കൊച്ചി: ഉപ്പുവെള്ളത്തിൽ മുങ്ങിയ പുരയിടത്തിൽ പുതുവത്സര കേക്ക് മുറിച്ചു പ്രതിഷേധിച്ചു .പുതുവത്സരത്തിലും കുടുംബങ്ങൾ ഉപ്പുവെള്ളത്തിൽ . ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള നിർദ്ദേശം പോലീസ് അവഗണിച്ചതിനെ തുടർന്നാണ് തങ്ങളുടെ പുരയിടങ്ങൾ ഇപ്പോഴും ഉപ്പുവെള്ളത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നതെന്ന് കൊച്ചി , ചെല്ലാനം , മറുവക്കാട് പാടശേഖരത്തിലെ നൂറോളം കുടുംബങ്ങൾ പറഞ്ഞു.
സർക്കാർ നയമനുസരിച്ച് ഒരു നെല്ലും ഒരു മീനും ആണ് 425 ഏക്കർ വിസ്തൃതിയുള്ള മറുവക്കാട് പാടശേഖരത്തിൽ അനുവർത്തിക്കേണ്ടത് . കാർഷിക കലണ്ടർ പ്രകാരം ഏപ്രിൽ 15 മുതൽ നവംബർ 14 വരെയുള്ള ഏഴുമാസം വയലുകളിൽ നെൽകൃഷി മാത്രമേ ചെയ്യാവൂ .
ശേഷിക്കുന്ന അഞ്ചുമാസം മാത്രമാണ് മത്സ്യകൃഷിക്ക് അനുവാദം ഉള്ളത് . ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള PLDA യുടെ ഉത്തരവു പ്രകാരം കാർഷിക കലണ്ടർ ലംഘിക്കുന്ന പാടശേഖരങ്ങൾക്ക് മത്സ്യ കൃഷി ചെയ്യാൻ ഫിഷറീസ് വകുപ്പ് ലൈസൻസും സബ്സിഡിയും നൽകില്ല .
ഈ നിബന്ധന ലംഘിച്ചു കൊണ്ടാണ് നിലവിൽ പാടശേഖര ഭാരവാഹികൾ പുറം കായലിൽ നിന്ന് നെൽ വയലുകളിലേക്ക് ഉപ്പുവെള്ളം കയറ്റി സംഭരിക്കുന്നത് . നിയമവിരുദ്ധമായി നടപടി മൂലം പാടശേഖരത്തിന്റെ ചിറകളിലും , വയൽ വരമ്പുകളിലും , സംരക്ഷണ ബണ്ടുകളിലും താമസിക്കുന്ന കുടുംബങ്ങളുടെ പുരയിടങ്ങൾ നിരന്തരമായ ഉപ്പു വെള്ളത്തിന്റെ പിടിയിലാകപ്പെടുന്നു .
പച്ചക്കറി വിളകളും , ഫല വൃക്ഷങ്ങളും , തെങ്ങും നശിക്കുന്നു . ഉപ്പിന്റെ നിരന്തരമായ സാന്നിധ്യം മൂലം കെട്ടിടങ്ങൾ ദുർബലമായി. ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിസംബർ 17ന് ജില്ലാ കളക്ടർക്ക് പ്രദേശവാസികൾ നേരിട്ട് ചിത്രങ്ങൾ സഹിതം പരാതി സമർപ്പിച്ചു .
നിയമലംഘനം തിരിച്ചറിഞ്ഞ് കളക്ടർ , വേണ്ട നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർ മുഖാന്തരം കണ്ണമാലി പോലീസിന് നിർദ്ദേശം നൽകി . ഇത് സംബന്ധിച്ചുള്ള കത്ത് ലഭിച്ചിട്ട് ഒരാഴ്ചയേറെ ആയെങ്കിലും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുകയാണ് ഉണ്ടായത് . വിവരങ്ങൾ അന്വേഷിച്ചു ചെന്ന പ്രദേശവാസികളുടെ പ്രതിനിധികളോട് തങ്ങളുടെ പണി ഇതല്ല എന്നായിരുന്നു അധികാരികളുടെ ധിക്കാരം നിറഞ്ഞ മറുപടി .
ഈ പശ്ചാത്തലത്തിലാണ് പ്രദേശവാസികൾ 20ാം വാർഡ് മെമ്പർ ധന്യ അനൂപിന്റെ നേതൃത്വത്തിൽ ഉപ്പുവെള്ളത്തിൽ നിന്ന് പുതുവത്സര കേക്ക് മുറിച്ചു പ്രതിഷേധിച്ചത് .
മർവാക്കാട് കർമൽ ആശ്രമം സുപ്പീരിയർ അച്ഛൻ ഫാദർ ജെയിംസ് പുന്നക്കൽ പ്രഭാഷണം നടത്തി . അൽസി വാസ്ത്യൻ മുണ്ടുപറമ്പിൽ,ഫിലോമിന ആന്റണി മുണ്ടുപറമ്പിൽ,റോസ് സോളമൻ മുണ്ടുപറമ്പിൽ,രംബ തെവൻ ആരിപ്പാട്ട് പറമ്പിൽ,സേവിയർ തറയിൽ,വർഗ്ഗീസ് കുട്ടി മുണ്ടുപറമ്പിൽ , സരസു മഞ്ചാടിപറമ്പിൽ
ബെന്നി പുളിക്കൽ, സുധർമ്മ കണ്ണിപുറത്ത് , മാഗി സേവിയർ തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി .
ജില്ലാ കളക്ടർ ജനുവരി മൂന്നാം തീയതി കളക്ടറേറ്റിൽ വിളിച്ചു ചേർത്തിട്ടുള്ള പാടശേഖര ഭാരവാഹികളുടെ യോഗത്തിൽ പ്രദേശവാസികളുടെയും പച്ചക്കറി നെൽകൃഷി ചെയ്യുന്ന കർഷകരുടെയും പ്രതിനിധികളെയും കൂടി വിളിക്കണം എന്ന് യോഗം കളക്ടറോട് അഭ്യർത്ഥിച്ചതായി പൊക്കാളി പാഡി ഫാർമർ ഫ്രാൻസിസ് കളത്തുങ്കൽ അറിയിച്ചു.

