പക്ഷം / ലൂയിസ് തണ്ണിക്കോട്ട്
ഇത് സത്യാനന്തര കാലം. സത്യാനന്തര കാലത്ത് ധാര്‍മികതയ്ക്കും ആദര്‍ശങ്ങള്‍ക്കും അച്ചടിച്ച കടലാസിന്റെ വില പോലുമില്ലാത്ത കാലം. എഴുതപ്പെടുന്നതോടെ ധാര്‍മികതയും ആദര്‍ശവും ഒക്കെ അക്ഷരങ്ങളായി സൂക്ഷിക്കപ്പെടുമെങ്കിലും, ആദര്‍ശവും ധാര്‍മികതയും വാക്കുകളായി പുറത്തേക്ക് വരുമ്പോള്‍ തന്നെ അത് മരണപ്പെടുകയാണ്. നാം പറയുന്ന ആദര്‍ശത്തിന്റെ ധാര്‍മ്മികതയുടെ വാക്കുകള്‍ അടുത്ത നിമിഷം തന്നെ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഉപേക്ഷിച്ച് നമ്മള് എതിര് സാക്ഷികള്‍ ആവുകയാണ്.
സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ധാര്‍മികതയുടെ അടിവേര് ഇളകുമ്പോള്‍ പൊതുസമൂഹത്തില്‍ മൂല്യച്യുതിയുടെ വരള്‍ച്ചയും, അതിന്റെ ചൂടും ചൂരും അനുഭവപ്പെടും. അങ്ങനെ ഏതാനും ആഴ്ചകളായി കേരളത്തിലെ പൊതുസമൂഹം അനുഭവിക്കുന്ന ചൂടാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം വരെ എത്തിച്ചേര്‍ന്നിരിക്കുന്ന സ്ത്രീ പീഡന സംഭവങ്ങള്‍.
രാഹുലിന്റെ രാഷ്ട്രീയാരോഹണം പോലെ, അവരോഹണവും മിന്നല്‍ വേഗത്തില്‍ ആയിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അതിവേഗ പതനമാണിത്. ഇതിനോട് താരതമ്യപ്പെടുത്താവുന്ന പതനങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ വിരളമാണ്. സമാനമായതെന്ന് പറയാവുന്നത്, 62 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ അപകടവും, അതിലുണ്ടായിരുന്ന പൊട്ടുകുത്തിയ സ്ത്രീയും, നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംവാദവും, പി.ടി ചാക്കോയുടെ രാജിയും, കേരള കോണ്‍ഗ്രസിന്റെ ജനനവുമാണ് ആ കഥ. പിന്നീട് കേരളം കണ്ട സ്ത്രീ പീഡന കേസ് മൂന്നു പതിറ്റാണ്ടിനു ശേഷം 1996-ല്‍ സൂര്യനെല്ലിയും, തുടര്‍ന്ന് 1997-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസും…… സോളാര്‍ കേസിലൂടെ തുടര്‍ന്ന് ……. ഒടുവിലായി രാഹുല്‍ മാങ്കൂട്ടത്തിന്റെ പീഡനക്കേസിലും എത്തിനില്‍ക്കുന്നു കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്ത്രീപീഡന കഥകള്‍.

