കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിലെ ഒരു ശുപാർശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കും എന്ന് കൊച്ചിയിൽ ചേർന്ന മാനേജിങ് കൗൺസിൽ യോഗം പ്രഖ്യാപിച്ചു. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യക്ഷ സമ്മർദ്ദ പരിപാടികൾ സംഘടിപ്പിക്കും.
2026 ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 മത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രചാരണം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുന്നത് ഉൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, സാബു കാനക്ക പ്പള്ളി എന്നിവർ പ്രസംഗിച്ചു.

