വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്നിലങ്ങള് കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.
ഒരിക്കല്‍ യൂണിവേഴ്സിറ്റി കോര്‍ട്ടുകളില്‍ കളിയുടെ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് രാജ്യാന്തര വോളിബോള്‍ അരങ്ങുകളില്‍ അത് പ്രതിധ്വനിപ്പിക്കുകയും ചെയ്ത താരം. ഗ്രാമത്തിന്റെ മണ്ണില്‍ നിന്ന് ലോകത്തിന്റെ നെറ്റിന് മുകളിലേക്ക് ഉയര്‍ന്ന ഒരു അസാധാരണ കായികപ്രതിഭ.
യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പ്രമുഖ താരമായി ശ്രദ്ധ നേടിയ ജോജി, തന്റെ അപൂര്‍വമായ കഴിവും അക്ഷീണപരിശ്രമവും കൊണ്ട് അന്താരാഷ്ട്ര വോളിബോളിലേക്ക് ഉയര്‍ന്നു. കോര്‍ട്ടിന്റെ മധ്യത്തില്‍ നില്ക്കുന്ന അദ്ദേഹത്തിന്റെ കുതിപ്പുകളിലുണ്ടായിരുന്ന ആത്മവിശ്വാസവും സൗന്ദര്യവും പ്രകമ്പനവും ഇനിയും അനേകം ഹൃദയങ്ങളില്‍ മിടിപ്പായുണ്ട്.
ഇന്ത്യന്‍ വോളിയുടെ എക്കാലത്തെയും മഹാനായ കളിക്കാരന് സാക്ഷാന്‍ ജിമ്മി ജോര്‍ജടക്കം ജോര്‍ജ് മാത്യൂ,,സിറിള്‍സ് സി. വെള്ളൂര്‍, ഉദയകുമാര്‍, അബ്ദുള്‍ റസാക്ക്, സെബാസ്റ്റിയന് ജോര്‍ജ്, ജോസ് വര്‍ഗ്ഗീസ്, ഡാനിക്കുട്ടി മുതലായ മഹാരഥന്മാര് വിവിധ കാലയളവുകളില്‍ ജോജിക്ക് ഒപ്പം കളിച്ചവരാണ്. ഇതില്‍ മൂന്നു പേര്, (ജിമ്മി ജോര്‍ജ്, സിറിള്‍ സി വെള്ളൂര്‍, ഉദയകുമാര്‍) പിത്ക്കാലത്ത് അര്‍ജുനാ അവാര്‍ഡ് ജേതാക്കളായത് മറ്റൊരു ചരിത്രം.
മരണം ആ താരത്തെ നമ്മില്‍ നിന്ന് അകറ്റിയേക്കാം; എന്നാല്‍ കളിയോട് അദ്ദേഹം കാണിച്ച പ്രണയം, ടീമിന് നല്കിയ ആത്മവിശ്വാസം, ആരാധകര്‍ക്ക് സമ്മാനിച്ച സ്വപ്നങ്ങള്‍ ഇവയെല്ലാം കാലവും ചരിത്രവും ഉള്ളിടം വരെ ജീവിക്കും..

കാലം, ആയിരത്തിതൊള്ളായിരത്തി എഴുപത് – എണ്‍പതുകള്‍. കടമക്കുടി പഞ്ചായത്തിലെ കാരിക്കാട്ടുതുരുത്ത്. അവിടെ, എക്കാലത്തും സ്പോര്‍ട്ട്സിനെ പ്രത്യേകിച്ച് വോളിബോളിനെ അഗാധമായി സ്നേഹിക്കുന്ന അന്തിക്കാട്ട് കുടുംബം.അവിടത്തെ മൈക്കിള്‍ -ഡെല്‍ഫീന ദമ്പതികള്‍ക്ക് ആറ് മക്കള്‍. ജോജി, ഷാജി, ജോപ്പന്, ബാബു, റാണി ടീന.നാലാണും രണ്ട് പെണ്ണും. അക്കാലത്ത്, തന്റെ ആണ്മക്കള് പന്തുകളിയിലെ പ്രതിദിന പരിശീലനം മുടക്കിയാല്‍ അത്താഴം നിഷേധിക്കുന്നൊരു പിതാവായിരുന്നു മൈക്കിളേട്ടനെന്ന് പഴയ കളിപ്രേമികള്‍ ഇന്നും അതിശയോക്തി പറയും.

