സിനിമ / ബിജോ സില്‍വേരി

സംവിധായകന്-ജിതിന്.കെ. ജോസ് ,മമ്മൂട്ടി
അടുത്തിടെ തീയറ്ററില്‍ പോയി കാണണമെന്ന് ഉദ്ദേശിച്ചിരുന്ന രണ്ടു സിനിമകളാണ് വിലായത്തു ബുദ്ധയും കളങ്കാവലും. വിലായത്തുബുദ്ധ അങ്ങേയറ്റം നിരാശപ്പെടുത്തുകയും ചെയ്തു. കളങ്കാവലിന്റെ ട്രീസറും സോഷ്യല്‍മീഡിയയിലൂടെയുള്ള ഹൈപ്പ് സൃഷ്ടിക്കലും കണ്ടപ്പോള്‍ വീണ്ടും നിരാശപ്പെടേണ്ടിവരുമെന്നാണ് തോന്നിയത്. പ്രേ്രത്യകിച്ച് മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍. വിലായത്തും അതൊക്കെ തന്നെയായിരുന്നല്ലോ പറഞ്ഞിരുന്നത്.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഏറെ വിവാദമായ സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവിലിന്റേത് എന്നും കേട്ടു. സയനൈഡ് മോഹന്‍ ഇപ്പോള്‍ ജയിലിലാണ്. ബയോപിക് സ്വഭാവമുള്ള ഇത്തരം കഥകള്‍ പലതും എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്. ചിലത് കഥയൊന്നാകെ മാറ്റിമറിച്ച് ഇടിപൊളി സിനിമയാക്കി മാറ്റി, യഥാര്ത്ഥസംഭവവുമായി പുലബന്ധമൊന്നുമില്ലാതേയും ഇറക്കിയിട്ടുണ്ട്. കുപ്രസിദ്ധരായ ചില സീരിയല്‍ കില്ലര്‍മാരാണ് ജാക്ക് ദി റിപ്പര്‍, എച്ച്.എച്ച്. ഹോംസ്, ലേഡി ബ്ലുബേര്‍ഡ്, ടെഡ് ബണ്ടി എന്നിവര്‍. രാമന് രാഘവന്, ചന്ദ്രകാന്ത് ഝാ, റിപ്പര്‍ ചന്ദ്രന്, ജയാനന്ദന്, സയനൈഡ് മോഹന്‍ തുടങ്ങി ഇന്ത്യക്കാരായ കൊടുംകുറ്റവാളികള്‍ വേറേയുമുണ്ട്. ഇവരില്‍ പലരെ കുറിച്ചും പുസ്തകങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരുടേയും ജീവിതം കുറ്റാന്വേഷകരുടെ പാഠപുസ്തകവുമാണ്.
കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചില ഭദ്രകാളീ ക്ഷേത്രങ്ങളിലെ ആചാരങ്ങളിലൊന്നാണേ്രത കളങ്കാവല്‍. എന്നുവച്ചാല്‍ കളം കാക്കല്‍. തന്റെ കളം കാക്കാനായി ഭദ്രകാളി ദാരികനെ വേട്ടയാടുന്നതാണ് കളങ്കാവല്‍.
സയനൈഡ് മോഹന്റെ കഥ വിശദമായി പരിശോദിച്ചു. ഒരു സിനിമാക്കഥയ്ക്കുള്ള സ്കോപ്പുണ്ടെങ്കിലും കഥ പരസ്യമായതിനാല്‍ സസ്പെന്സിനും അതുവഴി ട്വിസ്റ്റുകള്‍ക്കും അവസരങ്ങള്‍ കുറവാണെന്നു തോന്നി.
സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലര്‍ മാംഗളൂര് സ്വദേശിയാണ്. യഥാര്‍ത്ഥ പേര് മോഹന്‍ കുമാര്‍ വിവേകാനന്ദ്. വിവാഹപ്രായമെത്തിയ, എന്നാല്‍ സ്ത്രീധനം നല്കാന് ശേഷിയില്ലാത്ത യുവതികളെ കണ്ടെത്തി വലയെറിഞ്ഞ് പ്രണയക്കുരുക്കിലാക്കി വിവാഹവാഗ്ദാനം നല്‍കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തതിനു ശേഷം വിഷം നല്കി കൊല്ലലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ഒരു ഗുളികയില്‍ സയനൈഡ് പുരട്ടി ഗര്‍ഭനിരോധന ഗുളികയാണെന്ന് പറഞ്ഞ് ഇരയെക്കൊണ്ട് കഴിപ്പിക്കലായിരുന്നു പൊതുവേയുള്ള മോഡസ് ഓപ്രാണ്ടി. അവരുടെ ആഭരണങ്ങളുമായി കടന്നു കളയുന്ന ഇയാള്‍, ഒട്ടും താമസിയാതെ അടുത്ത ഇരയെ ലക്ഷ്യമാക്കി നീങ്ങും. സയനൈഡ് മോഹന്റെ കഥയും നോവലുകളായും സീരിയലുകളായും ഇറങ്ങിയിട്ടുണ്ട്. ഇനി ഇതില്‍ എന്താണ് പുതുമയെന്നായിരുന്നു ചിന്തിച്ചിരുന്നത്.

കളങ്കാവലില്‍ സീരിയല്‍ കില്ലറിന്റെ വേഷം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. സ്റ്റാന്‍ലി ദാസെന്നാണ് ഇയാള്‍ക്ക് പേരിട്ടിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി കഥ നടക്കുന്നു. സയനൈഡ് മോഹന്‍ ചെയ്യുന്നതു പോലെ വിവാഗവാഗ്ദാനം നല്കി സ്ത്രീകളെ വലയില്‍ വീഴ്ത്തി നാട്ടില്‍ നിന്ന് വളരെ അകലെയുള്ള ഒരു ലോഡ്ജിലെത്തിക്കുന്നു സ്റ്റാന്‍ലി ദാസും. ലൈംഗിക ചൂഷണത്തിനു ശേഷം തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലെത്തുമ്പോള് സയനൈഡ് ഗുളിക നല്കി, വാഷ്റൂമില്‍ പോയി കഴിച്ചോളാന്‍ ഉപദേശിക്കുന്നു. ഗുളിക കഴിച്ച ഉടനെ മരണം നിശ്ചയാണെന്ന് ഉറപ്പുള്ള അയാള്‍ ഒരു മഹനീയ കൃത്യം ചെയ്ത നിര്‍വൃതിയോടെ ഒരു സിഗററ്റും പുകച്ച് അവിടെ നിന്നു സ്ഥലം വിടുന്നു. യുവതികളെ കാണാതാവുന്നത് പതിവായപ്പോള്‍, അല്ലെങ്കില്‍ അത്തരത്തിലുളള സമാനപരാതികള്‍ കുറേ കിട്ടിയപ്പോഴാണ് പൊലീസ് അന്വേഷണമാരംഭിക്കുന്നത്.
കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരിലൊരാളായ ജയകൃഷ്ണന് (വിനായകന്) യാദൃശ്ചികമായെന്നോണം ഈ കേസ് കൈമാറ്റം ചെയ്യപ്പെടുന്നു. പൊലീസിലെ ജയകൃഷ്ണന്റെ ഇരട്ടപ്പേരാണ് നത്ത്. ഇരതേടാന്‍ ഉണ്ണാതെ ഉറങ്ങാതെ ബുദ്ധികൂര്പ്പിച്ചിരിക്കുന്നതുകൊണ്ടായിരിക്കണം ഈ പേരു വന്നത്. ക്ലൈമാക്സില്‍ തന്റെ ഇരട്ടപ്പേരിനെ കുറിച്ച് ജയകൃഷ്ണന് തന്നെ പറയുന്നുമുണ്ട്. ഇരുപതോളം യുവതികളാണ് ഔദ്യോഗികമായി പൊലീസ് കണക്കില്‍ സ്റ്റാന്‍ലി ദാസിന്റെ കുരുക്കില്‍ പെടുന്നത്. സയനൈഡ് മോഹന്റെ കേസിലും ഏകദേശം ഈ എണ്ണം തന്നെയാണ്. അനൗദ്യോഗകമായി 32 സ്ത്രീകളെ ഇയാള്‍ വകവരുത്തിയെന്നാണ് പിന്നാമ്പുറക്കഥകള്‍.
