ജെക്കോബി
ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള കടലോര സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനത്തെയും നിലവിലുള്ള ട്രോളര്‍ ബോട്ടുകളുടെ നിലനില്പിനെയും മത്സ്യലഭ്യതയെയും തീരദേശ സമ്പദ് വ്യവസ്ഥയെയും അതീവ ഗുരുതരമായി ബാധിക്കുംവിധം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) അതിര്‍ത്തിക്കപ്പുറത്തുനിന്ന് 50 മീറ്റര്‍ നീളമുള്ള വലിയ ബോട്ടുകളും ഫാക്ടറിഷിപ്പും മറ്റുമായി ആഴക്കടല്‍ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാന്‍ ഉദാരമായി ‘ആക്സസ് പാസ്’ വിതരണം ചെയ്യുന്ന പുതിയ ഇഇസെഡ് മത്സ്യബന്ധന നയം ഉയര്‍ത്തുന്ന വന്‍ഭീഷണി നാം തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിലെ പ്രധാന ഫിഷിങ് ഹാര്‍ബറുകളില്‍ നിന്നും ലാന്‍ഡിങ് സെന്ററുകളില്‍ നിന്നും പോകുന്ന 24 മീറ്റര്‍ നീളമുള്ള ട്രോളര്‍ ബോട്ടുകളും ഇന്‍-ബോര്‍ഡ്, ഔട്ട്ബോര്‍ഡ് ഫൈബര്‍ഗ്ലാസ് വള്ളങ്ങളും പരമ്പരാഗത വള്ളക്കാരും ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നിടത്തുതന്നെയാണ് ‘അമ്മയും കുഞ്ഞുങ്ങളും’ എന്ന സങ്കല്പത്തില് മാതൃയാനവും ചെറുയാനങ്ങളുടെ വ്യൂഹവുമായി വമ്പന്‍ ‘ഓപ്പറേറ്റര്‍മാര്‍’ ആഴക്കടലില്‍ രംഗപ്രവേശം ചെയ്യുന്നത്.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരുന്ന ടെറിട്ടോറിയല്‍ അതിര്‍ത്തിക്ക് അപ്പുറത്ത് 200 നോട്ടിക്കല്‍ മൈല്‍ (370 കിലോമീറ്റര്‍) വരുന്ന കേന്ദ്ര ഗവണ്മെന്റിന്റെ അധികാര പരിധിയിലുള്ള എക്സ്ക്ലുസീവ് സോണിലും അതിനും അപ്പുറത്തെ പുറംകടലിലും നിന്നു പിടിക്കുന്ന മീന്‍ കേരളതീരത്ത് എത്തിക്കാതെ കടലില്‍ വച്ചുതന്നെ മറ്റു കപ്പലുകളിലേക്ക് ട്രാന്‍സ്ഷിപ്മെന്റ് നടത്താം. ഈ ചരക്ക് വിദേശ വിപണിയില്‍ നേരിട്ട് വില്ക്കാനുമാകും. അത് കയറ്റുമതിയായി അംഗീകരിക്കപ്പെടും. ഇതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഉണ്ടാകണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ‘റിയല്‍ക്രാഫ്റ്റ്’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഫിഷിങ് ലൈസന്‍സ് എടുത്തിട്ടുള്ള ആഴക്കടല്‍ യാനങ്ങളുടെ ചരക്ക് ‘ഇന്ത്യന്‍ ഉത്പന്നം’ എന്ന അംഗീകാരമുദ്രയോടെ കസ്റ്റംസ് തീരുവയില്‍ നിന്നും ജിഎസ്ടിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ സൂചിപ്പിച്ചത്. ഇതിനായി കസ്റ്റംസ് നിയമം ഭേദഗതി ചെയ്യുന്നുണ്ട്.
ആഴക്കടല്‍ യാനങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്നതോടൊപ്പം ബാറ്റര്‍, ബ്രെഡ് ക്രംബ്സ്, സിട്രിക് ആസിഡ്, ഫുഡ് അഡിറ്റീവ്സ് തുടങ്ങി സമുദ്രോത്പന്ന കയറ്റുമതി സംസ്കരണശാലകള്‍ക്ക് മൂല്യവര്‍ധനയ്ക്കും ഗുണനിലവാരത്തിനും വേണ്ട 18 അവശ്യ സാമഗ്രികളുടെ ഇറക്കുമതിക്ക് മുന്‍വര്‍ഷത്തെ കയറ്റുമതിയുടെ ഫ്രീ ഓണ്‍ ബോര്‍ഡ് മൂല്യത്തിന്റെ മൂന്നു ശതമാനം വരെ ഡ്യൂട്ടി ഫ്രീ ആനുകൂല്യം അനവദിക്കുന്നതിലൂടെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് വന്‍നേട്ടമുണ്ടാകുമെന്നു പറയുന്നുണ്ട്.
