പക്ഷം / ഡോ. മാര്ട്ടിന് ആന്റണി ഒ. ഡി എം
ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സൗന്ദര്യാത്മക ക്രൂരതയാണ് (Aesthetic Barbarism). ഒരു സംസ്കാരമായി ഉയര്‍ന്നുവരുന്ന ബൗദ്ധിക രൂപീകരണങ്ങളെ ഭീഷണികൊണ്ട് നിര്‍വീര്യമാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇത് ഫാസിസത്തിന്റെ ഒരു പ്രത്യേകതയാണ്. സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.
ഗീബല്‍സിന്റെ കാലം മുതലാണ് കലാസൃഷ്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പരസ്യങ്ങളായത്. അങ്ങനെയാണ് കലയ്ക്കുവേണ്ടിയുള്ള കല മനസ്സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ന് അത് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ഗീബല്‍സ് ശൈലിയിലുള്ള പ്രചാരണത്തിന്റെ പരമോന്നത രൂപമാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, മാധ്യമ മാലിന്യങ്ങളുടെ വ്യാവസായിക ഉല്പാദനത്തില് സംസ്കാരത്തിന്റെ മൂല്യം വെറുമൊരു വിനിമയ മൂല്യമായി ചുരുങ്ങിയിരിക്കുന്നു.
സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാതെ കുഴഞ്ഞുമറിഞ്ഞു പോകുന്ന ഒരു സാമൂഹിക അന്തരീക്ഷത്തെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. കോടതിയാണോ സത്യം മാധ്യമങ്ങളാണോ സത്യം എന്നു തിരിച്ചറിയാന്‍ പറ്റാതെ മലയാളമനസ്സാക്ഷികള് പതറുന്നു. സംസ്കാരത്തിന് ഇനി അതില്‍ത്തന്നെ ഒരു മൂല്യവുമില്ല എന്ന അവസ്ഥ. ഇന്ന് അത് കൃത്രിമത്വത്തിനും അയുക്തികതയ്ക്കും ഇടയിലുള്ള ഒന്നാണ്. അര്‍ത്ഥം, ആനന്ദം, അനുഭവം എന്നിവയില്‍ നിന്ന് വളരെ അകലെയുള്ള ഒന്ന്. സമഗ്രാധിപത്യത്തിന്റെ ഈ സൗന്ദര്യശാസ്ത്രത്തില്‍ അഥവാ സംസ്കാരത്തില്‍ പൗരന് ഇനി ഒരു വിഷയമല്ല. അവന്/അവള് ഒരു ഉപഭോക്താവ് പോലുമല്ല. ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപീകരണത്തില്‍ പൗരന് ഒരു സാംസ്കാരിക ഉല്‍പ്പന്നം മാത്രമാണ്. അവനെ നയിക്കുന്നത് അമൂര്‍ത്തമായ ചില മാനദണ്ഡങ്ങളാണ്. അവ അവനെ ഫാസിസത്തോട് പൂര്‍ണ്ണമായും വിധേയനാക്കുന്നു. അവന്റെ സാമൂഹിക ഇടപെടലില്‍ വിമര്‍ശനാത്മക മനോഭാവത്തിന്റെ എല്ലാ ഇടവും ഇല്ലാതാക്കപ്പെടുന്നു. അവന് ആസ്വദിക്കുന്ന കലയും വിനോദവും കൂട്ടായ അന്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായ പ്രക്രിയയില്‍ ലയിക്കുന്നു. അങ്ങനെ അവനെ ഒരു മിഥ്യയുടെ ലോകത്തിലേക്ക് മാധ്യമങ്ങള്‍ തള്ളിവിടുന്നു.
വാര്‍ത്തകള്‍ പോലും വിനോദമാണ്. വിനോദിക്കപ്പെടുക എന്നതിനര്‍ത്ഥം ഒരാള്‍ ഒന്നും ചിന്തിക്കുന്നില്ല എന്നല്ല. എങ്കിലും കച്ചവടക്കാരന്റെ കൗശലപരമായ സംഭാഷണത്തില്‍ ഇടപാടുകാരന് വശീകരിക്കപ്പെടുകയാണ്. ചുരുക്കത്തില്‍, അയാള്‍ തന്റെ സ്വത്വം ഉപേക്ഷിക്കുന്നു. ഫാസിസ്റ്റ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന യുക്തിയുടെ ഭ്രാന്തില്‍ തകര്‍ന്നു വീഴുന്നത് വ്യതിരിക്തതയുടെയും വ്യത്യസ്തതയുടെയും പ്രഭാവലയങ്ങളാണ്. കലയുടെ യുക്തി വ്യാപാരവസ്തുക്കളില് മാത്രമായി പരിമിതപ്പെടുന്നു. അവിടെ മാത്രമാണ് സ്ഥിരീകരണവും പദ്ധതിവല്ക്കരണവും ആവര്ത്തനങ്ങളുമൊക്കെ കാണപ്പെടുന്നത്. ഈ സംസ്കാരം ഏറ്റവും കൃത്രിമമായ നവീകരണം വാഗ്ദാനം ചെയ്ത് അടിമത്തത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന തിരിച്ചറിവിലേക്ക് നമ്മള് ഉണരേണ്ടിയിരിക്കുന്നു.
