എഡിറ്റോറിയൽ / ജെക്കോബി
കൊച്ചി കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്കാ പ്രതിനിധി വേണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെടുന്നു. യുഡിഎഫിന്റെ 46 കൗണ്‍സിലര്‍മാരില്‍ 18 പേര് ലത്തീന്‍കാരാണ്. വിവിധ തലങ്ങളില്‍ ഭരണസമിതി നേതൃത്വ നിര്‍ണയത്തിലും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരംസമിതി നാമനിര്‍ദേശത്തിലും, പാര്‍ട്ടി സംഘടനാ ഭാരവാഹി നിയമനത്തിലും ലത്തീന്‍ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇതര മുന്നണി നേതാക്കളും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കേരളത്തിലെ നഗര, ഗ്രാമീണ മേഖലകളില്‍ നേടിയ മിന്നുന്ന ജയം നാലു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന്റെ ദുരന്താഘാതങ്ങളില് നിന്നു മുക്തി തേടുന്ന ജനങ്ങളുടെ രാഷ് ട്രീയ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് ഫലം വായിച്ചെടുക്കുക എളുപ്പമാണ്.
എന്നാല്‍, നാലര പതിറ്റാണ്ടോളം തങ്ങളുടെ അധീനതയിലായിരുന്ന തലസ്ഥാന നഗരത്തിലെ മുനിസിപ്പല്‍ കോര്പറേഷന് കൗണ്‍സില്‍ ഭരണം ചരിത്രത്തില്‍ ആദ്യമായി ബിജെപിക്കു വിട്ടുകൊടുക്കേണ്ടിവരുമ്പോഴും സിപിഎമ്മിന്റെ മുഖപത്രം, ‘ന്യൂനപക്ഷ വര്‍ഗീയത പ്രചരിപ്പിക്കുന്നവരുമായി സഹകരിക്കുമ്പോള്ത്തന്നെ ഭൂരിപക്ഷ വര്‍ഗീയവാദികളുമായി വോട്ടുകച്ചവടം നടത്തുന്ന യുഡിഎഫിന്റെ വിപുലീകൃത കോ-ലീ-ബി സഖ്യത്തെ’ പഴിക്കുന്നതിന്റെ ദൈന്യം അവരുടെ പതിവ് താത്വിക വിശകലനങ്ങളെക്കാളെല്ലാം സഹതാപം അര്‍ഹിക്കുന്നു.
പഞ്ചായത്തീരാജ് നിയമത്തിന് കീഴില്‍ 1995 മുതല്‍ കേരളത്തില്‍ നടന്നിട്ടുള്ള ആറ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഓരോന്നിലും വിജയം നേടിയ മുന്നണി തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആ നേട്ടം ആവര്‍ത്തിക്കുന്നതായാണ് അനുഭവം. 2026 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിന് ആധാരം ഇതാണ്.
യുഡിഎഫിന്റേത് തരംഗസമാനമായ മുന്നേറ്റമാണ്. സംസ്ഥാനത്തെ ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നാലെണ്ണവും, 86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും, 143 ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണവും, 14 ജില്ലാ പഞ്ചായത്തുകളില്‍ എഴെണ്ണവും, 941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനം നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, യുഡിഎഫ് 80 സീറ്റിലും, എല്‍ഡിഎഫ് 58 സീറ്റിലും, എന്‍ഡിഎ രണ്ടു സീറ്റിലും വിജയിച്ചതായി കണക്കാക്കാമെന്നാണ് പറയുന്നത്. മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യുഡിഎഫ് സമഗ്രാധിപത്യം കൈവരിച്ചു. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് വോട്ടുവിഹിതത്തില്‍ മുന്നിലെത്തി. എല്‍ഡിഎഫിനെക്കാള്‍ മൂന്നര ശതമാനം വോട്ടാണ് (ഏഴര ലക്ഷം വോട്ട്) യുഡിഎഫ് ഇത്തവണ അധികം നേടിയത്. 2020ല്‍ യുഡിഎഫിനെക്കാള്‍ 5.40 ലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ലഭിച്ചതിനെക്കാള്‍ 10.62 ലക്ഷം വോട്ട് യുഡിഎഫ് ഇക്കുറി നേടി. എല്‍ഡിഎഫിന്റെ വോട്ട് 2.32 ലക്ഷം കുറഞ്ഞു. എന്‍ഡിഎയ്ക്ക് വര്‍ധിച്ചത് അര ലക്ഷത്തോളം വോട്ടാണ്.
