സിനിമ /ബിജോ സിൽവേരി
2025 മലയാളം സിനിമ-കോടികളുടെ നഷ്ടമെന്ന് നിര്‍മാതാക്കളും ഫിലിം ചേംബറും
2025 ല്‍ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും. ഇരു സംഘടനകളുടേയും കണക്കില്‍ പൊരുത്തക്കേടുണ്ടെന്നു മാത്രം. പുറത്തിറങ്ങിയ 188 സിനിമകളില്‍ 150 എണ്ണവും പരാജമായിരുന്നുവെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 530 കോടി രൂപയുടെ നഷ്ടമെന്നാണ് ചേംബര്‍ വെളിപ്പെടുത്തിയത്.
ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഉണ്ടായ ലാഭ നഷ്ട കണക്കുകളുടെ പട്ടികയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇത് പ്രകാരം 2025 ല്‍ മലയാള സിനിമകള്‍ ആകെ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. ഈ വര്‍ഷം 188 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 16 ചിത്രങ്ങള്‍ മാത്രമാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിര്‍മാണം കുറഞ്ഞു വരികയാണെന്നും നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. തിയറ്ററില്‍ മികച്ച കളക്ഷന്‍ ലഭിച്ച 16 ചിത്രങ്ങളില്‍ ഒമ്പത് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു.
ലോക, തുടരും, എമ്പുരാന്, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖാചിത്രം, സര്‍വം മായ എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കണക്കുകള്‍ പ്രകാരം സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്, പടക്കളം, ബ്രൊമാന്‍സ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയറ്ററുകളില്‍ നഷ്ടമാണെന്ന് നിര്‍മാതാക്കളുടെ സംഘടന വിലയിരുത്തുന്നു. ഇങ്ങനെ പോയാല്‍ വൈകാതെ മലയാളത്തില്‍ സിനിമാ നിര്‍മ്മാണം കുറയുമെന്നാണ് കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍ പറയുന്നത്. ക്രിസ്മസ് ചിത്രങ്ങളില്‍ നിവിന്‍ പോളിയുടെ സര്‍വം മായ മാത്രമാണ് വിജയക്കൊടി ചൂടിയത്.
188 സിനിമകള്‍ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവര്‍ഷത്തില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മൊത്തം മുതല്‍മുടക്ക് 860 കോടി രൂപയോളം വരും. റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
300 കോടി കളക്ഷനിട്ട ‘ലോക’, മലയാളി പ്രേക്ഷകരുടെ സിനിമാകാഴ്ചപ്പാടുകള്‍ മാറ്റി മറിച്ച സിനിമയാണ്. ദുഷ്ടശക്തിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന യക്ഷിയാണ് ഇതിലെ നായികാ കഥാപാത്രം. ‘മൈ ഡിയര്‍ കുട്ടിത്തനു’ ശേഷം അത്തരമൊരു കാഴ്ചപ്പാടോടെ എത്തിയ ‘ലോക’ മലയാളീലോകവും കടന്ന് ലോകഹിറ്റിലേക്കു പറന്നു. മൂന്ന് ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ എമ്പുരാന്, തുടരും, ഹൃദയപൂര്‍വം എന്നിവ യഥാര്‍ത്ഥത്തില്‍ മലയാളസിനിമയ്ക്ക് രക്ഷയായി മാറി.

എക്കോ
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ: ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്’ രാജ്യാന്തര നിലവാരമുള്ള സിനിമയായി മാറി. ഒരു ക്ലാസിക് കഥ വായിക്കുന്ന അനുഭവംപകര്ന്നു തന്ന സിനിമയായിരുന്നു അത്. ബാഹുല്‍ രമേശിന്റെ തിരക്കഥ അതിസൂക്ഷ്മവും കൗശലവും നിറഞതായി. വമ്പന്‍ താരങ്ങളൊന്നുമില്ലാതെ എത്തിയ സിനിമയെ രണ്ടു കയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചത് വ്യത്യസ്തമായ പ്രമേയത്തെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണ്. എക്കോയ്ക്ക് തൊട്ടു മുമ്പ് റിലീസായ പൃഥ്രിരാജ് സുകുമാരന്റെ ‘ വിലായത്ത് ബുദ്ധ’ വന്‍ പരാജയമായി മാറിയതിനും 2025 സാക്ഷിയായി.
കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും അതിര്‍ത്തി പങ്കിടുന്ന, വന്യസൗന്ദര്യമുള്ള ഒരു മലമ്പ്രദേശമാണ് ‘എക്കോ’യുടെ കഥാഭൂമിക. ഡോഗ് ട്രെയിനറായ കുര്യച്ചന് എന്ന വ്യക്തിയുടെ തിരോധാനമാണ് ചിത്രത്തിന്റെ കാതല്‍. കുര്യച്ചന്റെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ ആ മലമുകളിലേക്ക് പലകാലങ്ങളിലായി എത്തുന്ന നിരവധി മനുഷ്യര്‍. അവര്‍ പറയുന്ന കഥകളിലൂടെ പ്രേക്ഷകരുടെ മനസ്സിലും കുര്യച്ചന്റെ രൂപം തെളിയുന്നു. അയാളുടെ ഭൂതകാലം ഒരു ആന്‍ഡീ ഹീറോ പരിവേഷത്തോടെ ജ്വലിച്ചുനില്ക്കുന്നു.
സന്ദീപ് പ്രദീപ്, വിനീത്, നരേന്, അശോകന്, ബിനു പപ്പു, രഞ്ജിത് ശേഖര്‍ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ച പ്രകടനമാണ് എക്കോയില്‍ കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം, സൗരഭ് സച്ച്ദേവ, ബിയാന മോമിന്, സിം സെ ഫെഎന്നിവരുടെ പ്രകടനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. വൈകാരികമായ രംഗങ്ങളെയും നിഗൂഢത നിറഞ്ഞ നിമിഷങ്ങളെയും ഇവര്‍ അവിസ്മരണീയമാക്കി.
മനുഷ്യനും നായ്ക്കളും പ്രകൃതിയും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ ബന്ധത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രം വരച്ചുകാട്ടുന്നു. എം.പി. നാരായണ പിള്ളയുടെ ‘പരിണാമം’ എന്ന നോവലിനെ എക്കോ ഓര്‍മിപ്പിക്കുന്നത് ഒരു പക്ഷേ യാദൃശ്ചികമാകാം. പരിണാമത്തിലും നായകള്‍ പ്രധാന കഥാപാത്രങ്ങളാണ്. കാടിന്റെ വന്യത, സൗന്ദര്യം, നിഗൂഢത എന്നിവയെല്ലാം അതീവ അഴകോടെ ചിത്രീകരിച്ചിരിക്കുന്നു. സൂരജ് എ.എസിന്റെ കൃത്യതയുള്ള എഡിറ്റിംഗ്, കഥയുടെ താളവും മര്‍മ്മവും ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കുന്നു. മുജീബ് മജീദിന്റെ ശക്തമായ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ദുരൂഹമായ അന്തരീക്ഷത്തിന് കൂടുതല്‍ മിഴിവേകുന്നു.
കളങ്കാവല്‍

രോഗശയ്യയില്‍ നിന്നുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് ഗംഭീരമായി തന്നെ ആഘോഷിച്ച ചിത്രമാണ് ‘കളങ്കാവല്‍’.
ജിതിന് കെ ജോസിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. മമ്മൂട്ടി പ്രതിനായകനും വിനായകന് നായകനും എന്നിങ്ങനെയുള്ള പല കാരണങ്ങളാല്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രമാണിത്.
മ്മൂട്ടി ഒരു സീരിയല്‍ കില്ലറായി വേഷമിട്ട ചിത്രത്തില്‍ വിനായകന് പൊലീസ് ഓഫീസറാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍ വാങ്ങലുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

പൊന്മാന്
ഇന്നും കേരളസമൂഹത്തിലെ മുഖ്യചര്‍ച്ചാ വിഷയമായ സ്ത്രീധന പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പൊന്മാന്’.