സമുദ്രോത്പന്നങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായതോടെ പശ്ചിമതീരത്തെ സംസ്കരണശാലകളില്‍ പലതും 30 ശതമാനം ശേഷി മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നും ഇഇസെഡ് മേഖല ഉള്‍പ്പെടെ ആഴക്കടലില്‍ നിന്നുള്ള ഉയര്‍ന്ന മൂല്യമുള്ള വിഭവങ്ങള്‍ കൂടിയാകുമ്പോള്‍ യൂണിറ്റുകള്‍ക്ക് കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാനാകുമെന്നും ചില കയറ്റുമതിക്കാര്‍ ആശ്വാസംകൊള്ളുന്നു. ആഴക്കടല്‍ മത്സ്യബന്ധനം വ്യാപകമാകുന്നതോടെ പൊതുവിപണിയില്‍ മീന്‍വില ഗണ്യമായി കുറയുമെന്നുവരെയുള്ള ആഖ്യാനവും ചില വൃത്തങ്ങളില്‍ നിന്നു കേള്‍ക്കാം.
എക്സ്ക്ലുസീവ് സോണില്‍ സുസ്ഥിര മത്സ്യബന്ധനത്തിനുള്ള ചട്ടങ്ങളും, ഇന്ത്യയുടെ പരമാധികാര മേഖലയ്ക്കു പുറത്തുള്ള പുറംകടലില്‍ ഇന്ത്യന്‍ പതാകയുള്ള മത്സ്യബന്ധന യാനങ്ങള്‍ക്ക് സുസ്ഥിര മത്സ്യബന്ധനത്തിനുള്ള മാര്‍ഗരേഖകളും 2025 നവംബറിലും ഡിസംബറിലുമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇഇസെഡ് മേഖലയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇത്രയുംകാലം രാജ്യത്തിന് സമഗ്രമായ ഒരു നിയമനിര്‍മാണം നടത്താനായിട്ടില്ല എന്നതിന്റെ കുറവ് നികത്താനും ചില രാജ്യാന്തര ഉടമ്പടികള്‍ പാലിക്കാനുമായി ഇത്തരം ചട്ടങ്ങള്‍ അനിവാര്യമാണെന്ന് പലരും വാദിച്ചേക്കാം.
എന്നാല്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായോ മത്സ്യമേഖലയില്‍ വിവിധ തലങ്ങളിലെ കക്ഷികളുമായോ കൂടിയാലോചന നടത്താതെ തികച്ചും ഏകപക്ഷീയമായി രാജ്യത്തെ 74.66 ലക്ഷം മത്സ്യത്തൊഴിലാളികള്‍ അടക്കം മൂന്നു കോടി ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇങ്ങനെ പുതിയ നയം നടപ്പാക്കുന്നത് ഒരു ജനാധിപത്യ, ഫെഡറല്‍ സംവിധാനത്തില്‍ എങ്ങനെ ന്യായീകരിക്കാനാകും?
ചെറുകിട മത്സ്യത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും മത്സ്യകൃഷി ഉത്പാദക സംഘടനകളെയും ശക്തിപ്പെടുത്താനെന്ന ആമുഖത്തോടെയാണ് ചട്ടങ്ങള്‍ ഇറക്കിയത്. ‘ഓപ്പറേറ്റര്‍’ എന്നതിനുള്ള നിര്‍വചനത്തില്‍ സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, കാര്‍ഷിക സമിതികള്‍ എന്നിവ ഉള്‍പ്പെടുന്നു. സംസ്ഥാനാന്തര സഹകരണസംഘങ്ങളുടെ സംയുക്ത സംരംഭങ്ങളെക്കുറിച്ചും അതില്‍ പറയുന്നുണ്ട്.
വലിയ തോതിലുള്ള മൂലധന നിക്ഷേപവും അതിസങ്കീര്‍ണമായ സാങ്കേതികവിദ്യയും ലോജിസ്റ്റിക്കല്‍ സംവിധാനങ്ങളും ആവശ്യമുള്ള ആഴക്കടല്‍ മത്സ്യബന്ധന സംരംഭത്തില്‍ കോര്‍പറേറ്റ് ഭീമന്മാരും ബഹുരാഷ് ട്ര കമ്പനികളും പരമ്പരാഗത മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുടെയും മറ്റും മറവില്‍ പല രീതിയില്‍ അവതരിക്കാനാണ് സാധ്യത. ഇന്ത്യയില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് മഹാരാഷ് ട്രയിലാണ്. ഗുജറാത്തിലെ മത്സ്യമേഖലയില്‍ വന്‍കിട നിക്ഷേപകരുണ്ട്. കേരളത്തില്‍ അത്തരം മൂലധന നിക്ഷേപ സാധ്യത കുറവാണ്.