രാഹുല്‍ മാങ്കുട്ടത്തിനെതിരെയുള്ള ലൈംഗിക പീഡന കേസിന്റെ ധര്‍മ്മ- അധര്മ്മവിചാരങ്ങള് ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം, ലിംഗ നീതി -സമത്വം – അധികാരം, എന്നിവയിലും ആഴമാര്‍ന്ന വിശകലനവും വിചാരണയും ആവശ്യമാണ് . ‘ഞാന്‍ എന്റെ കുടുംബം’ എന്നതിലുപരി ഞാന്‍ എന്നിലേക്കു തന്നെ ചുരുങ്ങുന്ന സ്വാര്‍ത്ഥതയുടെ വലയത്തിനപ്പുറം കടന്നുപോകാന്‍ കഴിയാത്ത ഈ നിര്‍മ്മിത ബുദ്ധിയുടെ (എഐ) കാലത്ത്, ആരും ആരുടെയും സ്വത്തല്ല എന്ന പ്രാഥമിക സത്യം മറക്കുന്ന സമൂഹത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍മാര്‍ പിറവി കൊള്ളുന്നത്. ആണ്‍മേല്‍ക്കോയ്മ, വ്യക്തിബന്ധങ്ങളിലെ അസമത്വങ്ങള്‍, സാമ്പത്തികവും സാമൂഹികവും സംസ്കാരികവുമായ വേര്‍തിരിവുകള്‍, ഇവയൊക്കെ ഈ വേട്ടയ്ക്ക് പിന്നിലെ ഘടകങ്ങളാണ്.
നൈതികത, സദാചാരം, കടമ, നീതിബോധം, എന്നെല്ലാം അര്‍ത്ഥം വരുന്ന ധാര്‍മികത എന്നത് പൊതുവേ രാഷ്ട്രീയപാര്‍ട്ടികള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന കാലവും കൂടിയാണിത്. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ മിടുക്കന്മാരായി നടക്കുന്നതും, അധികാരത്തില്‍ ലാഭം നേടുന്നതും, ഒന്നാം സ്ഥാനത്ത് വരുന്നതും ഇന്ന് സാധാരണ തന്നെ. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പൂര്‍വകാല ചരിത്രവും ചിന്തനീയമാണ്. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ എക്കാലത്തേക്കും സിപിഎം പാര്‍ട്ടിയില്‍ നിന്നും എടുത്തറിയപ്പെട്ടു. കായികതാരങ്ങളായ സാക്ഷി മാലിക്കും, വിനേഷ് ഫൊഗട്ടും തെരുവിലിറങ്ങിയ സംഭവവും, ഇന്ത്യയിലെ ഏതൊരു മുന്‍നിര രാഷ്ട്രീയ പാര്ട്ടിയേപ്പോലും ഇത്തരം കേസുകളില്‍ നിന്നും കുറ്റവിമുക്തമാക്കപ്പെടേണ്ടതില്ല എന്ന യാഥാര്‍ത്ഥ്യമാണ് തെളിയുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെതിരെ നടപടിയെടുത്തപ്പോള്‍ പാര്‍ട്ടിയിലെ ഒരു കൂട്ടം അണികള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നേതൃത്വത്തെ നവമാധ്യമങ്ങളില്‍ അക്രമിച്ചതും, രാഹുലിന്റെ രാഷ്ടിയ ഗോഡ്ഫാദറിന്റെ നിശബ്ദതയും ശ്രദ്ധേയം തന്നെ.
ഒരു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന അടിത്തറ പോലുമില്ലാത്ത രാഹുല്‍, സൈബര്‍ ഇടത്തില്‍ നിലയുറപ്പിച്ചു വളര്‍ന്ന് പെട്ടെന്ന് നേതാവാകുകയും, ഒരു ഗ്രൂപ്പിനെ കൊണ്ടുനടക്കുക മാത്രമായിരുന്നില്ല, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം പാര്‍ട്ടി അടച്ച, പാര്‍ട്ടിയുടെ വാതിലുകള്‍ തള്ളിത്തുറന്ന് അയാള്‍ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതും കേരളം കണ്ടു.
പ്രതിപക്ഷ നേതാവിനെക്കാള്‍ സൈബറിടത്തില്‍ രാഹുലിന് പിന്തുണയേറിയിരുന്നു എന്നത്, കേരള രാഷ്ട്രീയം പ്രത്യേകമായി കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട് കൊണ്ടിരിക്കുന്ന അച്ചടക്കമില്ലായ്മയുടെയും മൂല്യച്യുതിയുടെയും മകുടോദാഹരണമാണ്. ഒപ്പം മുന്‍ കെപിസിസി പ്രസിഡണ്ട്, രാഹുലിനെ ചേര്‍ത്തുപിടിക്കുക കൂടി ചെയ്തപ്പോള്‍ ഈ മൂല്യച്യുതിക്ക് ഒരു അംഗീകാരം കൂടിയായി.