സ്ത്രീധനം ചോദിക്കരുത്, വാങ്ങരുത് എന്നൊക്കെ നിയമം പറയുമ്പോഴും കേരളത്തില്‍ പലയിടങ്ങളിലും ഇന്നും ഒളിഞ്ഞും തെളിഞ്ഞും ഈ സമ്പ്രദായം നിലവിലുണ്ട്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഡനകേസുകളും മരണങ്ങളും നിത്യ വാര്‍ത്തയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിന്ന്, സ്ത്രീധന സമ്പ്രദായത്തെയും അതു സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലുമുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെയും പ്രശ്നബാധിതമായ സാമൂഹികാവസ്ഥകളെയും വളരെ തന്മയത്വത്തോടെ പറയുകയാണ്് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്’.കൊല്ലത്തിന്റെ തീരപ്രദേശമാണ് കഥയിടം.
ബ്രൂണോയുടെ(ആനന്ദ് മന്മഥന്) സഹോദരി സ്റ്റെഫി ഗ്രാഫിന്റെ (ലിജോ മോള്) കല്യാണ ഒരുക്കങ്ങള്‍ നടക്കുകയാണ്. ചെറുക്കന്റെ വീട്ടുകാര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ സ്വര്ണമൊപ്പിക്കാന് എന്തു ചെയ്യുമെന്നോര്‍ത്തുള്ള വെപ്രാളത്തിലാണ് അമ്മയും ബ്രൂണോയും സ്റ്റെഫിയും. അവിടേക്കാണ്, ആശ്വാസമായി സ്വര്‍ണവും കൊണ്ട് പി.പി. അജേഷ് (ബേസില്‍ ജോസഫ്) എത്തുന്നത്. ബേസിലിന്റെ പക്വതയാര്‍ന്ന അഭിനയമികവാണ് സിനിമയുടെ കാതല്‍. ജി.ആര്. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്മാന് ഒരുക്കിയിരിക്കുന്നത്.
വൈകാരിക നിമിഷങ്ങളും കൊച്ചുതമാശകളും മികച്ച പെര്‍ഫോമന്‍സുകളും കോര്‍ത്തിണക്കിയതാണ് ‘പൊന്മാനിന്റെ’ വിജയം.

ഫെമിനിച്ചി ഫാത്തിമ
ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഫെമിനിച്ചി ഫാത്തിമ മനോഹരമായ ചിത്രമായിരുന്നു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമര്‍. എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമുള്‍പ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്.
റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേര്‍ന്ന് നില്ക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കുമൊപ്പം മനസ്സില്‍ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങള്‍ പലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ ‘കിടക്ക’ ഫാത്തിമയുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വളരെ സരസമായി മുന്നോട്ട് പോകുന്നത്. സംവിധായകന് എന്ന നിലയില്‍ ഫാസില്‍ മുഹമ്മദിന്റെ ഈ ആദ്യ സംരംഭം മികവു പുലര്‍ത്തുന്നുണ്ട്. മികച്ച ഷോട്ടുകളും ഫ്രെയിമുകളും ശ്രദ്ധേയമാണ്. കേന്ദ്ര കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയും
അഷ്റഫ് ഉസ്താദായി വരുന്ന കുമാര്‍ സുനിലും മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.

റോന്ത്
ഷാഹി കബീറിന്റെ ‘റോന്ത്’ പൊലീസ് പശ്ചാത്തലത്തിലൊരുക്കിയ സസ്പെന്‍സ് ഇമോഷണല്‍ ഡ്രാമയാണ്. ഒരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്തായിരിക്കുമെന്ന് ത്രില്ലടിപ്പിച്ച സിനിമ. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിഭാവുകതയുടെ ഒരു അംശം പോലും ചിത്രത്തില്‍ എങ്ങുമില്ല. പത്രത്താളുകളില്‍ കണ്ട വാര്‍ത്തകള്‍ പൊലീസിന്റെ കൈകളിലൂടെ എങ്ങനെയാണ് കടന്നുപോവുന്നതെന്ന് കാണിക്കുന്നു.
ഞെട്ടലോടെയല്ലാതെ ഈ ഭാഗങ്ങള്‍ പ്രേക്ഷകന് കണ്ടുതീര്‍ക്കാനാവില്ല. ലക്ഷകണക്കിന് ജനങ്ങളെ സംരക്ഷിക്കാന്‍ എണ്ണത്തില്‍ തുച്ഛമായ പൊലീസുകാര്‍ ചെയ്യേണ്ടി വരുന്ന പെടാപ്പാട് ചിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രകഥാപാത്രങ്ങള്‍ കടന്നു പോവുന്ന വൈകാരിക തീവ്രനിമിഷങ്ങള്‍ പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്.