ഇന്ത്യയ്ക്ക് അവകാശപ്പെട്ട 24 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇഇസെഡ് മേഖലയില്‍ നിന്ന് 53.1 ലക്ഷം മെട്രിക് ടണ്‍ സമുദ്രവിഭവങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രാജ്യാന്തര സമുദ്രപരിധിയിലെ സുസ്ഥിര മത്സ്യബന്ധനത്തിന് ഇന്ത്യന്‍ പതാകയുള്ള മത്സ്യബന്ധന യാനങ്ങള്‍ക്കായുള്ള മാര്‍ഗരേഖയില്‍ സൂചിപ്പിക്കുന്നത്. എക്സ്ക്ലുസീവ് സോണിലേക്ക് 64,187 യന്ത്രവത്കൃത യാനങ്ങള്‍ക്ക് ‘ആക്സസ് പാസ്’ നല്‍കാമെന്നാണ് നിര്‍ദേശം. ലോകത്ത് 200 നോട്ടിക്കല്‍ മൈല്‍ എക്സ്ക്ലുസീവ് സോണില്‍ ഏറ്റവും കൂടുതല്‍ മത്സ്യബന്ധന യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 3,14,767 യാനങ്ങള്‍ ഇന്ത്യയുടെ കടലില്‍ ഉണ്ട്. ഇഇസെഡ് പരിധിയില്‍ 64,000 ചെറുകിട ട്രോള്‍ ബോട്ടുകളും പ്രവര്‍ത്തിക്കുന്നു. സുസ്ഥിര മത്സ്യബന്ധനത്തിന് രാജ്യത്തിന് 93,767 യാനങ്ങള്‍ മതി. അതിന്റെ മൂന്നിരട്ടയിലേറെ യാനങ്ങള്‍ ഇപ്പോള്‍തന്നെ ഈ മേഖലയിലുണ്ട്. വ്യാവസായിക മത്സ്യബന്ധനം സമുദ്രവിഭവങ്ങളുടെ അമിത ചൂഷണത്തിനും സമുദ്ര ആവാസവ്യവസ്ഥയുടെ ശോഷണത്തിനും ഇടവരുത്തും.
രാത്രിയില്‍ മത്സ്യങ്ങളെ ആകര്‍ഷിക്കുന്നതിനായി ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വാട്ട് വരെ ശക്തിയുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്ന വലിയ യാനങ്ങളുടെയും ബുള്‍ ട്രോളിങ്, പെയര്‍ ട്രോളിങ് തുടങ്ങിയ വിനാശകരമായ ഫിഷിങ് സമ്പ്രദായങ്ങളുടെയും ഭീഷണി ആഴക്കടലില്‍ മാത്രം ഒതുങ്ങുന്നതല്ല. നൂറുകണക്കിന് ടണ്‍ മത്സ്യം ഒറ്റയടിക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന വലിയ യാനങ്ങള്‍ തീരക്കടലിന് അടുത്തേക്ക് നീങ്ങുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും ചെറുകിട യാനങ്ങളുടെയും ഗതിയെന്താകും! പവിഴപ്പുറ്റുകളും കടല്‍പ്പായല്‍ പരപ്പും ജൈവവൈവിധ്യ സമൃദ്ധിയും 250-ലധികം മത്സ്യ ഇനങ്ങളുടെ പ്രജനനകേന്ദ്രങ്ങളുമുള്ള കേരളത്തിലെ തീരദേശ ആവാസവ്യവസ്ഥകളെ ഉലയ്ക്കുന്നതാകും സമുദ്രവിഭവചൂഷണത്തിന്റെ വ്യാപ്തി.