ഇതിനു മുന്‍പും കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത് അവരുടെ നൈകിതയെ മുന്‍നിര്‍ത്തിയുള്ള പ്രതിവിധികളായിരുന്നില്ല എന്നു കാണാം. മറിച്ച്, നിലനില്‍പ്പിന് ഇണങ്ങുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു നിലപാട്.
ഓര്‍ക്കണം, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് എം. മുകേഷ് എംഎല്‍എയെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎമ്മിന് മടിയില്ലാതിരുന്നത് ! എംഎല്‍എമാരായ എം. വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളി, ഇവരുടെ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൗനം, ഗാന്ധി ദര്‍ശനങ്ങളോടുള്ള അവരുടെ അധാര്‍മ്മികതയുടെ നേര്‍ചിത്രം തന്നെ …!
ഈ കാലത്തിന്റെ പ്രത്യേകത, ഞങ്ങള്‍ ശരിയും നിങ്ങള്‍ ശരിയുമല്ലാത്ത,(ഐ ആം ഓകെ, യു ആര് നോട്ട് ഓകെ)നിലനില്‍പ്പ് രാഷ്ട്രീയത്തിന്റെ അന്തിചര്‍ച്ചകളാണ്. ഈ സംവാദങ്ങള്‍ക്കിടയില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ പറഞ്ഞ് തമ്മിലടിക്കുന്നവര്‍, സ്വയം ദുരന്ത കഥാപാത്രങ്ങളായി മാറും എന്നല്ലാതെ, കാഴ്ചകള്‍ സാക്ഷ്യങ്ങള്‍ ആകുന്ന ഈ കാലത്ത് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. കാരണം, ജനം ഇപ്പോള്‍ എല്ലാം കാണുന്നു, കൂടുതലായി ചിന്തിക്കുന്നു, ജനം മറവിയില്ലാതെ ഓര്‍ക്കുന്നു. ഈ ഓര്‍മ്മ നിലനില്‍ക്കുന്നിടത്തോളം അന്തിചര്‍ച്ചകളിലും അച്ചടികളിലും രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനു നേരേ മുനകൂര്പ്പിക്കല് തുടര്‍ന്നാല്‍, ഒരു ബൂമാറാങ് പോലെ സിപിഎമ്മിലും – ഇടതുപക്ഷത്തും അത് മുറിവേല്പിക്കും.
ധര്‍മ്മവും അധര്‍മ്മവും ഏറ്റുമുട്ടുമ്പോള്‍ കുറുക്കുവഴികള്‍ തേടി പോകരുതെന്നും, അവസാന ശ്വാസം വരെ നീതിക്കായി നിലകൊള്ളണമെന്നും പറഞ്ഞ, ഗാന്ധിജിയുടെ വഴിയെ നടക്കുന്നു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി (കോണ്‍ഗ്രസിലെ പുതുതലമുറ ഖദര്‍ ഉപേക്ഷിച്ചുകൊണ്ട് ഗാന്ധിജിയോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നുണ്ട്…!.)
ഇത്തരം ഘട്ടങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതും, ഗ്രൂപ്പ് തിരിഞ്ഞുള്ള പിന്തുണയും എതിര്‍പ്പും, സ്ത്രീകള്‍ക്ക് നേരെയുള്ള ഏതുവിധ ആക്രമണങ്ങളിലും കോണ്‍ഗ്രസും പങ്കുചേരുന്നു എന്ന ധ്വനിയാണ് ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഓര്‍ക്കണം.
ഇതിനിടയില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിക്കുന്നവര്‍ നിയമ നടപടികള്‍ നേരിടുക തന്നെ വേണമെന്ന, കോടതിയുടെ വ്യക്തതയും, രാഹുല്‍ ഈശ്വറിന്റെ ജയില്‍ വാസവും തൃപ്തമായതു തന്നെ.