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും റോഷന് മാത്യുവും നിറഞ്ഞ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. അച്ചടക്കമുള്ള തിരക്കഥയെ അതിന്റെ മേന്മ നിലനിര്‍ത്തി അവതരിപ്പിക്കാന്‍ ഇരുവരുടെയും അഭിനയത്തിനായി.ദിലീഷ് പോത്തന്റേയും റോഷന് മാത്യുവിന്റേയും അഭിനയജീവിതത്തിലെ വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളായിരുന്നു റോന്തിലെ പൊലീസുകാര്‍.

രേഖാചിത്രം
ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ സിനിമയായിരുന്നു രേഖാചിത്രം. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെയും അനശ്വര രാജന്ന്റെയും മികച്ച പ്രകടനങ്ങളാണ് ഹൈലൈറ്റ്.
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. രാമു സുനില്‍, ജോഫിന്‍ ടി. ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജന്, മനോജ് കെ. ജയന്, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ അര്‍ഹിക്കുന്നു.
മലയാളം സിനിമയിലെ അനേകം ആദ്യകാലനായികമാരുടെ ജീവിതങ്ങളുടെ പ്രതിഫലനം ‘രേഖാചിത്ര’ത്തില്‍ കാണാം. മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി മുതല്‍ റാണി പദ്മിനിയും സില്‍ക്ക് സ്മിതയും ശോഭയുമടക്കം നിരവധി പേര്‍ക്കുള്ള ആദരാഞ്ജലിയെന്നും ചിത്രത്തെ വിശേഷിപ്പിക്കാം.

ഡീയസ് ഈറെ
മികച്ച ബോക്സോഫീസ് കളക്ഷനാണ് ഡീയസ് ഈറെ നേടിയത്. സൈക്കോളജിക്കല്‍ ഹൊറര്‍ ജോണറിലിറങ്ങിയ ചിത്രം ശരിക്കും ഞെട്ടിച്ചു. സംവിധായകന് രാഹുല്‍ സദാശിവന് തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. പ്രണവ് മോഹന്‍ലാലാണ് നായകന്.
ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമായിരുന്നു ‘ഡീയസ് ഈറേ’. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോര്‍ത്തിണക്കി വമ്പന്‍ സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയതായിരുന്നു സിനിമ.
‘ഡീയസ് ഇറേ’ എന്നത് ലാറ്റിന്‍ വാക്കാണ്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉത്ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില്‍ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയില്‍ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യവിധിയും സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയില്‍ പ്രതിപാദിക്കുന്നത്. സാധാരണ ഹൊറര്‍ സിനിമകളെ പോലെ തീയറ്റര്‍ മുഴക്കുന്ന പശ്ചാത്തല സംഗീതമല്ല, നിശബ്ദതയുടെ ഏറ്റക്കുറച്ചിലുകളാണ് കാഴ്ചക്കാരനെ ആകാംഷയുടെ മുള്‍മുനയിലേക്ക് അടുപ്പിക്കുന്നത്.

നരിവേട്ട
‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’- ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’ അതിന്റെ ടാഗ് ലൈനോടു നൂറുശതമാനം നീതി പുലര്‍ത്തിയ ചിത്രമാണ്. മുത്തങ്ങയിലെ പൊലീസ് വെടിവയ്പിനെ ആസ്പദമാക്കി നിര്‍മിച്ച സിനിമ പലരേയും പൊള്ളിച്ചു.
കുട്ടനാട്ടുകാരനായ വര്‍ഗീസ് പീറ്റര്‍ (ടൊവിനോ) ജീവിതത്തില്‍ ഏറെ സ്വപ്നങ്ങളുള്ളൊരു ചെറുപ്പക്കാരനാണ്.
