കീവ്: യുദ്ധം വിതച്ച ദുരിതങ്ങള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന് ജനത ഒരുങ്ങുന്നു. “ഞങ്ങൾ എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നുണ്ട്” എന്ന് യുക്രൈനിലെ കത്തോലിക്കാ മിഷ്ണറി വൈദികനായ ഫാ. ലൂക്കാസ് പെറോസി വെളിപ്പെടുത്തി. കീവീല്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും നിരന്തരം മിസൈൽ ആക്രമണ ഭീഷണി നേരിടുന്നതുമായ ബില സെർക്വയിലാണ് ഈ യുവ വൈദികന് ശുശ്രൂഷ ചെയ്യുന്നത്.
ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ യുദ്ധമധ്യേ “ദൈവം സന്നിഹിതനായിരിക്കണമേ” എന്നതാണ് വിശ്വാസികളുടെ ഏക ആഗ്രഹമെന്ന് വൈദികന് പറയുന്നു. യുദ്ധം മരണത്തെ ഒരു ദൈനംദിന സാന്നിധ്യമാക്കിയിരിക്കുന്ന സാഹചര്യമുണ്ടെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പ്രസിദ്ധീകരിച്ച വൈദികന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഞങ്ങൾ എല്ലാ ദിവസവും കേൾക്കുന്നു, എല്ലാ ദിവസവും സമീപത്ത് ഒരു മൃതസംസ്കാരം നടക്കുന്നുണ്ട്. ബില സെർക്വയിൽ അടുത്തിടെ സേവനത്തിനായി എത്തിയപ്പോൾ വ്യോമാക്രമണം ഉണ്ടായിരിന്നു. പ്രദേശത്തെ തന്റെ ആദ്യ ദിവസം, ഒരു വലിയ മിസൈൽ ആക്രമണം ഉണ്ടായി.
കീവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇല്ലായെന്നതാണ് ആശങ്കാജനകമായ കാര്യം. അതിനാൽ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ലക്ഷ്യ സ്ഥാനത്തെത്തി. തൽഫലമായി, നാല് നില കെട്ടിടം തകർന്നു, രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അനിശ്ചിതത്വം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു.
ചിലപ്പോൾ വൈദ്യുതിയുണ്ട്, ചിലപ്പോൾ ഇല്ല; ചിലപ്പോൾ വെള്ളമുണ്ട്, പിന്നെ ഇല്ല; ചിലപ്പോൾ ഭക്ഷണമുണ്ട്, ഇതൊക്കെയാണ് പ്രദേശത്തെ സാഹചര്യമെന്ന് ഫാ. പെറോസി പറയുന്നു.വിലക്കയറ്റവും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവും സ്ഥിതി കൂടുതൽ വഷളാക്കി. അവർ എങ്ങനെ ജീവിക്കുന്നുണ്ടെന്ന് തനിക്ക് പോലും അറിയില്ല.
ആളുകൾ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുന്നത് ഒരു അത്ഭുതമാണ്. ക്രിസ്തുമസില്‍ യുദ്ധം അവസാനിച്ചില്ലെങ്കിലും, ദൈവം തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഇവിടെ ജീവിതം വളരെ ദുർബലമാണ്. തന്റെ ഓരോ ഇടവകക്കാരുടെ ഉള്ളിലും ഈശോ ജനിക്കണമെന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കുകയാണെന്നും 22 വർഷമായി യുക്രൈനില്‍ മിഷ്ണറിയായി പ്രവർത്തിക്കുന്ന ബ്രസീലിയൻ വൈദികന് പറയുന്നു.