ഈ കുറിപ്പ് എഴുതുമ്പോള്‍ സിനിമാനടന് ദിലീപിനെ കുറ്റവിമുക്തനാക്കി എന്ന ടിവി കാഴ്ചയാണ് പിന്നില്‍.
ഓര്‍ക്കണം,ഇരകള്‍ എപ്പോഴും വേട്ടക്കാരെ ഭയപ്പെടുന്ന കേരളത്തിലെ സ്ത്രീ പീഡന കേസുകളില്‍, ആണധികാരത്തിന്റെ വാള്‍മുനയില്‍ നിന്ന് സമൂഹത്തെ – സ്ത്രീയെ മുക്തമാക്കാന്‍, ലിംഗ നീതിയുടെ പരിച തന്നെയാണ് അഭികാമ്യം. ഇത്തരമൊരു നിലപാടിനും ആത്മശോധനയ്ക്കും വഴിയൊരുക്കുന്നില്ലെങ്കില്‍, രാഹുല്‍ മാങ്കുട്ടത്തലിന്റെ കേസും വെറുമൊരു പെണ്ണുകേസ് ആയി, ഒടുങ്ങി അവസാനിക്കുന്നതിനാവും കേരള സമൂഹം സാക്ഷിയാവുക !
മറുമൊഴി :- എക്കാലത്തെയും സ്ത്രീ പീഡന ചരിത്രത്തില്‍ ഭൂരിപക്ഷം ഇടങ്ങളിലും പുരുഷന് കുറ്റ വിമുക്തന്‍ തന്നെ. ഇത്തരം തീര്‍പ്പ് ഇടങ്ങളില്‍ ‘പാപമില്ലാത്തവന്‍ കല്ലെറിയട്ടെ ‘ എന്ന് ചൂണ്ടി പറഞ്ഞവന്റെ നെഞ്ചുറപ്പ് ക്രൈസ്തവ മതങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ്. തിന്മയെ നശിപ്പിക്കാനും നന്മയെ തൊട്ടുണര്‍ത്താനും കഴിവുള്ള ദൈവീക ശക്തി മനുഷ്യമനസ്സുകളില്‍ വളര്‍ത്തിയെടുക്കേണ്ടത് മതങ്ങളാണ്. പക്ഷേ, സുരക്ഷിത അകലത്തിലായിരിക്കുന്ന സഭകളുടെ മൗനം, പീലാത്തോസിന്റെ കച്ചേരി പറമ്പിലെ നിശബ്ദത പോലെ ഘനീഭവിക്കുന്നു.
മറക്കരുത്, ഫാസിസവും കരുണയില്ലാത്ത പുരുഷ മേധാവിത്വവും ബിഭത്സ രൂപത്തില്‍ നടമാടിയിരുന്നു നസ്രായന്റെ കാലത്തും. യേശു തുടങ്ങി വെച്ച ധാര്‍മിക മുന്നേറ്റം, ഒരേസമയം വ്യക്തിപരവും, അതേസമയം സാമൂഹ്യവും ആയിരുന്നു. ഈ സമര്‍പ്പണമാണ് ഓരോ ക്രൈസ്തവന്റെയും ദൗത്യം. ഈ ദൗത്യത്തില്‍ പ്രഥമം പ്രവാചക ദൗത്യം തന്നെ. അതേ, അനീതിക്കും അധാര്‍മികതയ്ക്കും നേരെയുള്ള ചൂണ്ടുവിരല്‍.
ഈ പ്രവാചക ദൗത്യം മറന്നവര്‍ക്കുള്ള ഗലീലിയന്റെ മറുപടിയാണ്, ‘ഞാന്‍ നിങ്ങളെ അറിയില്ല ‘ എന്ന തീക്കല്ലു വചനം. (മത്താ: 25 /12)