നാടൊട്ടുക്കെന്ന രീതിയില്‍ അരങ്ങേറിയിരുന്ന ലോക്കല്‍ ടൂര്‍ണ്ണമെന്റുകളില്‍ തുടങ്ങിയ ആ കളിക്കൂറ്, ദേശപ്പെരുമകള്‍ താണ്ടികടലും കടന്നു, കരയും കടന്ന കേളി കേള്‍പ്പിച്ചത് ചരിത്രം.കേരളത്തിലെ കത്തോലിക്ക ദേവാലയങ്ങളുടെ അങ്കണങ്ങളിലെ അവിഭാജ്യ ഘടകമെന്ന പോലെ സ്ഥാപിച്ചിരുന്ന വോളിബോള്‍ കോര്‍ട്ടുകള്‍, കളിയാരവത്തിന്റെ വീറിനെയും വാശിയേയും ആര്പ്പുകളെയും ഏറ്റുവാങ്ങി തഴച്ചുവളര്‍ന്നതും ആ തിരുമുറ്റത്തു നിന്ന് ലോകത്തോളം വളര്‍ന്ന സൂപ്പര്‍ താരങ്ങള്‍ രൂപപ്പെട്ടതും മറ്റൊരു ചരിത്രം.വോളിബോള്‍ കളിയോടുള്ള വിശ്വാസമോ ആരാധനയോ ആ വഴിയിലൂടെ രക്ഷപെടേണ്ടതിലേക്കായി മക്കള്‍ക്കുള്ള ശിക്ഷണമോ എന്നു ചോദിച്ചാല്‍, കുഴഞ്ഞു പോകും.പല കാരണങ്ങളുമാകാം.

ഏതായാലും വോളിബോള്‍ കോര്‍ട്ടുകളും ഗ്യാലറികളും സജീവമായി വാണിരുന്ന കാലത്ത്, കേരളത്തിലങ്ങോളമുള്ള ടൂര്‍ണ്ണമെന്റുകളില്‍ അദ്ദേഹത്തിന്റെ ആണ്മക്കള് നാലു പേരും അരങ്ങുവാണു എന്നത് വാസ്തവം.അപ്പന് – മക്കള്‍ ബന്ധത്തിനപ്പുറം സൗഹൃദപരമായ ഊഷ്മളതയില് ജീവിച്ചെങ്കിലും, മക്കളാരെങ്കിലും അന്നത്തെ ഒരു കളിയെങ്കിലും മോശമാക്കിയെന്നറിഞ്ഞാല്, അദ്ദേഹത്തിന്റെ നാവിന്റെ മൂര്ച്ചയെന്താണെന്നറിയും.’കളി തോല്‍ക്കുന്ന ദിവസം ആ മക്കള്‍ വീട്ടില്‍ പോകാന്‍ മടിക്കും. ‘കേരളത്തിലെ വോളിബോള്‍ കോര്‍ട്ടുകളും ടൂര്‍ണ്ണമെന്റുകളും സ്വന്തം കൈവെള്ളയിലെ രേഖ പോലെ സുപരിചിതമായ ആ പിതാവ് തന്റെ ആണ്മക്കളുടെ കളി കാണാന്‍ പെണ്മക്കളെയും കൊണ്ടുപോകും.
ഏറ്റവും ഇളയ മകളായ ടീനയെ മടിയിലിരുത്തിയിട്ട് ചേട്ടന്മാരുടെ കളി വീര്യം നേരില്‍ കാണിച്ചു കൊടുക്കും. ഇപ്പോള്‍ കോട്ടയം ചേനപ്പടി ഗവണ്മെന്റ് സ്കൂളിലെ പ്രധാന അധ്യാപികയായ ടീന മാത്യുവിന് ആ രംഗങ്ങള്‍ ഇപ്പോഴും കണ്‍മുമ്പിലെന്നപോലെ കാണാനാകുന്നു.’ചേട്ടന്റെ പഴയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് വളരെ നന്ദി..

