എഡിറ്റോറിയൽ /ജെക്കോബി
ക്രിസ്മസിനു തൊട്ടുമുന്‍പ് വെനസ്വേല തീരത്തെ ഡോക്കിങ് യാര്‍ഡില്‍ സിഐഎ ആദ്യമായി ഡ്രോണ്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, കാരക്കസിലെ തന്റെ ബാല്യകാല വസതിക്കടുത്തുള്ള തെരുവിലൂടെ സില്‍വര്‍ എസ് യുവി ഓടിച്ചുകൊണ്ട് വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറൊ സ്പാനിഷ് ഭാഷയില്‍ നടത്തിയ ‘പോഡ് കാര്‍’ ബ്രോഡ്കാസ്റ്റില് പറയുന്നുണ്ട്: ”എനിക്ക് ഒരു ഫൂള്‍പ്രൂഫ് ബങ്കറുണ്ട് – സര്‍വശക്തനായ ദൈവം! ഞാന്‍ വെനസ്വേലയെ കര്‍ത്താവായ യേശുക്രിസ്തുവിന്, രാജാക്കന്മാരുടെ രാജാവിന്, പ്രതിഷ്ഠിച്ചിരിക്കുന്നു.”
റഷ്യന്‍ സൈന്യത്തിന്റെ കനത്ത സെക്യൂരിറ്റിയും സര്‍വെയ്ലന്‍സും ഇന്റലിജന്‍സും ക്യൂബന്‍ അംഗരക്ഷകരും എല്ലാം ഉണ്ടായിട്ടും, ബ്ലോടോര്ച്ചിനും ഭേദിക്കാനാവാത്തതെന്നു കരുതപ്പെട്ട സ്റ്റീല്‍ അറകളുള്ള ഒളിസങ്കേതങ്ങളില്‍ മാറിമാറി പാര്‍ത്തിട്ടും, മഡുറൊയെയും പ്രഥമ വനിത സീലിയ ഫ്ളോറെസിനെയും കാരക്കസിലെ കിടപ്പറയില്‍ നിന്ന് ജീവനോടെ പിടിച്ച് ഹെലികോപ്റ്ററില്‍ കയറ്റി കരീബിയന്‍ കടലില്‍ കാത്തുകിടന്നിരുന്ന ഇവോ ജീമാ വിമാനവാഹിനിക്കപ്പലില്‍ എത്തിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഡെല്‍റ്റാ ഫോഴ്സസ് ഭീകരവിരുദ്ധ ദൗത്യസംഘത്തിന് അരമണിക്കൂര്‍ പോലും വേണ്ടിവന്നില്ല.
ഇരുപത് വ്യോമതാവളങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35, എഫ്-22 സ്റ്റെല്‍ത്ത് ജെറ്റുകളും ബോംബര്‍-1 സൂപ്പര്‍സോണിക് ലാന്‍സറും അടക്കം 150 വിമാനങ്ങളും ഹെലികോപ്റ്ററുകളും, 11 യുദ്ധക്കപ്പലുകളും, 15,000 സൈനികരും, യുഎസ് സൈബര്‍ കമാന്‍ഡ്, സ്പേസ് കമാന്‍ഡ് തുടങ്ങിയ ഏജന്‍സികളും ചേര്‍ന്ന് വെനസ്വേലയിലെ കാരക്കസ്, മിറാന്‍ഡ, അരാഗ്വ, ലാ ഗുവേരാ എന്നിവിടങ്ങളിലെ സൈനിക, വ്യോമപ്രതിരോധ കേന്ദ്രങ്ങളില്‍ നടത്തിയ ‘ഓപ്പറേഷന് അബ്സൊല്യൂട്ട് റിസോള്‍വ്’ ആക്രമണം ഫ്ളോറിഡ പാം ബീച്ചിലെ മാരലാഗോ റിസോര്‍ട്ടില്‍ ഇരുന്ന് ലൈവ് സ്ട്രീമായി വീക്ഷിച്ച പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചതുപോലെ, ലോകത്തിലെ മറ്റൊരു സൈനികശക്തിക്കും കഴിയാത്ത ‘അതിശയകരമായ’ സൈനിക നടപടിയായിരുന്നു.