കഴിഞ്ഞ തവണ അഞ്ചു കോര്‍പറേഷനുകള്‍ ഭരിച്ച ഇടതുമുന്നണിക്ക് ഇത്തവണ കോഴിക്കോട്ട് മാത്രമാണ് കൂടുതല്‍ സീറ്റുമായി വലിയ കക്ഷിയാകാന്‍ സാധിച്ചത്; അവിടെ പോലും ലളിതമായ ഭൂരിപക്ഷത്തിന് മൂന്നു സീറ്റിന്റെ കുറവുണ്ട്: ആകെയുള്ള 76 സീറ്റുകളില്‍ 35 എണ്ണമാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് 28 സീറ്റും, എന്‍ഡിഎയ്ക്ക് 13 സീറ്റും ലഭിച്ചു. 2020-ല്‍ കണ്ണൂരില്‍ മാത്രം ജയിച്ച യുഡിഎഫ് ഇക്കുറി ഉറച്ച ഭൂരിപക്ഷത്തോടെ കൊച്ചിയും തൃശൂരും വീണ്ടെടുത്തു. കൊച്ചി കോര്‍പറേഷനില്‍ ആകെയുള്ള 76 സീറ്റില്‍ 47 എണ്ണം ജയിച്ച് യുഡിഎഫ് ഗംഭീര തിരിച്ചുവരവ് നടത്തി. തൃശൂര്‍, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് നിര്‍ണായകമായി ചാഞ്ഞു. തുടര്‍ച്ചയായി 25 വര്‍ഷം ഇടതുപക്ഷം ഭരിച്ച കൊല്ലത്ത്, നിര്‍ണായകമായ 15 സീറ്റ് വ്യത്യാസത്തോടെ യുഡിഎഫ് നഗരസഭാ കൗണ്‍സില്‍ ഭരണം ഉറപ്പിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും യുഡിഎഫ് സീറ്റ് നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യം നേടിയ വിജയം കേരള രാഷ് ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ കുറിച്ചു. ”സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഊര്‍ജ്ജസ്വലമായ ഈ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ‘ജീവിതം സുഗമമാക്കല്‍’ ഉത്തേജിപ്പിക്കുകയും ചെയ്യും.”
രാജ്യത്ത് ഇടതുപക്ഷത്തിന്റെ അവസാനത്തെ ചെങ്കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ ചെറുത്തുനില്പ് തങ്ങള്‍ക്കു ഭേദിക്കാനായെന്നാണ് ബിജെപി ദേശീയ നേതൃത്വം അവകാശപ്പെടുന്നത്. തിരുവനന്തപുരം കോര്പറേഷന് നഷ്ടപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏറ്റവും കനത്ത നഷ്ടം. ഡിലിമിറ്റേഷന്‍ നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ഡ് വിഭജനത്തില്‍ ബിജെപിക്കുവേണ്ടി സിപിഎം ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാനത്ത് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ആവിഷ്കൃതമായ സിപിഎം-ബിജെപി ‘അന്തര്‍ധാര’ ഭരണമുന്നണിയിലെ ചില സഖ്യകക്ഷികളെയും അസ്വസ്ഥമാക്കി. തലസ്ഥാന നഗരത്തില്‍ സിപിഎം അവതരിപ്പിച്ച ‘ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍’ ആര്യാ രാജേന്ദ്രന് വരുത്തിക്കൂട്ടിയ പൊല്ലാപ്പുകളും കെടുതികളും വിവാദങ്ങളും – ”താഴ്ന്നവരോട് പുച്ഛം, മുകളിലുള്ളവരോട് അതിവിനയം; പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം” – ഇടതുമുന്നണിയുടെ ‘ജനകീയത’ ഇല്ലാതാക്കി എന്ന് ഒരു സിപിഎം വനിതാ കൗണ്‍സിലര്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ബിജെപിയാണ് സംസ്ഥാനത്ത് പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്: 19,262 പേര്. ബിജെപിയുടെ പാദമുദ്ര ചില നഗരമേഖലകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, കൂടുതല്‍ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് തലത്തില്‍ സംസ്ഥാനത്ത് ഒരു ഡിവിഷനില്‍ മാത്രമാണ് ബിജെപി ജയിച്ചത്. 2024ലേതിനെക്കാള്‍ ബിജെപിയുടെ വോട്ടുവിഹിതം ഇടിഞ്ഞിരിക്കയാണ്. മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ ഔട്ട്റീച്ച് മന്ദീഭവിച്ചിരിക്കുന്നു. എന്‍ഡിഎ 1,919 വാര്‍ഡുകളില്‍ ജയിച്ചിട്ടുണ്ട് – 2020ലെ 1,597 വാര്‍ഡുകളില്‍ നിന്ന് മിതമായ വര്‍ധന. 26 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടാനായി – കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ 19 എണ്ണം കൂടുതല്‍.
