പാലാരിവട്ടം: കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ കെ. എൽ. സി. എ. ഡബ്ലിയുവിന്റെ സഹകരണത്തോടെ ഫ്രണ്ട് ഓഫ് ഫ്രണ്ട്ലെസ്( FRIEND Of FRIENDLESS ) ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ സഹായം മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹായത്തോടെ പൂർത്തിയാക്കിയ 213 -)മത്തെ വീട് കൈമാറി. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റർ ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവി പറമ്പിൽ ക്രിസ്മസ് കേക്ക് മുറിച്ചു.
തോപ്പുംപടിയിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയുടെ കുടുംബത്തിനായി പൂർത്തീകരിച്ച ഈ വീടിന് വേണ്ടി നിർമ്മാണ വസ്തുക്കൾ നൽകി സഹായിച്ചത് മറ്റു സുമനസ്സുകളോടൊപ്പം നോവൽറ്റി ടെക്സ്റ്റൈൽസ് ഉടമ ഇ. പി. ജോർജും കുടുംബവുമാണ്. പ്രസ്തുത ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷന്റെ 67-)0 മത്തെ വാർഡിലേക്ക് പുതുതായി തെരഞ്ഞെടുത്ത കൗൺസിലറും, ഹൗസ് ചലഞ്ച് പദ്ധതിയിലെ സജീവ പ്രവർത്തകനും കൂടിയായ സുമിത് ജോസഫിനെ ആദരിച്ചു. അർപിത കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ സുനിത മിഞ്ച്, പ്രൊഫ. ഡോക്ടർ പി.ജെ. ബീന, ജോൺസൻ സി. എബ്രഹാം, ടി.എം. റിഫാസ്, പാലാരിവട്ടം ഇടവക കേന്ദ്ര സമിതി പ്രസിഡണ്ട് ഷിജു ജോർജ് തോമസ് ജിജി റോസ് തുടങ്ങിയവർ പ്രസംഗിച്ചു.

