കൊച്ചി : കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA കൊച്ചി രൂപത സമിതി.
ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം ക്രൈസ്തവരും, ലോകജനതയും ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നതാണ്. ആ കലാസൃഷ്ടിയെ കാഴ്ചക്കാരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിൽ കലാകാരൻ നടത്തിയിട്ടുള്ള ശ്രമം അത്യന്തം അപകടകരവും മതവികാരത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്.
ഒരു മതവിശ്വാസ സമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന കലാ സൃഷ്ടി പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയ ബിനാലെയുടെ നടത്തിപ്പുകാർ, മേൽ കലാസൃഷ്ടി നീക്കം ചെയ്യുന്നതിനും തെറ്റുതിരുത്തി മാപ്പു പറയുന്നതിനും തയ്യാറാകണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത സമതി ആവശ്യപ്പെട്ടു.
പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കുന്ന ഫോർട്ടുകൊച്ചിയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനും ആഘോഷങ്ങളെ കളങ്കപ്പെടുത്താനും നടത്തുന്ന മനപ്പൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിക്കുന്നു. ആയതിനാൽ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും വിവാദ കലാസൃഷ്ടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറിനും, സർക്കിൾ ഇൻസ്പെക്ടറിനും പരാതി കൈമാറി.
കെ.എൽ.സി.എ കൊച്ചി രൂപത പ്രസിഡന്റ് ടി.എ ഡൽഫിൻ, രൂപത സെക്രട്ടറി ലിനു തോമസ്, രൂപത മീഡിയ കൺവീനർ റിഡ്ജൻ റിബ്ബല്ലോ, ജോൺസൺ മാക്കൽ, കെ.ജി നെൽസൺ, പി.ജെ ഷാജി, ഫ്രാൻസിസ് പൂപ്പടി, ആന്റണി ആൻസിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

