വത്തിക്കാൻ : “നീതി വിവേകപൂർണ്ണവും ശക്തവും മിതത്വമുള്ളതുമല്ലെങ്കിൽ അത് നീതിയല്ല” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് റോമൻ റോട്ടയുടെ ഡീൻ ആർച്ച് ബിഷപ്പ് അലഹാൻഡ്രോ അരെല്ലാനോ സംസാരിച്ചു. കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ ആദ്യകൂടിക്കാഴ്ച്ച കൂടിയായിരുന്നു, ഉദ്ഘാടനവേള. കോടതിയുടെ വിവിധ പ്രവർത്തനങ്ങളെ ഡീൻ പാപ്പായ്ക്ക് വിശദീകരിച്ചു.
നീതി ന്യായ വ്യവഹാരത്തിൽ, “സത്യത്തിൽ നീതിയോടുള്ള തുറന്ന മനോഭാവം” ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡീൻ ഏവരെയും ഓർമ്മപ്പെടുത്തി. കർത്താവിൽ, എല്ലാറ്റിനും സമാനതകളില്ലാത്ത പ്രചോദനം കണ്ടെത്തി, അവനിൽ ദൃഷ്ടി ഉറപ്പിക്കുവാനും ഡീൻ ഏവരെയും ആഹ്വാനം ചെയ്തു. സത്യത്തിന്റെയും ജ്ഞാനത്തിന്റെയും വെളിച്ചത്തിൽ എപ്പോഴും ചിന്തിക്കാനും, പൂർണ്ണമായും ഔപചാരികമായ മാനത്തിനപ്പുറം കൂടുതൽ ആഴത്തിൽ പോയി നിയമത്തെ വ്യാഖ്യാനിക്കാനും, അതിനു നാം സേവിക്കുന്ന സത്യത്തിന്റെ ആഴമേറിയ അർത്ഥം ഗ്രഹിക്കാനുമുള്ള കഴിവ് ആവശ്യമാണെന്നും സന്ദേശത്തിൽ ഊന്നി പറഞ്ഞു.
നീതിയെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർക്ക്, ജനസേവനം അടിസ്ഥാനപരമാണെന്നും, അതിനു പ്രാർത്ഥനയും, ദൈവ വചന വായനയുമെല്ലാം ഏറെ സഹായകരമാകുന്നുവെന്നും ഡീൻ ഓർമ്മപ്പെടുത്തി. നിയമത്തിന്റെ മൂല്യം മനസ്സിലാക്കുന്നതിനും സത്യത്തിനായുള്ള സേവനത്തിൽ ദൈവത്തിന്റെ പദ്ധതിയോട് പ്രതികരിക്കുന്നതിനുമുള്ള പാത പ്രാർത്ഥന തുറന്നു തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോടുള്ള കരുതൽ നിറഞ്ഞ മനോഭാവമാണ് സഭയിൽ നീതി പുലർത്തുന്നവരെ വ്യത്യസ്തരാക്കേണ്ട അടിസ്ഥാന ഗുണമെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യന്റെ അസ്തിത്വത്തെ ദൈവത്തിന്റെ സ്നേഹ പദ്ധതിയുമായി പൊരുത്തപ്പെടുത്താൻ സഹായിക്കുന്ന ഒരു സജീവ ജീവകാരുണ്യ പ്രവർത്തനമാണ് നീതിന്യായ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
