കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് ആവശ്യമായിട്ടുള്ളത്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29.12.2025 നു ചേർന്ന യോഗത്തിൽ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്നനിലയിൽ സൺഡേസ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമാണ് ഇത്. കാരണം:
കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗ്ഗങ്ങളിലുമാണ് അവലംബിച്ചു വരുന്നത്.
വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയിട്ടുള്ളതായി അറിവില്ല.
സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണ്ണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണം എന്ന് കത്തോലിക്കാ സഭാ പ്രതിനിധികൾ പ്രസ്തുത യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയശേഷം അതിൻ്റെ അധ്യായം ആറിലെ (ഖണ്ഡിക 17 – 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16 നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സൂചനപ്രകാരമുളള കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല.
ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്.
വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂർണ്ണമായും ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്ക് ലഭ്യമാക്കുകയും ചെയ്യണം.
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണ്ണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണ്ണമായും സഭയുടെ (അതാത് മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്റെ സൺഡേസ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല.
അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.
ആയതിനാൽ വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ/ ശ്രമിക്കുന്നതെങ്കിൽ അതിൽ നിന്നു പിൻമാറണമെന്നാണ് കേരള സർക്കാരിനോട് നമ്മൾ ആവശ്യപ്പെടുന്നത്.
കെസിബിസിയുടെ ഭാരവാഹികളായ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്ന് റീത്തിലേയും ഈ വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്ന് തീരുമാനിച്ച നിലപാടാണിത്