അമേരിക്കയിലേക്ക് കൊക്കെയ്ന്‍ ലഹരിമരുന്ന് കടത്തുന്ന രാജ്യാന്തര ഡ്രഗ് കാര്‍ട്ടലുകളുടെയും, വെനസ്വേല ജയിലുകളില്‍ നിന്നു രൂപംകൊണ്ട ട്രെന് ഡെ അരാഗ്വ എന്ന കൊടുംകുറ്റവാളിസംഘത്തിന്റെയും തമ്പുരാന് എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന മഡുറോ, ഭാര്യ സീലിയ ഫ്ളോറെസ്, മഡുറോയുടെ ആദ്യ ഭാര്യ അഡ്രിയാന ഗുവേറയില് ജനിച്ച മകന് ‘ദ് പ്രിന്‍സ്’ എന്നറിയപ്പെടുന്ന നിക്കൊളാസ് ഏണെസ്റ്റോ മഡുറോ ഗുവേറ, വെനസ്വേല ആഭ്യന്തരമന്ത്രി ഡിയൊസാഡോ കബെല്ലോ റോന്‍ഡന്‍, മുന്‍ ആഭ്യന്തര മന്ത്രി റമോണ്‍ റോഡ്രിഗസ് ചാചിന്, ട്രെന് ഡെ അരാഗ്വ ഭീകരസംഘ മേധാവി എന്നിവരെ പ്രതിചേര്‍ത്ത് മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ മുഖ്യപ്രതികളെ അറസ്റ്റു ചെയ്യാന്‍ യുഎസ് ഫെഡറല്‍ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന സൈനിക നടപടിയാണിതെന്നാണ് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞത്.
വെനസ്വേല എന്ന പരമാധികാര രാഷ് ട്രത്തിനെതിരെ സൈനികാക്രമണം നടത്തി, അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി വിദേശത്ത് തടവിലാക്കി വിചാരണ ചെയ്യുന്നത് യുഎന്‍ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍ രണ്ടിന്റെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ്. വെനസ്വേലയില്‍ നിന്നുള്ള കൊക്കെയ്ന്‍ കടത്ത് തടയാനെന്ന പേരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ യുഎസ് കരീബിയന്‍ കടലിലും കിഴക്കന്‍ പസിഫിക് സമുദ്രത്തിലുമായി 32 ചെറുയാനങ്ങള്ക്കു നേരെ നടത്തിയ ആക്രമണങ്ങളില്‍ 115 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ യാനങ്ങള്‍ ഓരോന്നും ലഹരിമരുന്നുമായി അമേരിക്കന്‍ തീരത്ത് എത്തിയാല്‍ ചുരുങ്ങിയത് 25,000 പേര് വീതം കൊല്ലപ്പെടുമായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ വെനസ്വേലയില്‍ നിന്ന് ഇത്തരം ചെറുയാനങ്ങള്‍ അമേരിക്കന്‍ തീരത്ത് എത്തുവാന്‍ ഒരു സാധ്യതയുമില്ല. കൊളംബിയ, പെറു, ബൊളീവിയ എന്നിവിടങ്ങളില്‍ നിന്നാണ് യുഎസിലേക്ക് കൊക്കെയ്ന്‍ നേരിട്ട് കടല്‍ വഴി എത്തുന്നത്. അമേരിക്കയില്‍ ലഹരിമരുന്ന് ഓവര്‍ഡോസിന് പ്രധാന കാരണമാകുന്ന ഫെന്റാനില്‍ വെനസ്വേലയില്‍ നിന്നാണ് വരുന്നതെന്നും ട്രംപ് വ്യാജപ്രസ്താവന നടത്തിയിരുന്നു. വാസ്തവത്തില്‍ ചൈനയില്‍ നിന്നാണ് മെക്സിക്കോ വഴി യുഎസില്‍ ഏറ്റവും കൂടുതല്‍ ഫെന്റാനില്‍ എത്തുന്നത്.
