വത്തിക്കാൻ : റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് രാജ്യത്തെ ലത്തീൻ സഭ. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം അവസാനിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ, ജനുവരി 16 വെള്ളിയാഴ്ച ഒരുമിച്ച് കൂടിയ ലത്തീൻ റീത്തിലെ മെത്രാന്മാർ, കമ്മ്യൂണിസ്റ് പീഡനങ്ങൾ സഹിച്ച ഉക്രൈനിലെ കത്തോലിക്കാസഭയിൽ 1991 ജനുവരി 16-ന്, രൂപതകൾ പുനഃസ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽനടന്ന സഭാ നവീകരണത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിൽ 2026-നെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുകയായിരുന്നു.
രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന വിശുദ്ധ ബലിയിൽ രാജ്യത്തെ അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് വിസ്വാൾദാസ് കുൽബോക്കാസ് (H. G. Msgr. Visvaldas Kulbokas) മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ ബലിയുടെ അവസാനം എല്ലാ രൂപതകളിലേക്കും വേണ്ട യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രങ്ങൾ അദ്ദേഹം വെഞ്ചരിച്ചു.
ഉക്രൈനിലെ ലത്തീൻ മെത്രാൻസമിതി പ്രസിഡന്റും, ലൂത്സ്ക് )Lutsk) രൂപതാദ്ധ്യക്ഷനുമായ ബിഷപ് വിത്താലി സ്കൊമറോവിസ്കിയാണ് (H. E. Msgr. Vitalij Skomarovskyi) വിശുദ്ധ ബലിമധ്യേ സമർപ്പണ പ്രാർത്ഥന നയിച്ചത്.
ഏറെ വർഷങ്ങൾ മതപീഡനം സഹിച്ച രാജ്യത്തെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തെ വിലമതിച്ചുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ധൈര്യപൂർവ്വം ചെയ്ത പ്രവൃത്തികൾക്ക് നന്ദി പറയാൻ കൂടിയാണ് ഇന്ന് മേത്രന്മാരും വൈദികരും സന്ന്യസ്തരും വിശ്വസതികളും ബെർദിച്ചിവിലെ തീർത്ഥാടനകേന്ദ്രത്തിൽ ഒത്തുചേർന്നിരിക്കുന്നതെന്ന് ലെയോപൊളി ലത്തീൻ ആർച്ച്ബിഷപ് മിയെർസിസ്ലാവ് മൊർസിസ്കി വത്തിക്കാൻ മീഡിയയോട് പറഞ്ഞു.
വർഷങ്ങൾ നീണ്ട പീഡനങ്ങൾക്ക് പോലും, രാജ്യത്തെ ക്രൈസ്തവരുടെ വിശ്വാസത്തെ തോൽപ്പിക്കാനോ നശിപ്പിക്കാനോ കഴിഞ്ഞില്ലെന്നും, തുടർച്ചയായ പ്രാർത്ഥനയാണ് ക്രൈസ്തവർക്ക് സഹായമായതെന്നും ആർച്ച്ബിഷപ് മൊർസിസ്കി പ്രസ്താവിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇക്കാലത്ത് പോലും സഭ പ്രത്യാശ വിതച്ചുകൊണ്ട് വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിന്മയുടെമേൽ നന്മ വിജയം വരിക്കുമെന്ന പ്രത്യാശ പകരുന്നതാണ് യേശുവിന്റെ ഹൃദയമെന്നും, ആ ഹൃദയത്തിന്, മാനവികതയെ തകർത്തുകൊണ്ടിരിക്കുന്ന ഭീകരമായ യുദ്ധം നമ്മുടെ കുടുംബങ്ങളിലും ഹൃദയത്തിലും ഉളവാക്കിയ മുറിവുകൾ സൗഖ്യപ്പെടുത്താനാകുമെന്നും ലെയോപൊളി ആർച്ച്ബിഷപ് പ്രസ്താവിച്ചു. ആഗോളസഭ ഉക്രൈനോട് കാണിക്കുന്ന ഐക്യദാർഢ്യത്തിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
