കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു.
വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും കോടതി വ്യക്തമാക്കി.
മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്ക്കരുതെന്നും ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തങ്ങളുടെ ഫോൺ നമ്പർ അടക്കമുളള വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ് വാട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നതെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.
കുറ്റക്കാരൻ മുഖ്യമന്ത്രി തന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പു നൽകിയാൽ തുടർ നടപടികൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളമുള്ള ജീവനക്കാർക്ക് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശമെത്തിയിരുന്നു. ഡിഎ പത്ത് ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നത്.
ജീവനക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിൽ നിന്നുള്ള ഡേറ്റാ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു.
ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞ ബജറ്റിൽ
പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സർക്കാർ എന്നും ഒപ്പമുണ്ടെന്നും വരും നാളുകളിലും ഈ കരുതൽ തുടരും എന്നും ആയിരുന്നു സന്ദേശം