കടംകയറി ആത്മഹത്യ ചെയ്ത കൃഷിക്കാരനായ അച്ഛന്റെ ജീവിതം ആവര്‍ത്തിക്കരുതെന്നും ജീവിതത്തില്‍ ഉയര്‍ച്ച വേണമെന്നും കൊതിക്കുന്ന, അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു ചെറുപ്പക്കാരന്. ഇഷ്ടമില്ലാഞ്ഞിട്ടും വര്‍ഗീസിന് പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യാനായിരുന്നു യോഗം. തുടക്കക്കാരന്റെ പകപ്പോടെ, വയനാട്ടിലെ ആദിവാസി ഭൂ സമരഭൂമിയിലേക്ക് വര്‍ഗീസ് യാത്ര തിരിക്കുന്നു. ആ യാത്ര, വര്‍ഗീസിന്റെ ജീവിതം അടിമുടി മാറ്റിമറിയ്ക്കുകയാണ്.
വര്‍ഗീസ് പീറ്റര്‍ എന്ന ചെറുപ്പക്കാരന്റെ നിരാശയും ദേഷ്യവും നിസ്സഹായതയും പ്രതിസന്ധികളുമെല്ലാം തന്മയത്വത്തോടെ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നു. ടൊവിനോയുടെ കരിയറിലെ മികച്ച വേഷങ്ങളുടെ പട്ടികയില്‍ വര്‍ഗീസ് പീറ്ററും ഇടം നേടിയിരിക്കുന്നു. ബഷീറെന്ന മറ്റൊരു പൊലീകാരനായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ്താരം ചേരന്, ആര്യ സലീം, പ്രിയംവദ കൃഷ്ണന് എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവായ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കാലം പലപ്പോഴും മറന്നെന്നു ഭാവിക്കുന്ന ചില ചരിത്രസത്യങ്ങള്‍ വീണ്ടും ഓര്‍മപ്പെടുത്തുകയാണ് നരിവേട്ടയിലൂടെ അബിന്‍. ഫിക്ഷനെന്ന രീതിയില്‍ പറഞ്ഞുപോവുമ്പോഴും ചിത്രത്തിന്റെ കഥാപരിസരം കെട്ടുകഥയല്ലെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമാവും.
ചിത്രത്തിന്റെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍, വളരെ റിയലിസ്റ്റിക്കായാണ് സംവിധായകന് അനുരാജ് നരിവേട്ടയെ സമീപിച്ചിരിക്കുന്നത്. രണ്ടാം പകുതിയോടെ ചിത്രം അതിന്റെ തീവ്രമായ കഥാഖ്യാനത്തിലേക്കു സഞ്ചരിക്കുകയാണ്.
ചിത്രത്തിന്റെ ടെക്നിക്കല്‍ വശങ്ങളെല്ലാം ഒന്നിനൊന്നു മികച്ചുനില്ക്കുന്നു. ജേക്സ് ബിജോയുടെ സംഗീതവും വിജയുടെ ഛായാഗ്രഹണവും എടുത്തു പറയണം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍. കാമ്പുള്ള പ്രമേയം, ടെക്നിക്കല്‍ വശങ്ങളിലെ മികവ്, അഭിനേതാക്കളുടെ പ്രകടനം എന്നിവ കൊണ്ട് ക്വാളിറ്റി കാഴ്ച സമ്മാനിക്കുന്ന ചിത്രമാണ് നരിവേട്ട. എല്ലാ കാലവും സംസാരിക്കാന്‍ ആളില്ലാതെ പോവുന്ന, അരികുവത്കരിക്കപ്പെട്ടു പോവുന്ന ഒരു ജനതയ്ക്കു വേണ്ടി കൂടിയാണ് നരിവേട്ട സംസാരിക്കുന്നത്. അത്തരമൊരു വിഷയം, ഈ കാലത്തുനിന്നു സംസാരിക്കുന്നു എന്നതു കൂടിയാണ് നരിവേട്ടയുടെ പ്രസക്തി. മുത്തങ്ങ സംഭവത്തിലെ നായിക ജാനു, സിനിമയിറങ്ങി അധികകാലം കഴിയുന്നതിനു മുമ്പേ മുത്തങ്ങ വെടിവെയ്പ് നടത്തിയ രാഷ്ട്രീയ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിയില്‍ എത്തിയെന്നത് രസകരമായ കാര്യം.