എറണാകുളത്തും അടുത്തുള്ള സ്ഥലങ്ങളിലുമൊക്കെ കളിയുണ്ടാവുമ്പോള് വോളിബോള്‍ ടീം അംഗങ്ങള്‍ എല്ലാവരും വീട്ടിലെത്തുമായിരുന്നു. അവരോടൊപ്പം എന്നെയും പല സ്ഥലങ്ങളിലും കളി കാണാന്‍ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. അപ്പച്ചന്റെ മടിയിലിരുന്ന് കളി കാണുന്ന രംഗം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ‘ അതാണ് വോളിബോളും ആ കുടുംബവുമായുള്ള അഭേദ്യമായബന്ധം.ആ അര്‍പ്പണബോധത്തിന്റെ പ്രതിഫലമെന്നോണം അവിടത്തെ മൂത്ത മകനും കസ്റ്റംസ് സൂപ്രണ്ടുമായിരുന്ന എ.എം ജോജി പിന്നീട് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. ഇളയവരായ എ.എം ഷാജി പ്രീമിയറിന്റെയും എ.എം ജോസ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും താരങ്ങളായി.

കുവൈറ്റില്‍ ക്ലബ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഇളയ അനുജന് ബാബു നാട്ടില്‍ വച്ച് ഒരു അപകടത്തെ തുടര്‍ന്ന് അകാലത്തില്‍ അന്തരിച്ചു.വരാപ്പുഴയുടെ കേളികെട്ട വോളിബോള്‍ പാരമ്പര്യത്തില്‍ പപ്പന് ചേട്ടന് ശേഷം ഉദിച്ചുയര്‍ന്ന മറ്റൊരു ശുഭ്ര താരമായിരുന്നുജോജി അഥവാ വരാപ്പുഴക്കാരുടെ ജോജിച്ചേട്ടന്. പപ്പന് തെളിയിച്ച ലക്ഷണമൊത്ത വോളിബോള്‍ പാത പിന്തുടര്ന്ന് ലോകത്തോളം വളര്‍ന്ന കളിക്കാരനായിരുന്നു അദ്ദേഹം.
വരാപ്പുഴയില്‍ നിന്നുള്ള രണ്ടാമത്തെ അന്തര്‍ദ്ദേശിയ വോളിബോള്‍ താരം. ജോജിച്ചേട്ടന്, പ്രായം 19 തികഞ്ഞ നാളില്‍ പ്രമുഖ പത്രം ആ ജന്മദിനം ബോക്സ് ന്യൂസായി നല്‍കിയത് ഇന്നും ഓര്‍ക്കുന്നുണ്ട്. അത്രമാത്രം പ്രാധാന്യമുള്ള കായിക വ്യക്തിത്വമായിരുന്നു അന്നാളുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്.കളിക്കാരന് എന്ന നിലയില്‍ മാത്രമല്ല ആ ഖ്യാതി. കളിക്കളത്തിനു പുറത്ത്, മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹം തിളങ്ങി. ഒരു സംഭവം ഓര്‍ത്തു പോകുകയാണ്.

ഒരിക്കല്‍ വരാപ്പുഴയിലെ പപ്പന് സ്റ്റേഡിയത്തില്‍ ഒരു ടൂര്‍ണ്ണമെന്റ് നടക്കുന്നു. കേരളാ പൊലീസും കൊച്ചിന് പോര്‍ട്ട്ട്രസ്റ്റും തമ്മിലാണ് അന്നത്തെ മത്സരം (അക്കാലത്തെ മികച്ച രണ്ടു ടീമുകളായിരുന്നു രണ്ടും).അതിനപ്പുറം വളരെ മഹത്തായ ഒരു വിശേഷം ആ മത്സരത്തിനുണ്ടായിരുന്നു. വളരെ സീനിയര്‍ താരമായ ഉദയകുമാര്‍ ആ പ്രായത്തിലും പൊലീസ് ടീമില്‍ കളിക്കുന്നു എന്നതായിരുന്നു അത്. കളിക്കിടെ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. അത് പിന്നെ ഉദയകുമാറും റഫറിയും തമ്മിലായി. റഫറി ഉദയകുമാറിനെ ചുവപ്പ് കാര്‍ഡു കാണിച്ചു പുറത്താക്കി. (എന്റെ ജീവിതത്തിലാദ്യമായിട്ടാണ് വോളിബോളില്‍ റെഡ് കാര്‍ഡ് പ്രയോഗിക്കുന്നത് കാണുന്നത്.)അതോടെ സ്ഥിതി അതീവ ഗുരുതരമായി.പൊലീസ് ടീം കളി ബഹിഷ്ക്കരിച്ച് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.
