നടൻ ശ്രീനിവാസനെ കുറിച്ച് എസ് സുദീപ് എഫ് ബിയിൽ എഴുതിയ കുറിപ്പ് …
ശ്രീനിവാസൻ യാത്രയാകുമ്പോൾ ചിരിക്കുന്ന ചിലരുണ്ട്.
ഫ്ലാഷ് ബാക്കിൽ നോക്കുമ്പോൾ, ആദ്യത്തെ ശ്രീനിവാസൻ ഓർമ്മ പഞ്ചവടിപ്പാലത്തിലെ ഭിന്നശേഷിക്കാരനാണ്. പൊള്ളയായ ഓരോ രാഷ്ട്രീയ പ്രസംഗവും കേട്ട് ആവേശം കൊള്ളുന്ന, ആ പ്രസംഗങ്ങളൊക്കെ തന്നെ എഴുന്നേല്പിച്ചു നടത്തുമെന്നു കരുതുന്ന നിഷ്കളങ്കനായ മനുഷ്യൻ. പാലം തകർന്ന ശേഷം ആ മനുഷ്യൻ സഞ്ചരിച്ചിരുന്ന ചക്രവണ്ടി വെള്ളത്തിൽ ഒഴുകുന്നതു കാണിക്കുമ്പോൾ ചിരിയെല്ലാം നിലയ്ക്കുകയും കണ്ണിൽ വെള്ളം നിറയുകയും ചെയ്തത് നാല്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പായിരുന്നു.
ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു, കണ്ണിൽ വെള്ളം നിറയുവോളം ചിരിച്ചു, പിന്നെ ചിരി കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണു നിറഞ്ഞതെന്നുറപ്പില്ലാതെ കുപ്പായത്തിൽ മുഖം തുടച്ചു.
ലോണെടുത്തു വാങ്ങിയ പശുവിൻ്റെ കരളിൽ കേട്ട്, ആഹാ ഐശ്വര്യത്തിൻ്റെ സൈറൺ, എന്നു പറഞ്ഞു സ്വപ്നം കണ്ട തൊഴിലില്ലാത്തവൻ്റെ സങ്കടങ്ങളുടെ ചിരിയായിരുന്നു നാടോടിക്കാറ്റ്.
വീടില്ലാതാവുന്ന ഉടമയുടെ സങ്കടത്തട്ടിനാണോ കൂരയില്ലാത്ത വാടകക്കാരൻ്റെ നിസഹായത്തട്ടിനാണോ ഭാരം കൂടുതലെന്നറിയാതെ സന്മനസുള്ളവർക്കെല്ലാം സമാധാനം മാത്രം ആഗ്രഹിച്ചവരൊക്കെയും ചിരിച്ചു.
കൂട്ടുകാരാൽ വിഡ്ഢിക്കാമുകവേഷം കെട്ടിക്കപ്പെട്ട പാവം പാവം രാജകുമാരൻ നിങ്ങളായിരുന്നോ അതോ ഞാൻ തന്നെയോ?
തട്ടാൻ ഭാസ്കരൻ ഊതിയതൊക്കെയും ഉള്ളിലെ കനലുകളിലാണ് എത്തിയത്.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് ആവർത്തിക്കാത്ത മലയാളിയുണ്ടോ?
ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ കയറിയ വൃദ്ധനെ എത്രയാവർത്തിച്ചിട്ടും നമുക്കു മടുത്തേയില്ലല്ലോ…
ആവർത്തിച്ചതൊന്നും ശ്രീനിയല്ല, നമ്മളായിരുന്നു.
മലയാള സിനിമയ്ക്കു നൽകിയ സംഭാവന എന്തെന്നു ചോദിച്ചപ്പോൾ, താൻ വേണ്ടെന്നു വച്ച അഞ്ഞൂറിലധികം ചിത്രങ്ങളാണ് തൻ്റെ സംഭാവന എന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ പറഞ്ഞ മനുഷ്യൻ.
വെറും രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത, ആ ചിത്രങ്ങളെ നിത്യ ചർച്ചാ വിഷയങ്ങളാക്കിയ നിസംഗനായ ഒരാൾ.
കണ്ണാടിയിൽ നോക്കി സ്വയം വിമർശിച്ചു തുറന്നും ഉറക്കെയും ചിരിക്കാൻ മലയാളിയെ പഠിപ്പിച്ച കലാകാരൻ.
ചിരിപ്പിച്ച ശ്രീനിവാസനും ചിരിക്കാത്ത എം ടിയുമെല്ലാം യാത്രയാകുമ്പോൾ മരിക്കുന്നത് നമ്മൾ കൂടിയാണ്.
ചിലർ മാത്രം ചിരിക്കും.
ശ്രീനി എത്തുമ്പോൾ ശങ്കരാടിയും ഒടുവിലും മാളയും ഇന്നസെൻ്റും ലളിതയും പപ്പുവും ഫിലോമിനയുമെല്ലാം ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചിരിക്കും.
എല്ലാ സങ്കടങ്ങൾക്കുമിടയിലും ഞങ്ങളെ ചിരിക്കാൻ പഠിപ്പിച്ചവരേ…
നമുക്കിനിയും കാണാം, ഒരുമിച്ചിരുന്നു ചിരിക്കാം…
അതു വരേയ്ക്കും, വിട…

