ലാഹോർ: പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) യുടെ റിപ്പോർട്ട് അനുസരിച്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തൽ. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മുസ്ലീം സമുദായത്തിൽ നിന്നുള്ള അലി ഹൈദർ എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്നു സംഘടന പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ ആൾ പെൺകുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കുകയായിരിന്നുവെന്ന് വ്യക്തമായി. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് നിയമപരമായോ ധാർമ്മികമായോ സമ്മതം നൽകാൻ കഴിയില്ലെങ്കിലും ഇത് അവഗണിച്ചാണ് നിർബന്ധിത മതമാറ്റവും വിവാഹവും നടന്നിരിക്കുന്നത്. ദുർബലമായ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ കഴിയുന്ന പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാനും നിയമനടപടികൾ നിരുത്സാഹപ്പെടുത്താനും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സംഘടന പറയുന്നു.
അതേസമയം പെൺകുട്ടിയെ പ്രതി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചെന്നാണ് വിവരം. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെ സംഘടന പ്രതിനിധികൾ അപലപിച്ചു. അസമത്വം നിലനിൽക്കുകയും കുറ്റവാളികൾക്കു ശിക്ഷാനടപടികളില്ലാതെ പോകുകയും ചെയ്യുന്ന സ്ഥലത്തു നിർബന്ധിത മതപരിവർത്തനങ്ങളും ബാല വിവാഹങ്ങളും വളരുമെന്ന് ‘വോയ്സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി’ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനം ചെയ്തുള്ള വിവാഹം പാക്കിസ്ഥാനിൽ ഇപ്പോൾ വ്യാപകമായി മാറിയിരിക്കുകയാണ്.