കളി ഉപേക്ഷിക്കപ്പെടുമെന്ന ആ ഘട്ടത്തില്‍, വളരെ സൗമ്യനായി അവിടേക്ക് നടന്നു വന്ന ജോജിയുടെ നിര്‍ണ്ണായകമായൊരു ഇടപെടല്‍,ചെറിയ സംസാരം, അത്ര മാത്രമേ വേണ്ടി വന്നുള്ളു. ഇതാ ഒരു ഷോട്ട് അറ്റാക്കിന്റെ വേഗതയില്‍ പൊലീസ് ടീം ഗ്രൗണ്ടിലേക്ക് തിരിച്ചു വന്നു. കാണികള്‍ അതിഗംഭീര കൈയ്യടികളോടെ ജോജി ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു.
അളവുറ്റ പ്രതിഭയുള്ളവരെ സാധാരണക്കാരായ മനുഷ്യര്‍ എക്കാലവും അവരുടെ നെഞ്ചിലേറ്റുമെന്ന സത്യം ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെടുകയായിരുന്നു.എ.എം. ജോജി എറണാകുളം സെന്റ് ആല്‍ബര്‍ട്ടസ്, തൊടുപുഴ ന്യൂമാന്‍ എന്നീ കോളജുകളില്‍ നിന്ന് വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ സ്വന്തം പിതാവിനാല്‍ തന്നെ പ്രേരിതനായാണ് താന്‍ വോളിബോള്‍ കളിച്ചു തുടങ്ങിയതെന്നും, അതിനാല്‍ തന്റെ നേട്ടങ്ങള്‍ക്ക് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ അപ്പനോടാണെന്നും നേരത്തെ, ഒരു പത്രത്തിനായുള്ള അഭിമുഖത്തില്‍ ജോജി തന്നെ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.
.1979 – 80-ല്‍ രാജസ്ഥാനിലെ പിലാനിയില്‍, ബീറ്റ്സില്‍ നടന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി വോളി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായപ്പോള് എ.എം.ജോജിയായിരുന്നു കേരള സര്‍വ്വകലാശാലയുടെ ക്യാപ്റ്റന്‍. തുടര്‍ച്ചയായി ഏഴ് വര്‍ഷക്കാലം ചാമ്പ്യന്മാരായതിന്റെ സുവര്‍ണ്ണ തിട്ടൂരം ഇപ്പോഴും കേരള യൂണിവേഴ്സിറ്റിയുടെ പേരില്‍ തന്നെ.1976 – 77, 1978 – 79 കാലയളവില്‍ ജോജി ടീം അംഗമായിരുന്നു.
1981 ഒസ്ട്രേലിയ, ചൈന, 1982-ല്‍ ജപ്പാന് എന്നീ ടീമുകള്‍ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തി. അതിനു മുമ്പ് 1980-ല്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അവിടെ ഇന്ത്യ വെങ്കല മെഡല്‍ നേടി മൂന്നാം സ്ഥാനത്തെത്തി.1981-ല്‍ അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്സില്‍ നടന്ന ജൂനിയര്‍ ലോകകപ്പിലും കളിച്ച ജോജിച്ചേട്ടന് 1982 – ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലും പങ്കെടുത്തു.
1979 – 80- ബറോഡ മുതല്‍ 1985-86 ന്യൂഡല്‍ഹി വരെ ഏഴ് ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിറ സാന്നിധ്യമായിരുന്നു ജോജിച്ചേട്ടന്. 1981-82-ല്‍ ഫരീദാബാദ് നാഷണലില്‍ രണ്ടാം സ്ഥാനക്കാരായ കേരള ടീമിലെ അംഗമായിരുന്ന അദ്ദേഹം 1982 – 83 – ല്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു.1980-ല്‍ തിരുവിതാംകൂര്‍ ടൈറ്റാനിയില് ചേര്‍ന്നു. ആ കാലഘട്ടങ്ങളില്‍ കഴിവ് തെളിയിച്ച കളിക്കാരില്‍ പലരും പിന്നീട് ലോകത്തോളം വളര്‍ന്നുവെന്നതാണ് വാസ്തവം.
