വത്തിക്കാൻ : ക്രിസ്തുവിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർ തമ്മിലുള്ള ഐക്യം ലോകത്ത് സമാധാനത്തിന്റെ ഉപകാരണമാണെന്ന് യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് ജിന്റാറാസ് ഗ്രൂഷാസ് (H.G. Msgr. Gintaras GRUŠAS). ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പുതുക്കപ്പെട്ട “എക്യൂമെനിക്കൽ ചാർട്ടർ” നവംബർ 2025 5-ന് ഒപ്പിട്ടതിന്റെയും, അടുത്ത ആഴ്ചയിൽ ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം സമർപ്പിക്കാൻ യൂറോപ്പിലെ മെത്രാൻസമിതികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ആർച്ച്ബിഷപ് ഗ്രൂഷാസ് ക്രൈസ്തവർ സമാധാനത്തിനായി ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്.
എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ ആത്മാവ് പ്രാർത്ഥനയാണെന്ന് ഓർമ്മിപ്പിച്ച യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ്, എല്ലാ വർഷവും ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിൽ ഇത് പ്രത്യേകമായ അർത്ഥം കൈവരിക്കുന്നുണ്ടെന്ന്, യൂറോപ്പിലെ എല്ലാ മെത്രാൻസമിതികൾക്കും അയച്ച ഒരു കത്തിലൂടെ അടിവരയിട്ടു പറഞ്ഞു. ജനുവരി 18 മുതൽ 25 വരെ തീയതികളിലാണ് ഈ വർഷത്തിലെ ക്രൈസ്തവ ഐക്യവാരാചരണം നടക്കുന്നത്.
2001 ഏപ്രിൽ 22-ന് ഒപ്പിട്ട “എക്യൂമെനിക്കൽ ചാർട്ടറിന്റെ” ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും, ലോകത്ത് ശക്തമായി തുടരുന്ന നിരവധി സായുധസംഘട്ടനങ്ങളുടെയും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാ സഭകളും പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുകയാണെന്നും, ഈ ഐക്യം ക്രൈസ്തവർക്കിടയിൽ മാത്രമല്ല, പരസ്പരസംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും തമ്മിലും ഉണ്ടാകണമെന്നും, അതുവഴി എല്ലായിടങ്ങളിലും സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും മെത്രാൻസമിതികളുടെ നേതൃത്വങ്ങൾക്കയച്ച കത്തിൽ ആർച്ച്ബിഷപ് ഗ്രൂഷാസ് എഴുതി.
ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷവും എക്യൂമെനിക്കൽ ചാർട്ടർ, സഹകരണവും സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനും, യൂറോപ്പ് ഭൂഖണ്ഡത്തിലെ ക്രൈസ്തവസഭകൾ പൊതുവായി സാക്ഷ്യം നൽകുന്നതിനും വേണ്ടിയുള്ള അടിസ്ഥാന-പ്രമാണരേഖയായി നിലനിൽക്കുന്നുണ്ടെന്ന് യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നവീകരിച്ച എക്യൂമെനിക്കൽ ചാർട്ടറും, സമാധാനത്തിനുംവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനയും, യൂറോപ്പിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിനും സ്വർഗ്ഗീയ മദ്ധ്യസ്ഥർക്കും സമർപ്പിക്കാമെന്ന് ആർച്ച്ബിഷപ് ഗ്രൂഷാസ് ആഹ്വാനം ചെയ്തു.
