തിരുവനന്തപുരം: ഐഎഫ്എഫ്കെയില് 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.’ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു’മുഖ്യമന്ത്രി പറഞ്ഞു .ഐഎഫ്എഫ്കെ സമാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഇത് കണക്കാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതില്‍ ബീഫെന്നാല്‍ പോരാട്ടം കലഹം എന്നൊക്കെയാണ് അര്‍ത്ഥം-മുഖ്യമന്ത്രി പരിഹസിച്ചു .

