കൊച്ചി: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന നിയമം നിലവിലിരിക്കെ സ്ത്രീധനനിരോധന നിയമത്തിന്റെ വ്യവസ്ഥയിൽ മാറ്റം വരുത്തുവാൻ കേരള നിയമപരിഷ്കരണ കമ്മീഷൻ ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ച സാഹചര്യത്തിൽ സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപത സമിതി തോപ്പുംപടി BOT ജംഗ്ഷനിൽ വെച്ച് പ്രതിഷേധസായാഹ്നം നടത്തി.
കൊച്ചി കോർപ്പറേഷൻ 69-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ലിസി സുമി ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തെയും കുടുംബ ജീവിതങ്ങളെയും കാർന്നു തിന്നുന്ന ഈ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ നിലകൊള്ളണമെന്ന് അദ്ദേഹം വ്യക്തമാക്കി.കെ. സി. വൈ. എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.
നിലവിലെ നിയമത്തിൽ വെള്ളം ചേർക്കാതെ, സ്ത്രീധനം എന്ന വിപത്തിനെതിരെ കൃത്യമായ നടപടികൾ സ്വീകരിച്ച് അതിനു ഇരയാവുന്നവരെ സംരക്ഷിക്കുവാനും, ശിക്ഷിക്കപ്പെടേണ്ടവർക്ക് തക്കതായ ശിക്ഷ നൽകുവാനും നിയമ സംവിധാനങ്ങളും സർക്കാരും നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, സെക്രട്ടറി ഇൻ-ചാർജ് ഡയസ് ആൻ്റണി, ആനിമേറ്റർ ലിനു തോമസ്, വൈസ് പ്രസിഡൻ്റ് ക്ലിന്റൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സനൂപ് ദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽവിൻ ജോസഫ്, അരുൺ പീറ്റർ, തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന, അന്ന സിൽഫ, ആൻ്റണി നിതീഷ് എന്നിവർ സന്നിഹിതരായിരുന്നു.

