പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍ നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്പതുപേര്. പൂര്‍ണമായി വായിച്ചത് 400 പേര്.
കണ്ണൂര്‍ രൂപതയുടെ മാസികയായ ‘കണ്ണും കണ്ണാടി’യും രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. 2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ.ജോയി പൈനാടത്തും ഫാ.വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് നാല്പതോളം ഇടവകകളില്‍നിന്നായി നാന്നൂറുപേര്‍ ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്പതുപേര് ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതി.
ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന് റി പട്ടരുമടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി..
ഈ ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്. ഈ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ബൈബിള്‍ മുഴുവനായി വായിച്ചു തീര്‍ന്നവരും എഴുതിയവരും രൂപതയ്ക്ക് ഒരു അനുഗ്രഹമാണെന്ന് കണ്ണൂര്‍ രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.

