കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹത്തിൽ വരെ സംഘപ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്ന് വെളിപ്പെടുത്തൽ. മരിച്ച ശേഷവും കൊടിയ മർദനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറാണ് വെളിപ്പെടുത്തിയത് .താൻ പതിനായിരം മൃതദേഹങ്ങൾ ഇതിനകം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മർദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു.
കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടിവരെ തകർന്നു . വാരിയെല്ലുകൾ എല്ലാം തകർന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറ്റിരിക്കുന്നത്. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ അടയാളങ്ങളില്ലാതെയില്ല.
തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രി രാംനാരായണൻ ആശുപത്രിയിൽ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റിൽ നിന്ന് അറിയിച്ചെന്നാണ് എഫ്ഐആർ. എന്നാൽ സംഭവസ്ഥലത്തുവച്ച് നാരായണൻ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മർദനം തുടർന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലിൽ വ്യക്തമാണ്.
‘ നീ ബംഗ്ലാദേശിയാണോ’ എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റ ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
പ്രതിചേർക്കപ്പെട്ടവരെ രക്ഷിക്കാൻ പരിവാർ നേതാക്കൾ രംഗത്തുണ്ടെന്നാണ് സൂചന .