ഇന്ത്യന്‍ വോളിയുടെ എക്കാലത്തെയും മഹാനായ കളിക്കാരന് സാക്ഷാന്‍ ജിമ്മി ജോര്‍ജടക്കം ജോര്‍ജ് മാത്യു, സിറിള്‍സ് സി. വെള്ളൂര്‍, ഉദയകുമാര്‍ അബ്ദുള്‍ റസാക്ക്, സെബാസ്റ്റിയന് ജോര്‍ജ് (മുന്‍ കേരള ക്യാപ്റ്റന്‍), ജോസ് വര്‍ഗ്ഗീസ്, ഡാനിക്കുട്ടി മുതലായ മഹാരഥന്മാര് വിവിധ കാലയളവുകളില്‍ ജോജിക്ക് ഒപ്പം കളിച്ചവരാണ്. ഇതില്‍ മൂന്നു പേര്, (ജിമ്മി ജോര്‍ജ്, സിറിള്‍ സി വെള്ളൂര്‍, ഉദയകുമാര്‍ ) പിത്ക്കാലത്ത് അര്‍ജുനാ അവാര്‍ഡ് ജേതാക്കളായത് മറ്റൊരു ചരിത്രം ‘.ജോജി 1983 – ല്‍ സെന്‍ട്രല്‍ എക്സൈസിലും പിന്നീട് ഇന്ത്യന്‍ കസ്റ്റംസിലും പ്രവര്‍ത്തിച്ചു. കസ്റ്റംസ് സൂപ്രണ്ട് ആയിരിക്കെ, 2012 നവംമ്പര്‍ 6 ന് അന്തരിച്ചു. മകള്‍ റിത്തു പറയുന്നു.’അപ്പ സ്വന്തം നേട്ടങ്ങളെക്കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
പകരം, അദ്ദേഹത്തിന്റെ സന്തോഷം എല്ലായ്പ്പോഴും കളിയിലായിരുന്നു – അതിന്റെ ആത്മാവിലും അച്ചടക്കത്തിലും സ്നേഹത്തിലും. അത് അദ്ദേഹത്തിന്റെ ജീവിതരീതിയായി മാറി, അദ്ദേഹത്തിന്റെ മക്കളെന്ന നിലയില്‍, ഞങ്ങള്‍ ഈ പാരമ്പര്യം അഭിമാനത്തോടെ വഹിക്കുന്നു, ഒരു കുടുംബമെന്ന നിലയില്‍, ഇന്നും ഞങ്ങള്‍ അതിനെ ബഹുമാനിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു’. ഭാര്യ മേഴ്സി പറയുന്നു.’അദ്ദേഹത്തെ അറിയാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചു. അധികം വാക്കുകളില്ലാതെ, നിശബ്ദമായ വഴികളിലൂടെ, ടീമിനെ സ്വയം മുന്‍നിര്‍ത്തി, കഠിനാധ്വാനം ചെയ്തു. അഭിപ്രായങ്ങള്‍ പറയാന്‍ അവസരവും കേള്‍ക്കാന്‍ മനസു കാട്ടിയ അദ്ദേഹംവിജയത്തെയും പരാജയത്തെയും സ്വികരിക്കാനും ഉള്‍ക്കൊള്ളാനും ഞങ്ങളെ പഠിപ്പിച്ചു.ഈ പാഠങ്ങള്‍ അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും ജീവിതത്തിലേക്ക്, കൊണ്ടുവന്ന മൂല്യങ്ങളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ‘ആ മഹനീയ വ്യക്തിത്വത്തെ അടുത്തു നിന്ന് ദര്‍ശിച്ചിട്ടുള്ള പുറത്തുള്ളവര്‍ക്കും ഈ അഭിപ്രായങ്ങളില്‍ അതിശയോക്തി തോന്നില്ല..
വരാപ്പുഴയിലെ പ്രമുഖ വ്യാപാര സംരംഭകരായ അമ്പലത്തിങ്കല്‍ കുഞ്ഞി തോമന്- മറിയംകുട്ടി ദമ്പതികളുടെ മകളാണ് മേഴ്സി. കസ്റ്റംസ് ഉദ്യോഗസ്ഥനായ റോണ്‍ മകനാണ്.——————————
