ അപ്പസ്തോലിക യാത്രകളിൽ ഏറ്റവും ആദ്യത്തേത്, മൊണാക്കോയിലേക്ക് ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന യാത്രയായിരിക്കും. വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28-ന് നടക്കുന്ന ഈ യാത്ര, ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നൽകിയ ക്ഷണത്തിന് മറുപടിയായാണ് നടക്കുക. കത്തോലിക്കാമതം രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യൻ രാജ്യമാണ് മൊണാക്കോ. സമാധാനത്തിനായുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്ന മൊണാക്കോയിലേക്ക് അടുത്തിടെ ആദ്യമായാണ് ഒരു പാപ്പാ യാത്ര ചെയ്യുന്നത്.
അതേസമയം 2026-ലെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയത്, ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന യാത്രയാണ്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും ഈ യാത്രകൾ. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പാപ്പാ സന്ദർശിക്കുക.
പത്രോസിന്റെ പിൻഗാമിയുമായി ബന്ധമുള്ള വിശുദ്ധ അഗസ്റ്റിന്റെ കാൽപ്പാടുകൾ പിഞ്ചെന്നുള്ള ഈ യാത്രയിൽ, സമാധാനവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. വടക്കൻ കാമറൂണിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കപ്പെടുന്ന ചില ഭാഗങ്ങളിൽ കഴിഞ്ഞ പത്തുവർഷങ്ങളോളമായി ആഭ്യന്തരയുദ്ധം തുടരുന്നുണ്ട്. ഈ യാത്രയുടെ അവസാനപാദമായ ഇക്വറ്റോറിയൽ ഗിനിയിൽ സ്പാനിഷ് ഭാഷയാണ് സംസാരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾ കൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
2026-ലെ മൂന്നാമത് അപ്പസ്തോലിക യാത്ര സ്പെയിനിലേക്കുള്ളതാണ്. ജൂൺ ആറ് മുതൽ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയിൽ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും. തുടർന്ന്, ബാർസലോണയിലുള്ള തിരുക്കുടുംബദേവാലയത്തിന്റെ ഭാഗമായ ഉയരമേറിയ ഗോപുരം പരിശുദ്ധ പിതാവ് ഉദ്ഘാടനം ചെയ്യും. ഈ ദേവാലയത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചതും, കഴിഞ്ഞ വർഷം ധന്യനായി പ്രഖ്യാപിക്കപ്പെട്ടതുമായ ആന്റണി ഗൗദിയുടെ മരണത്തിന്റെ നൂറാം വർഷത്തിലാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണത്തെ അപ്പസ്തോലിക യാത്രയ്ക്കുണ്ട്. സ്പെയിനിലേക്കുള്ള യാത്രയുടെ ഭാഗമായി കാനറി ദ്വീപുകളും പരിശുദ്ധ പിതാവ് സന്ദർശിക്കും. ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപൂർത്തീകരണം കൂടിയാകുന്ന ഈ സന്ദർശനത്തിൽ തെനെറീഫ്, ഗ്രാൻഡ് കാനറി എന്നിവിടങ്ങളിൽ പാപ്പാ എത്തും.
ഏറെ പ്രത്യേകതകളുള്ള മൂന്ന് അപ്പസ്തോലിക യാത്രകളാണ് പരിശുദ്ധ സിംഹാസനം നിലവിൽ അറിയിച്ചിരിക്കുന്നത്. ക്രൈസ്തവർ ന്യൂനപക്ഷമായ ഒരു ഇസ്ലാമിക രാജ്യമായ അൾജീരിയ തുടങ്ങി, ആഫ്രിക്കൻ ഭൂഖണ്ടത്തിന്റെ മദ്ധ്യത്തിൽ, ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളിലേക്ക് വരെയാണ് പാപ്പാ യാത്ര ചെയ്യുക. ലോകത്തിലെ രണ്ടാമത്തെ ചെറിയ രാജ്യത്തേക്കും, ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തുനിന്നെത്തുന്ന പാപ്പാ യാത്ര ചെയ്യും. കാനറി ദ്വീപുകൾ യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. വർഷം തോറും ആയിരക്കണക്കിന് കപ്പലുകളിലാണ് ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ ഇവിടേക്ക് എത്തുന്നത്.