‘നീല വിപ്ലവത്തിന്റെ’ ഭാഗമായി ആഴക്കടല്‍ മത്സ്യബന്ധന നയം രൂപപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട മീനാകുമാരി കമ്മിറ്റി 1,178 വിദേശ യാനങ്ങള്‍ക്ക് ലെറ്റര്‍ ഓഫ് പെര്‍മിറ്റ് വ്യവസ്ഥയില്‍ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കാനും സമുദ്രവിഭവ സ്രോതസുകളുടെ പരിപാലനത്തിനായി 200 മീറ്ററിനും 500 മീറ്ററിനും മധ്യേ ആഴത്തില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്നും 2014ല്‍ ശുപാര്‍ശ ചെയ്തപ്പോള്‍ രാജ്യത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറുകിട ബോട്ടുടമകളും തീരദേശവാസികളും ഒറ്റക്കെട്ടായി ചെറുത്തുനില്പ് നടത്തിയത് വിസ്മരിക്കാനാവില്ല. ഇപ്പോള്‍ ഇന്ത്യന്‍ യാനങ്ങളുടെ പേരില്‍ ഓഫ്ഷോര്‍ ട്രാന്‍സ്ഷിപ്മെന്റും വിദേശ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള ചരക്കുകടത്തും നടത്താനുള്ള പുതിയ നയത്തിനു പിന്നിലെ ഡ്യൂട്ടി ഫ്രീ തന്ത്രങ്ങളുടെ പൊരുള്‍ അന്വേഷിക്കാനെങ്കിലും അത്തരം ജനകീയ പ്രക്ഷോഭത്തിന്റെ ചൈതന്യം നാം വീണ്ടെടുക്കേണ്ടതുണ്ട്.
കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് 52 ദിവസം യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് നിരോധിക്കുമ്പോള്‍ നിയമലംഘനം നടത്തുന്ന ഇതര സംസ്ഥാനക്കാരുടെ ബോട്ടുകള്‍ പിടികൂടാന്‍ കഴിയാത്ത സംസ്ഥാന ഫിഷറീസ് വിജിലന്‍സ് എന്‍ഫോഴ്സ്മെന്റ് സംവിധാനത്തിന് പുതിയ ആഴക്കടല്‍ ഓപ്പറേറ്റര്‍മാരുടെയും സംസ്ഥാനേതര ഘടകങ്ങളുടെയും കള്ളക്കളികള്‍ തടയാനാകുമോ?
അഞ്ചു മദര്‍ വെസലുകളും 400 ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകളും ഏതാനും ഫിഷിങ് ഹാര്‍ബറുകളും മത്സ്യസംസ്കരണ യൂണിറ്റുകളും ഉള്‍പ്പെടുന്ന 2,950 കോടി രൂപയുടെ ഒരു പദ്ധതിക്ക് 2021 ഫെബ്രുവരിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അമേരിക്കയിലെ ഒരു പ്രവാസി മലയാളിയുടെ ഇഎംസിസി ഇന്റര്‍നാഷണല്‍ കമ്പനിയുമായി രഹസ്യധാരണയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദം തീരദേശവാസികളെങ്കിലും മറക്കാനിടയില്ല. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് രണ്ടു കോടി രൂപ വീതം നിര്‍മാണച്ചെലവു വരുന്ന ആഴക്കടല്‍ ട്രോളറുകള്ക്കായുള്ള എംഒയു അന്ന് ഒപ്പുവച്ചത്. മുഖ്യമന്ത്രിക്കും അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും ആ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഏറെ പാടുപെടേണ്ടിവന്നു.
പ്രധാന്‍മന്ത്രി മത്സ്യ സംപദാ യോജനയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിന് പിണറായി സര്‍ക്കാര്‍ 2023ല്‍ കൊല്ലം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്ത ഏഴ് കപ്പലുകളില്‍ അഞ്ചെണ്ണവും സാങ്കേതിക തകരാറുകളും തൊഴിലാളികളുടെ പരിശീലനക്കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. 1.57 കോടി രൂപ ചെലവില്‍ ഇറക്കിയ ഓരോ യാനത്തിനും ഒരു ട്രിപ്പിന് 1.5 ലക്ഷം രൂപ അധികച്ചെലവ് വരുന്നു എന്നായിരുന്നു പരാതി. പടിഞ്ഞാറന്‍ അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകേണ്ട ആഴക്കടല്‍ യാനത്തിലെ വിഞ്ച് കിഴക്കന്‍ അറബിക്കടലിനു പാകത്തില്‍ എതിര്‍വശത്ത് സ്ഥാപിച്ചിട്ടുള്ളതിനാല്‍ വലകള്‍ കീറിപ്പോവുകയായിരുന്നുവത്രെ.
നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍, എയിംസ് പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല എന്നതിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആക്ഷേപിക്കപ്പെട്ട ബിജെപി നേതാവ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ്. ആഴക്കടല്‍ ഡ്യൂട്ടി ഫ്രീ ഏര്‍പ്പാടിനെ ന്യായീകരിച്ച് കേരളത്തിലെ മത്സ്യമേഖലയുടെയും തീരദേശത്തിന്റെയും വിക്ഷോഭം കാണേണ്ടയാള് വാസ്തവത്തില്‍ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് തന്നെയാണല്ലോ!