ബൗദ്ധികതയെ നിര്‍വീര്യമാക്കിയും കലയെയും മാധ്യമങ്ങളെയും വരുതിയിലാക്കിയും ഇന്ത്യന്‍ ഫാസിസം നമ്മുടെ ഇടയില്‍ വിതറുന്നത് ലിബറല്‍ അക്രമവും സൗന്ദര്യാത്മക ക്രൂരതയുമാണ്.
ഇന്ത്യയുടെ ചരിത്രപഠനവും പുരാവസ്തുശാസ്ത്രവും ഫാസിസ്റ്റ് സംസ്കാരവ്യവസായത്തിന്റെ യന്ത്രവല്‍കൃത യുഗത്തിലേക്ക് പ്രവേശിച്ചിട്ട് വളരെക്കാലമായി. എങ്കിലും അവയുടെ വിശകലനത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. വാസ്തവത്തില്‍, ഇന്ന് അത് എക്കാലത്തേക്കാളും കൂടുതല്‍ പ്രസക്തമാണ്. മോദിയുഗം തുടങ്ങിയപ്പോള്‍ മുതലാണ് അവയെ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയതെന്നാണ് മാധ്യമങ്ങള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.
കാരണം, ഗാന്ധിയന്‍ സംസ്കാരം ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് വിനാശകരമായ ഫലങ്ങള്‍ ഉളവാക്കിയത്രേ. ഫാസിസം പണിയുന്ന മതിലുകള്‍ അതിന്റെ ആശയങ്ങളുടെ അനുപാതത്തിലാണ് ഉയരുന്നത്. വൈരുദ്ധ്യവും, വിയോജിപ്പും, വ്യത്യാസവുമില്ലാതെ ഒരു അടിച്ചമര്ത്തല്ഭാഷ അതിന്റെ ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കോണീയ മിത്തുകള്‍ക്കിടയില്‍ തഴച്ചു വളരുന്നുണ്ട്. അത് ജനാധിപത്യസ്ഥാപനത്തിന്റെ സ്വാഭാവിക ഭാഷയായി മാറുന്നു. ജനാധിപത്യത്തിന്റെ ചരിത്രത്തെ സാര്‍വത്രികമായ ഒരു അശ്ലീലമായി സ്വീകരിച്ചുകൊണ്ട് കോടതികള്‍ മൂല്യങ്ങളെക്കുറിച്ചുള്ള സ്വേച്ഛാധിപത്യ പ്രസംഗങ്ങള്‍ക്ക് സ്വയം കുറ്റം വിധിക്കുന്നു. അങ്ങനെ നിയമത്തിന്റെ അര്‍ത്ഥം കുറയ്ക്കുന്നതിന്റെ (ഭരണഘടനയുടെ വന്ധ്യംകരണത്തിന്റെയും) പ്രക്രിയയില്‍ അവ വ്യക്തമായ പങ്കുവഹിക്കുന്നു.
ജനാധിപത്യത്തില്‍ സ്വാതന്ത്ര്യത്തിനും വൈവിധ്യത്തിനും മാറ്റത്തിനും ഇടങ്ങള്‍ ഉണ്ടെന്നാണ് പൊതുധാരണ. പക്ഷേ, ഖേദകരമെന്നു പറയട്ടെ, അങ്ങനെയല്ല സംഘപരിവാറിന്റെ ഇന്ത്യയില്‍. ഭാഷാപരമായ വഴിത്തിരിവിനെ അവഗണിച്ച് ഭാരതത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബൗദ്ധിക ഉല്‍പ്പന്നങ്ങളെ സര്‍ക്കാരിന്റെ ശ്രേണിപരമായ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്തി ഏകീകൃതതയുടെ നുകം അടിച്ചേല്‍പ്പിക്കുന്നു. ഇത് നമ്മെ സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കാണ് കൊണ്ടുപോകുന്നത്.
ഒരിക്കലും വളരാത്ത സാമ്പത്തിക ഓഹരികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ദരിദ്രരെ മനുഷ്യ സാന്ഡ്വിച്ചുകളാക്കി അപര വിദ്വേഷത്തിന്റെ പ്രൊഫഷണല്‍ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിക്കുന്നവന്റെ മനസ്സിനെ ഉത്തേജിപ്പിക്കുക എന്നതല്ല ഇത്. നേരെ വിപരീതമാണ്: അവന്റെ ചിന്തയെ മെരുക്കുക. ഇങ്ങനെയൊക്കെയാണ് ഒരു മോണിസ്റ്റ് ക്രെദോയുടെ (ഏകീകൃത നിയമം) സഹായത്തോടെ ഇന്ത്യന്‍ ഫാസിസം ഒരു സനാതന പൗരനെ മിനുസപ്പെടുത്തുന്നത്. അതിനുവേണ്ടി മാധ്യമങ്ങള്‍ മുന്‍നിശ്ചയിച്ച അറിവിന്റെ സ്റ്റാന്‍ഡേര്‍ഡൈസേഷനില്‍ ഒരു നിര്‍ണായക സംവിധാനമായി മാറുകയാണ്: ഒരു ഫാസിസ്റ്റ് സംസ്കാരത്തിന്റെ ചില്ലകളായി.

