ഇസ്താംബൂൾ: തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിനു വിശദീകരണമില്ലാതെ വിലക്കു ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സർക്കാരിന്റെ നടപടി ക്രൈസ്തവർക്ക് നേരെയുള്ള ഭീഷണിയും വിവേചനവുമാണെന്നു ക്രിസ്ത്യൻ നിയമ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (എഡിഎഫ്) യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 20 കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
2019 മുതൽ, തുർക്കി അധികാരികൾ ചില ക്രൈസ്തവരുടെ പാസ്പോർട്ടുകളിൽ “എൻ-82”, “ജി-87” തുടങ്ങിയ സുരക്ഷാ കോഡുകൾ അടയാളപ്പെടുത്തുന്നുണ്ടെന്നും സാധാരണയായി തീവ്രവാദ സ്വഭാവമുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന കോഡാണ് ഇതെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറഞ്ഞത് 160 വിദേശീയരായ ക്രിസ്ത്യൻ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കോഡുകൾ നൽകിയിട്ടുണ്ട്. അതേസമയം ഇത് അനൌദ്യോഗിക കണക്കാണെന്നും യഥാർത്ഥ എണ്ണം മുന്നൂറിൽ അധികം കൂടുതലായിരിക്കുമെന്നും സംഘടന പറയുന്നു.
വർഷങ്ങളോളം രാജ്യത്ത് നിയമാനുസൃതമായ താമസവും സേവനവും ഉണ്ടായിരുന്നിട്ടും, വിദേശ യാത്ര ചെയ്ത ക്രൈസ്തവർക്ക് തുർക്കിയിലേക്ക് വീണ്ടും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കേസുകൾ സംയുക്തമായി തുർക്കി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കുന്നതാണെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ചരിത്ര പ്രസിദ്ധ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെയും ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യർ ബൈസൻ്റൈൻ ദേവാലയവും തുർക്കി ഭരിക്കുന്ന എർദോഗൻ ഭരണകൂടം മുസ്ലിം പള്ളിയാക്കി മാറ്റിയിരിന്നു.

