വത്തിക്കാൻ: സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 16 വെള്ളിയാഴ്ച നടന്ന ആഘോഷകരമായ വിശുദ്ധ ബലിമധ്യേ, കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (Our Lady of Arabia) ദേവാലയം മൈനർ ബസലികയായി ഉയർത്തപ്പെട്ടു. മരുഭൂമിയിലെ മണലിന് മുകളിൽ ഉയർത്തപ്പെട്ട അറ്റ് ദേവാലയം, പരിശുദ്ധ അമ്മയും ഇതേ മരുഭൂമിയിൽ അഭയം തേടിയിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ വിശുദ്ധ ബലിമധ്യേ നടത്തിയ പ്രസംഗത്തിൽ പ്രസ്താവിച്ചു.
രാജ്യത്ത് വളരുന്നവന്നിരുന്ന എണ്ണ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ ക്രൈസ്തവസമൂഹം 1948-ൽ അൽ അഹ്മാദിയിൽ (Al-Ahmadi) ആരംഭിച്ച ചെറിയ ദേവാലയത്തിന്റെ സ്ഥാനത്താണ് കുവൈറ്റിലും ബഹ്റൈനിലും ധാരാളം ഭക്തരുള്ള “ഔവർ ലേഡി ഓഫ് അറേബ്യ”യുടെ പേരിലുള്ള മൈനർ ബസലിക്കയായി ഉയർത്തപ്പെട്ടിരിക്കുന്നത്.
പ്രാദേശിക ക്രൈസ്തവസമൂഹത്തിന്റെയും, രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങളിൽ നിന്നുള്ളവരുടെയും, കുവൈറ്റ് എന്ന വ്യവസായ കമ്പനിയുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകളിൽ സംസാരിക്കവെ, ഇത് കുവൈറ്റിലെ മാത്രമല്ല, അറേബ്യൻ ഉപദ്വീപിലെ മുഴുവൻ ക്രൈസ്തവസമൂഹത്തിനും ഒരു ചരിത്രനിമിഷമാണെന്ന് കർദ്ദിനാൾ പരൊളീൻ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ച ക്രിസ്തുമസ് കാലത്തിന്റെ കൂടി പശ്ചാത്തലത്തിൽ സുവിശേഷവായനയെക്കുറിച്ച് പരാമർശിക്കവെ, യേശുവിനെ നമ്മുടെ ഭവനങ്ങളിലേക്ക് സ്വീകരിക്കാൻ ആദ്യം അവന്റെ വ്യക്തിത്വത്തെയും, അതുൾക്കൊള്ളുന്ന സന്ദേശവും മനസ്സിലാക്കേണ്ടതുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. യേശുക്രിസ്തു യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമാണെന്ന് തിരിച്ചറിയാനും സാക്ഷ്യപ്പെടുത്താനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കുടിയേറ്റക്കാരായ ആളുകൾ ധാരാളമുള്ള കുവൈറ്റിലെ ജനസംഖ്യയിൽ ഇരുപത് ശതമാനത്തോളം ക്രൈസ്തവരാണ്. ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ക്രൈസ്തവസാന്നിധ്യമുണ്ടെങ്കിലും, കുവൈറ്റിലും ബഹ്റൈനിലുമാണ് അവിടുത്തെ പൗരത്വമുള്ള കുറച്ച് ക്രൈസ്തവർ ഉള്ളത്. ലെബനൻ, പാലസ്തീന തുടങ്ങിയ ഇടങ്ങളിൽനിന്ന് കുടിയേറിയ ക്രൈസ്തവരാണ് ഈ ആളുകൾ.
ഔവർ ലേഡി ഓഫ് അറേബ്യ എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മ നമ്മെ തന്റെ പുത്രനിലേക്ക് നയിക്കട്ടെയെന്ന് ആശംസിച്ച കർദ്ദിനാൾ പരൊളീൻ, കുവൈറ്റിനെയും അവിടുത്തെ പൗരന്മാരെയും എല്ലാ ക്രൈസ്തവരെയും അവളുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നുവെന്നും പ്രസ്താവിച്ചു.