കളങ്കാവല്‍ അടുത്തിടെ മലയാളത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നായി ജിതിന്.കെ. ജോസെന്ന സംവിധായകന് മാറ്റിയിരിക്കുന്നു.
ഒരു ത്രില്ലര്‍ സിനിമ-അതും ഒരു സീരിയല്‍ കില്ലറിന്റെ കഥയായിട്ടുപോലും ഭയാനകമായ രംഗങ്ങളൊന്നും കളങ്കാവലിലില്ല. ജിതിന്.കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് സിനിമയ്ക്ക് ഇത്രയും ഗംഭീരഅവതരണ സാധ്യത ഒരുക്കി നല്‍കിയത്. മുജീബ് മജീദിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറുകള്‍ക്കും ഫൈസല്‍ അലിയുടെ ഛായാഗ്രഹണത്തിനും നല്‍കണം മറ്റൊരു കയ്യടി. ‘നിലാക്കായം’ എന്നു തുടങ്ങുന്ന ഗാനമാകട്ടെ പ്രണയത്തില്‍ കുതിര്‍ന്ന ഭയം നിറഞ്ഞുനില്ക്കുന്നതായി.
മമ്മൂട്ടിയും വിനായകനും കാളിയും ദാരികനുമായി കളംനിറഞ്ഞാടുന്നു. സിനിമയിലെ പ്രത്യേകത കാളിയായ പൊലീസ് ഓഫീസര്‍ക്ക് അവസാന നിമിഷം വരെ താന്‍ വേട്ടയാടുന്നത് ആരെയാണെന്ന ബോധ്യമില്ല എന്നതാണ്. അജ്ഞാതനായ ദാരികന് അയാളുടെ തൊട്ടടുത്ത് ഉണ്ടുതാനും.
ഭാസ്കര പട്ടേലരിലൂടെയും മുരിക്കിന് കുന്നത്ത് അഹമ്മദ് ഹാജിയിലൂടെയും കൊടുമണ്‍ പോറ്റിയിലൂടേയും കൊടൂര വില്ലന്‍വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി, സ്റ്റാന്‍ലി ദാസെന്ന മധ്യവയസ്കനായ സ്ത്രീലമ്പട-സൈക്കോപാത്തിനെ (വെറും മാനസികരോഗി എന്നിവരെ പറയാന്‍ പറ്റില്ല, ഇത്തരക്കാര്‍ക്ക് സഹാനുഭൂതി കുറവായിരിക്കും, മറ്റുള്ളവരെ ഉപയോഗിക്കാന്‍ ശ്രമിക്കും, നിയമങ്ങള്‍ ലംഘിക്കും, കുറ്റബോധം തരിമ്പുപോലും തോന്നില്ല.) ചലനങ്ങളിലൂടെ, നോട്ടങ്ങളിലൂടെ എന്തിന് സിഗററ്റ് വലിയിലൂടെ പോലും സാക്ഷാത്കരിച്ചിരിക്കുന്നു. നത്തുപോലെ പതുങ്ങിയിരുന്ന് ഇരയെ സസൂക്ഷ്മം വീക്ഷിച്ച് ഏറ്റവും മികച്ചൊരു സമയമൊരുക്കി കെണിയിലാക്കുന്ന പൊലീസുകാരനായി വിനായകനും തന്റെ വേഷം ഭംഗിയാക്കി. വിളക്കിന്റെ പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങളെ പോലാകരുത് സ്ത്രീകള്‍ എന്ന ഒരു സാരോപദേശം സംവിധായകന് സിനിമയിലൂടെ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്.
സിനിമ കാണാന്‍ താല്പര്യമുള്ളവര്ക്കായി ശേഷം സ്ക്രീനില്‍ എന്നേ പറയുന്നുള്ളൂ.

