മാഞ്ചസ്റ്റർ: വിശുദ്ധിയും പ്രാർത്ഥനയും ത്യാഗവും കൊണ്ട് അനേകരുടെ ഇടയിൽ ശ്രദ്ധ നേടി 21 വയസ്സുള്ളപ്പോൾ അർബുദം ബാധിച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട പെഡ്രോ ബാലെസ്റ്റർ എന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതം പൂർണ്ണമായും കർത്താവിന് സമർപ്പിച്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ചെറുപ്പക്കാരൻ വിശുദ്ധ കാർളോ അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും പോലെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തപ്പെടുമോ? നാമകരണത്തിന് മുന്നോടിയായി യുവാവിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ അടുത്തറിയുവാൻ വത്തിക്കാൻ പ്രതിനിധികൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചർച്ച നടത്തുന്നുണ്ടെന്നാണ് ‘ഇഡബ്ല്യുടിഎൻ’ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു കത്തോലിക്കാ കുടുംബത്തിലാണ് ബാലെസ്റ്ററിന്റെ ജനനം. സ്പെയിൻ സ്വദേശികളായ മാതാപിതാക്കൾ, വിശുദ്ധ ജോസ്മരിയ എസ്ക്രിവ സ്പെയിനിൽ സ്ഥാപിച്ച ഓപുസ് ദേയിലെ അംഗങ്ങളായിരിന്നു. 2013-ൽ ബാലെസ്റ്റർ ഓപുസ് ദേയിൽ അംഗമായി. ജീവിതകാലം മുഴുവൻ ബ്രഹ്മചര്യത്തിൽ മുഴുകുകയും, സാധ്യമാകുമ്പോഴെല്ലാം ഓപുസ് ദേയ് കൂട്ടായ്മയിൽ താമസിക്കുകയും, ആത്മീയവും അപ്പോസ്തോലികവുമായ ദൗത്യത്തിനായി സ്വയം പൂർണ്ണമായും സമർപ്പിക്കുകയും ചെയ്യുന്ന ഒരു സാധാരണ അംഗമായാണ് അദ്ദേഹം ഇതിൽ അംഗമായത്.

അധികം വൈകാതെ ആ യുവാവിന്റെ സഹനങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി. മരണകരമായ കഠിനമായ വേദനയിലൂടെയാണ് അവന് കടന്നുപോയിക്കൊണ്ടിരിന്നത്. ഈ സഹനങ്ങളെല്ലാം അവന് തിരുസഭയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിച്ചു. 2018 ജനുവരി 13ന് തന്റെ വിശുദ്ധിയില്‍ നിറഞ്ഞ ഇഹലോകം ജീവിതം അവസാനിപ്പിച്ച് പെഡ്രോ ബാലെസ്റ്റർ നിത്യപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി.

പെഡ്രോയെയും കാർലോ അക്യുട്ടിസിനെയും പോലുള്ളവർ ദൈവത്തിന് പൂർണ്ണമായും സ്വയം സമർപ്പിച്ചവരാണെന്നും ആഴത്തിലുള്ള സമര്‍പ്പണത്തിലും സഹനത്തിലും അവർ സന്തോഷം കണ്ടെത്തിയിരിന്നുവെന്നും ബാലെസ്റ്ററിന്റെ ജീവിതത്തിന്റെ അവസാന വർഷത്തിൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരിന്ന മാഞ്ചസ്റ്ററിലെ ഗ്രേഗാർത്ത് ചാപ്ലെയിൻ ഫാ. ജോസഫ് ഇവാൻസ് പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച മറ്റൊരു യുവാവ് കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമോ? ബാലെസ്റ്ററിനെ അറിയുന്നവരെല്ലാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്..!