വിദേശ രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നേതാവാണ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് വെനസ്വേലയില്‍ യുഎസ് സൈനികരെ വിന്യസിക്കുന്നതില്‍ ഭയപ്പാടില്ലെന്നാണ്. ലാറ്റിന്‍ അമേരിക്കയും കരീബിയനും സെന്‍ട്രല്‍ അമേരിക്കയും വടക്കേ അമേരിക്കയും ഉള്‍പ്പെടുന്ന ‘പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ യുഎസ് ആധിപത്യം ഇനി ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല’ എന്ന് ട്രംപ് പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ നവംബറില്‍ ട്രംപ് ഭരണകൂടം പുറത്തുവിട്ട ‘ദേശീയ സുരക്ഷാ തന്ത്രം’ പശ്ചിമാര്‍ധഗോളത്തില്‍ യുഎസ് സ്വാധീനം പുനര്‍നിര്‍ണയിക്കുന്നതിന് ഊന്നല്‍ നില്‍കിയിരുന്നു. 1823ല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ കൊണ്ടുവന്ന വിദേശനയ പ്രഖ്യാപനമാണ് അമേരിക്കന്‍ ആധിപത്യത്തിന്റെ മണ്‍റോ സിദ്ധാന്തം. ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലും യുഎസ് താല്പര്യങ്ങള്ക്കു വിരുദ്ധമായി റഷ്യയോ ചൈനയോ സൈനിക, സാമ്പത്തിക, രാഷ് ട്രീയ ബന്ധങ്ങള്‍ക്കു ശ്രമിച്ചാല്‍ കടുത്ത തിരിച്ചടി നല്കുന്ന ‘ഡോണ്‍റോ’ സിദ്ധാന്തമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ട്രംപ് വിശദീകരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള വെനസ്വേലയില്‍ ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവപാര്‍ട്ടി നേതാവ് ഊഗോ ചാവെസിന്റെ പിന്‍ഗാമിയായ മഡുറൊ റഷ്യന്‍ സൈനിക സഹായത്തിന്റെയും ചൈനയില്‍ നിന്നുള്ള വന്‍ നിക്ഷേപങ്ങളുടെയും വ്യാപാരബന്ധത്തിന്റെയും പിന്‍ബലത്തോടെ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും രാഷ് ട്രീയ സമ്മര്‍ദങ്ങളെയും മറികടന്ന് ക്യൂബ, ഇറാന് എന്നിവയുമായി ചേര്‍ന്ന് പ്രത്യയശാസ്ത്രപരമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. യുഎസിന്റെ പിടിയിലാകുന്നതിന് തലേന്ന് ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങള്‍ക്കായുള്ള ചൈനയുടെ പ്രത്യേക പ്രതിനിധി ചിയു സിയോചിയുമായി മഡുറോ കൂടിക്കാഴ്ച നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ അറുന്നൂറിലേറെ ഉടമ്പടികളുടെ അവലോകനത്തിനായിരുന്നു. ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലുമായി 24 രാജ്യങ്ങള്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യറ്റീവില്‍ പങ്കാളികളാണ്. ചൈനയാണ് വെനസ്വേലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. ക്യൂബയ്ക്ക് ആവശ്യമായ എണ്ണയുടെ 30 ശതമാനം വെനസ്വേലയാണ് നല്‍കുന്നത്.
കൊക്കെയ്ന്‍ കടത്തുകേസിലെ പ്രതികള്‍ എന്ന പേരിലാണ് മഡുറൊയെയും ഭാര്യയെയും കൈയിലും കാലിലും വിലങ്ങുവച്ച്, കണ്ണുകള്‍ മൂടിക്കെട്ടി ന്യൂയോര്‍ക്കിലെ ബ്രൂക് ലിന് മെട്രോപൊളിറ്റന്‍ ഡിറ്റെന്‍ഷന്‍ സെന്ററിലെത്തിച്ചതെങ്കിലും, യഥാര്‍ഥത്തില്‍ തന്റെ ലക്ഷ്യം വെനസ്വേലയിലെ എണ്ണനിക്ഷേപം യുഎസ് എണ്ണവ്യവസായികളായ തന്റെ ചങ്ങാതികള്‍ക്കായി പിടിച്ചെടുക്കുക എന്നതാണെന്ന് ട്രംപ് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. സ്വേച്ഛാധിപതിയും അഴിമതിക്കാരനും ജനദ്രോഹിയുമെന്ന് മുദ്രകുത്തപ്പെട്ട മഡുറൊയെ അറസ്റ്റുചെയ്ത് നാടുകടത്തി ജനാധിപത്യഭരണവും മനുഷ്യാവകാശങ്ങളും പുനഃസ്ഥാപിക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്രംപ് അവകാശപ്പെടുന്നില്ല.
മഡുറൊയുടെ ഭീകരവാഴ്ചയുടെ ഭാഗമായിരുന്ന വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി അവരോധിക്കാനുള്ള വെനസ്വേല സുപ്രീം കോടതിയുടെ തീരുമാനം യുഎസ് അംഗീകരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം അപ്പാടെ അട്ടിമറിച്ച് അധികാരത്തില്‍ തുടര്‍ന്നുവന്ന മഡുറൊയുടെ ഭരണകൂടവും സൈന്യവും പൊലീസും ചാവിസ്റ്റ് പ്രത്യയശാസ്ത്രവും ഫലത്തില്‍ അതേപടി തുടരുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയ മുഖ്യപ്രതിപക്ഷ സഖ്യത്തിനും കഴിഞ്ഞവര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം നേടിയ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയ്ക്കും രാജ്യത്ത് ജനപ്രീതിയും ജനകീയ പിന്തുണയുമില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍!
വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കും, വേണ്ടിവന്നാല്‍ യുഎസ് സൈനികരെ വിന്യസിക്കും എന്നും മറ്റും പറയുന്നുണ്ടെങ്കിലും പ്രായോഗികമായി വെനസ്വേലയില്‍ ഇനി എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാനും ട്രംപിനില്ല. ‘സുരക്ഷിതമായും നിയമാനുസൃതമായും’ അധികാരം കൈമാറാവുന്ന ഘട്ടം വരുന്നതുവരെ അമേരിക്ക വെനസ്വേല ഭരിക്കും, ഡെല്‍സി റോഡ്രിഗസ് തങ്ങളുടെ നയം പിന്തുടരുന്നില്ലെങ്കില് മഡുറൊയുടേതിനെക്കാള് ഭയാനകമായ അവസ്ഥയാകും അവര്‍ക്കുണ്ടാവുക എന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. സൗദി അറേബ്യ, ഇറാന് എന്നിവയുടേതിനെക്കാള്‍ വലിയ എണ്ണനിക്ഷേപമാണ് വെനസ്വേലയിലുള്ളതെങ്കിലും, ആ രാജ്യത്തെ ക്രൂഡ് ഓയില്‍ ‘എക്സ് ട്രാ ഹെവി’ ഇനത്തില്‍ പെടുന്നതിനാല്‍ അതിന്റെ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യ ചെലവേറിയതാണ്. അമേരിക്കന്‍ എണ്ണകമ്പനികള്‍ക്ക് പെട്ടെന്ന് വെനസ്വേല ക്രൂഡ് ഓയിലില്‍ നിന്ന് വന്‍നേട്ടം കൊയ്യാനാവില്ല. യുഎസ് റിഫൈനറികള്‍ ലാഭം കൊയ്തുതുടങ്ങാന് എത്ര വര്‍ഷമെടുക്കുമെന്ന് പ്രവചിക്കാനാവില്ല. അത്രയും നാള് വെനസ്വേലയില്‍ അധിനിവേശം തുടരാന്‍ അമേരിക്കയ്ക്ക് ആകുമോ?
മഡുറൊയ്ക്കെതിരെ ട്രംപും കൂട്ടരും കെട്ടിച്ചമച്ച കൊക്കെയ്ന്‍ കടത്തും ഭീകരപ്രവര്‍ത്തനവും എത്ര വലിയ പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ്, മെക്സിക്കന്‍ ഡ്രഗ് കാര്‍ട്ടല്‍ മേധാവി എല്‍ ചാപോ ഗുസ്മാനില് നിന്ന് ഒരു മില്യണ്‍ ഡോളര്‍ കൈപ്പറ്റിയതിനും അമേരിക്കയിലേക്ക് നൂറുകണക്കിന് ടണ്‍ ലഹരിമരുന്ന് കടത്തിയതിനും മറ്റുമായി അമേരിക്കയില്‍ വിചാരണ നടത്തി 45 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിക്കപ്പെട്ട് വെസ്റ്റ് വെര്‍ജീനിയ ജയിലില്‍ കഴിഞ്ഞുവന്ന ഹൊണ്ടൂറാസിലെ മുന്‍ പ്രസിഡന്റ് ഹ്വാന്‍ ഒര്‍ലാന്‍ഡോ എര്നാണ്ടെസിനെ രണ്ടുമാസം മുന്‍പ് പ്രസിഡന്റ് ട്രംപ് മാപ്പുനല്കി മോചിപ്പിച്ചത്.
ജോ ബൈഡന് ഗവണ്മെന്റ് രാഷ് ട്രീയ പകപോക്കലിന് 2024 ജൂണില്‍ എര്നാണ്ടെസിനെ ജയിലിലടച്ചതാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. എല്‍സാല്‍വഡോറിലെ എംഎസ് 13 എന്ന ഇന്റര്‍നാഷണല്‍ അക്രമിസംഘവുമായി ബന്ധമുള്ള എല്‍സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെയെ ട്രംപ് ഓവല്‍ ഓഫിസില്‍ സ്വീകരിക്കുകയും, അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട വെനസ്വേലന്‍ പൗരന്മാരെ എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധ തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ ഉടമ്പടിയുണ്ടാക്കുകയും ചെയ്തു.
