ന്യൂഡൽഹി: രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എട്ട് പേരെ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണത്തിന് ശ്രമിച്ചതെന്നാണ് സൂചന.
മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെ തമിഴ്നാട്ടിലെ തീരുപ്പൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണിറ്റുകളിൽ നിന്നും മറ്റ് രണ്ട് പേരെ പശ്ചിമബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ ബംഗ്ലാദേശിൽ നിന്നുള്ളയാളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൾ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ ഡൽഹി പൊലീസിന് ഉടൻ തന്നെ കൈമാറും. ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ പ്രധാന മത കേന്ദ്രങ്ങൾക്ക് സമീപം സ്ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്കർ- ഇ തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