ബിജെപി ഭരിച്ചിരുന്ന പാലക്കാട്ടും ശബരിമലയുടെ സ്വാധീനമുള്ള പന്തളം നഗരസഭയിലും ഇക്കുറി പാര്‍ട്ടി പിന്നോട്ടുപോയി. പന്തളം നഗരസഭയില്‍ എന്‍ഡിഎയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എല്‍ഡിഎഫ് ഭരണത്തിലെത്തി. 18 സീറ്റുണ്ടായിരുന്ന എന്‍ഡിഎക്ക് 9 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് 18 പേരുടെ പിന്തുണ വേണം. 2020ല്‍ 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ എന്‍ഡിഎ 18 സീറ്റ് നേടിയതാണ്. ഇക്കുറി ഒന്‍പതിലേക്ക് ഇടിഞ്ഞു, എല്‍ഡിഎഫ് ഒന്‍പതില്‍ നിന്ന് 14 സീറ്റിലേക്ക് ഉയര്‍ന്ന് ഏറ്റവും വലിയ ബ്ലോക്കായി. യുഡിഎഫ് അഞ്ച് സീറ്റില്‍ നിന്ന് 11 ആയി.
തൃപ്പൂണിത്തുറ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. എന്‍ഡിഎ 21 സീറ്റും എല്‍ഡിഎഫ് 20 സീറ്റും കോണ്‍ഗ്രസ് 16 സീറ്റുമാണ് നേടിയത്. തത്കാലം എന്‍ഡിഎയ്ക്ക് ഭരണം വിട്ടുനല്‍കി ആറു മാസം കഴിഞ്ഞ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സാധ്യത. പാലക്കാട് ബിജെപി ഭൂരിപക്ഷത്തിന് രണ്ടു സീറ്റ് കുറവുണ്ടെങ്കിലും മൂന്നാം വട്ടവും ഭരണം ഉറപ്പിച്ചു. യുഡിഎഫിന് 18 സീറ്റും എല്‍ഡിഎഫിന് ഒന്‍പതു സീറ്റുമാണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് തുടര്‍ഭരണത്തിന് അവകാശവാദം ഉന്നയിക്കാം.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ദശകങ്ങളായി സിപിഎം അധീനതയിലായിരുന്ന കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇക്കുറി സിപിഎം കഷ് ടിച്ചാണ് കടന്നുകൂടിയത്. 2020ല്‍ ബിജെപിക്ക് ഏഴു സീറ്റായിരുന്നത് ഇത്തവണ 13 ആയി ഉയര്‍ന്നു. ജമാഅത്തെ ഇസ് ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ധാരണയെ വിമര്‍ശിച്ച പിണറായിയും കൂട്ടരും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇസ് ലാമിക തീവ്രവാദത്തിനെതിരെ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് ബിജെപിക്കാണ് ഗുണം ചെയ്തത്.
മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരി. ചരിത്രത്തിലാദ്യമായി മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു: 33 ഡിവിഷനുകളില്‍ 23 ഇടത്ത് മുസ് ലിം ലീഗും പത്തിടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ജില്ലയിലെ 12 മുനിസിപ്പാലിറ്റികളില്‍ 11 എണ്ണവും, 94 ഗ്രാമപഞ്ചായത്തുകളില്‍ 87 എണ്ണവും, 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 എണ്ണവും യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ത്രിതല പഞ്ചായത്തിന്റെ മുഴുവന്‍ ഘടകങ്ങളിലും മുഴുവന്‍ ഇടങ്ങളിലും മുസ് ലിം ലീഗിന്റെ മുന്നേറ്റം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
തീരദേശത്തും മലയോര മേഖലകളിലും ഇടതുമുന്നണി കടുത്ത വെല്ലുവിളി നേരിട്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഓഖി നഷ്ടപരിഹാര പാക്കേജ്, വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കല്‍, മുതലപ്പൊഴി ദുരന്തനിവാരണ പദ്ധതി, തീരസംരക്ഷണം, തീരക്കടലില്‍ മുങ്ങിയ കണ്ടെയ്നര്‍ കപ്പല്‍ മത്സ്യമേഖലയില്‍ സൃഷ്ടിച്ച ദുരന്തത്തിന് ന്യായമായ നഷ് ടപരിഹാരവും പ്രതിവിധിയും, കടലേറ്റത്തില്‍ കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം, ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകള്‍ ഉയര്‍ത്തുന്ന ഭീഷണി, തീരക്കടല്‍ മണല്‍ഖനനം, മുനമ്പത്തെ വഖഫ് അധിനിവേശത്തിന് ഇരകളായവര്‍ക്ക് നീതി, മലയോര കര്‍ഷകരുടെ ജീവിതപ്രതിസന്ധി, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അനീതിയും അവഗണനയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.
മതവിശ്വാസത്തോടും വിശ്വാസികളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചുവന്ന സിപിഎം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ‘വിശ്വാസികള്‍ക്കൊപ്പം’ എന്ന ടാഗ് ലൈനോടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുകയും എന്‍എസ് എസിനെയും എസ്എന്‍ഡിപിഎയും അടുപ്പിക്കാനും ഹൈന്ദവ വിഭാഗങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാനും ശ്രമിച്ചിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ പിടിയിലായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സിപിഎം ഒരു നടപടിയും സ്വീകരിച്ചില്ല. ശബരിമല സ്വര്‍ണക്കവര്‍ച്ച കഥകള്‍ മറച്ചുപിടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കത്തിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ഫലിച്ചില്ല. പത്തുവര്‍ഷം ഭരിച്ചിട്ടും ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കാതെ, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയതിനുശേഷം, അവസാന നിമിഷം ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുകയും, ദുരിതക്കയങ്ങളില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളുടെ പ്രശ്നങ്ങളിലേക്ക് എത്തിനോക്കാതെ അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, റബര്‍ വിലയിടിവ്, കുടിയേറ്റ മേഖലകളിലെ വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങള്‍ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ മലയോര പഞ്ചായത്തുകളില്‍ ഭരണവിരുദ്ധവികാരം ആളിക്കത്തിയത് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചു. വനം, ആരോഗ്യവകുപ്പുകളുടെ പരാജയം, തെരുവുനായ ശല്യം, സാമ്പത്തിക തകര്‍ച്ച, കടക്കെണി, അഴിമതി, ധൂര്‍ത്ത്, പാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം, ആശാവര്‍ക്കര്‍മാരെ അവഹേളിച്ചത്, മാലിന്യസംസ്കരണം, പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം എന്നിങ്ങനെ ജനങ്ങളുടെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ വോട്ടര്‍മാരുടെ മനസിനെ മഥിച്ചിരുന്നു.
കൊച്ചി കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്കാ പ്രതിനിധി വേണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെടുന്നു.
യുഡിഎഫിന്റെ 46 കൗണ്‍സിലര്‍മാരില്‍ 18 പേര് ലത്തീന്‍കാരാണ്. വിവിധ തലങ്ങളില്‍ ഭരണസമിതി നേതൃത്വ നിര്‍ണയത്തിലും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരംസമിതി നാമനിര്‍ദേശത്തിലും, പാര്‍ട്ടി സംഘടനാ ഭാരവാഹി നിയമനത്തിലും ലത്തീന്‍ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇതര മുന്നണി നേതാക്കളും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഇതിനിടെ സിപിഎം തോറ്റ സ്ഥലങ്ങളില്‍ വടിവാളുകളുമായി റോന്തു ചുറ്റുന്ന സംഘങ്ങളെ നേരിടാന്‍ പിണറായി പൊലീസിനു കരുത്തില്ലെങ്കില്‍ കേന്ദ്ര സേനയെ ഇറക്കണം.