മഡുറൊ വെനസ്വേല തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം കാണിച്ചതിലാണോ ട്രംപിന് എതിര്‍പ്പ്? ബ്രസീലില്‍ 2022ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ തീവ്രവലതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോയെ ബ്രസീലിലെ സുപ്രീം കോടതി 27 വര്‍ഷം തടവിനു വിധിച്ചപ്പോള്‍, ആ കേസന്വേഷിച്ച ജഡ്ജിക്കെതിരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തുക മാത്രമല്ല, ബൊള്‍സനാരോയെ രാഷ് ട്രീയമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചുകൊണ്ട് ബ്രസീലിലെ ഇടതുചായ് വുള്ള പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഭരണകൂടത്തിനെതിരെ 50 ശതമാനം താരിഫ് വര്‍ധന അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
വെനസ്വേലയ്ക്കു പിന്നാലെ, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഉത്തരധ്രുവത്തില്‍ ഡെന്മാര്ക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് തങ്ങള്‍ക്കു വേണമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. നേറ്റോ സഖ്യകക്ഷിയായ ഡെന്മാര്ക്കില് നിന്ന് ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഡാനിഷ് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്സനും ഫ്രാന്‍സ്, യുകെ, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന് എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പരസ്യപ്രസ്താവന നടത്തി.
ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിലും വേണ്ടിവന്നാല്‍ സൈനിക ഇടപെടലുണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ക്യൂബയിലെ ഭരണതകര്ച്ചയില് ജനങ്ങളെ സഹായിക്കുമെന്ന് ട്രംപ് പറയുന്നു. കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ യുഎസിലേക്ക് ലഹരിമരുന്ന് കടത്തുന്നത് ഇനിയും തുടരാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പുനല്കുന്നു. മെക്സിക്കോ ഭരണം നിയന്ത്രിക്കുന്നത് ഡ്രഗ് കാര്‍ട്ടലുകളും ഭീകരസംഘങ്ങളുമാണെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
യുഎന്‍ പ്രമേയങ്ങളോ അമേരിക്കയിലെ ജനപ്രതിനിധിസഭയുടെ അംഗീകാരമോ കൂടാതെയാണ് ട്രംപ് വെനസ്വേലയ്ക്കെതിരെ ഏകപക്ഷീയമായ ആക്രമണത്തിന് കളമൊരുക്കിയത്. കിഴക്കന്‍ യൂറോപ്പില്‍ യുക്രെയ്നെതിരെ റഷ്യയുടെ വ്ളാഡിമിര്‍ പുടിന് ഒരു പതിറ്റാണ്ടായി തുടരുന്ന കടന്നാക്രമണങ്ങള്‍ക്കും, തായ്വാനെതിരായും ദക്ഷിണ ചൈനാക്കടലിലും ചൈനയുടെ ഷി ജിന്‍പിങ് നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനുള്ള ധാര്‍മിക അവകാശം ഇനി ട്രംപിനുണ്ടാവുമോ? നൈജീരിയയിലെ ക്രൈസ്തവരെ രക്ഷിക്കാന്‍ എന്ന പേരില്‍ ഇസ് ലാമിക ഭീകരവാദികള്‍ക്കെതിരെ ബോംബാക്രമണം നടത്തുമ്പോഴും, ഇറാനിലെ ഇസ് ലാമിക വിപ്ലവത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്താങ്ങാന് സൈനികമായി ഇടപെടുമെന്നു ഭീഷണിപ്പെടുത്തുമ്പോഴും ട്രംപ് അമേരിക്ക എന്ന ലോക സൂപ്പര്പവറിനെ മറ്റൊരു തെമ്മാടി രാഷ് ട്രമാക്കി മാറ്റുകയാണെന്ന് ജനാധിപത്യലോകം തിരിച്ചറിയേണ്ടതുണ്ട്.
ഏശയ്യായുടെ പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്: ”ലോകത്തെ അതിന്റെ തിന്മയ്ക്കും ദുഷ്ടരെ അവരുടെ കുറ്റത്തിനും ഞാന്‍ ശിക്ഷിക്കും. അഹങ്കാരിയുടെ ഔദ്ധത്യം ഞാന്‍ അവസാനിപ്പിക്കും; നിര്‍ദയന്റെ ഗര്‍വ് ഞാന്‍ ശമിപ്പിക്കും.”

