തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിർപ്പുകളും അറിയിക്കാനാവും . ഓരോ നിർദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേർക്കാൻ ഫോം 6, എൻആർഐ പൗരന്മാർക്ക് ഫോം 6 എ, പേര് നീക്കാൻ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവയാണ് ഉപയോഗിക്കേണ്ടത് .
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.കരട് പട്ടികയിൽ ഉൾപ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇആർഒയുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ഡിഇഒ) ഒന്നാം അപ്പീൽ നൽകാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കിൽ ഡിഇഒയുടെ ഒന്നാം അപ്പീൽ ഉത്തരവ് തീയതിമുതൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികൾ രംഗത്തുണ്ട് . മരിച്ചുപോയവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസംമാറിയവർ, ഇരട്ടവോട്ടുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയതെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു.

