മുംബൈ: മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ അന്തരിച്ചതില്‍ ബോംബെ അതിരൂപത ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗസ് അഗാദമായ ദുഃഖം രേഖപ്പെടുത്തി.
പവാറിന്റെ അകാല നിര്യാണ വാര്‍ത്ത മുഴുവന്‍ സംസ്ഥാനത്തെയും ദുഃഖത്തിലും ഞെട്ടലിലും ആഴ്ത്തിയതായി ആര്‍ച്ച്ബിഷപ് റോഡ്രിഗസ് വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാരിനോടും അദ്ദേഹം ഹൃദയംഗമമായ അനുശോചനങ്ങള്‍ അറിയിച്ചു.
അജിത് പവാറിനെ സമര്‍പ്പിതനായ ഒരു പൊതുസേവകനായി വിശേഷിപ്പിച്ച ആര്‍ച്ച്ബിഷപ്പ്, മഹാരാഷ്ട്രയുടെയും അതിലെ ജനങ്ങളുടെയും ക്ഷേമത്തിനായി അദ്ദേഹം പ്രദര്‍ശിപ്പിച്ച അചഞ്ചലമായ പ്രതിബദ്ധത അനേകം ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് പറഞ്ഞു. വികസനവും ഐക്യവും വളര്‍ത്തുന്നതിനായി അദ്ദേഹം നടത്തിയ നേതൃപാടവവും ദര്‍ശനവും അക്ഷീണ പരിശ്രമങ്ങളും ആഴത്തിലുള്ള ആദരവോടെയും അഭിനന്ദനത്തോടെയും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച നേതാവിനായി പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതായി അതിരൂപത അറിയിച്ചു. ഈ ദുഃഖഘട്ടത്തില്‍ പവാറിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവര്ക്കും ശക്തിയും ആശ്വാസവും സമാധാനവും ലഭിക്കണമെന്നു പ്രാര്‍ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അതിരൂപതയുടെ ഐക്യദാര്‍ഢ്യവും ഈ സന്ദര്‍ഭത്തില്‍ പ്രസ്താവന ഓര്‍മിപ്പിച്ചു.

