തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി. വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റും അന്വേഷണ സംഘം പരിശോധിക്കും. കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്ഐടി കണ്ടെത്തി. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി വ്യക്തമാക്കി.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് നല്കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്കിയതും എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

