വാഷിംഗ്ടൺ ഡിസി: വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവർക്ക് സന്ദേശവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാൻ നോമ്പ് പ്രയോജനപ്പെടുത്തണമെന്നും, അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നും, വിഭൂതി ദിനത്തിൽ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് കുറിച്ചു. ഉത്ഥാന തിരുനാൾ ആഘോഷത്തിനായി ഹൃദയങ്ങളെ ഒരുക്കാനും നോമ്പ് കാലയളവിലെ ദിവസങ്ങൾ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
നോമ്പുകാലത്തിന്റെ വിശുദ്ധകാലം ആരംഭിക്കുമ്പോൾ ദേശീയ ചരിത്രത്തിന്റെ ആദ്യകാലം മുതൽ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ നമ്മുടെ ശക്തിയുടെ അടിത്തറയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയാണ്. വിഭൂതി ബുധനാഴ്ച, നാം യേശുക്രിസ്തുവിന്റേതാണ് എന്നതിന്റെയും നിരന്തരമായ പശ്ചാത്താപത്തിന്റെയും ഓർമ്മപ്പെടുത്തലായി ക്രൈസ്തവർ നെറ്റിയിൽ ചാര കുരിശ് വരയ്ക്കുന്നു. വിശ്വാസം ആഴപ്പെടുത്തുന്നതിനും, പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കുന്നതിനും, വരാനിരിക്കുന്ന ഉത്ഥാന തിരുനാളിനായി ഹൃദയങ്ങളെ ഒരുക്കുന്നതിനുമായി പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും ദാന ധർമ്മം ചെയ്യുന്ന വേളയാണ് ഇതെന്നും ഡൊണാൾഡ് ട്രംപ് സന്ദേശത്തിൽ കുറിച്ചു.

