ഇസ്ലാമാബാദ് : പാകിസ്താനിലെ ഇസ്ലാമാബാദിൽ ചാവേർ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു. തർലൈ ഇമാംബർഗ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയമായിരുന്നു സ്ഫോടനം. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിതീകരിച്ചു. ഫോറൻസിക് സംഘം മേഖലയിലെത്തി തെളിവ് ശേഖരണം നടത്തുകയാണ്.
സംഭവത്തിന് പിന്നാലെ ഇസ്ലാമബാദിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാകിസ്താൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വപരമായ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിൻറെ മനോവീര്യം കെടുത്താൻ കഴിയില്ലെനും പാക് പാർലമെൻററി കാര്യമന്ത്രി വ്യക്തമാക്കി. പരുക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചാവേർ ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും തമ്മിൽ നടന്ന വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണം. ഇസ്ലാമാബാദിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

