ഹിസ്റ്റോറിയ / ബോണി തോമസ്
കൊച്ചിയുടെ കലാപൈതൃകത്തിന്റെ ഔന്നത്യത്തിന് ഉദാഹരണമാകേണ്ട ഒരു ഗോഥിക് നിര്‍മ്മിതിയാണ് ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്കൂള്‍ വളപ്പിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം. സ്കൂളില്‍ അധ്യാപകരായിരുന്ന യൂറോപ്യന്‍ മിഷനറിമാര്‍ യുദ്ധത്തിനെതിരെ ഈ കലാസൃഷ്ടിയിലൂടെ നല്കിയ സന്ദേശം ഇത്രയും കാലം നാം അവഗണിച്ചത് കലാചരിത്രത്തോടുള്ള മഹാപരാധം.
ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്കൂള്‍ വളപ്പിലെ ഗോഥിക്ക് കലാശില്പം ഇരുപതാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ സംഭവിച്ച കലാകാരന്മാരുടെ സാമൂഹ്യബോധത്തോടെയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ്. സ്കൂളിന്റെ രജത ജൂബിലി സ്മാരകമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും ഒന്നാം ലോകമഹായുദ്ധം മനുഷ്യനിലുണ്ടാക്കിയ ആകുലതകള്‍ കലാശില്പത്തില് പ്രതിഫലിക്കുന്നു. അതിനാല്‍ ഇത് ഒന്നാം ലോകമഹായുദ്ധം സ്മരിക്കുന്ന കലാസൃഷ്ടിയായി നിലകൊള്ളുന്നു.
1876ല്‍ സ്ഥാപിതമായിരുന്ന ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ജോസഫ്സ് സ്കൂളിനെ സാന്തക്രൂസ് സ്കൂളില്‍ ലയിപ്പിച്ച് 1888ല്‍ സ്ഥാപിച്ച സാന്തക്രൂസ് സ്കൂള്‍ കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ബോണി തോമസ്
ചരിത്രത്തില്‍ 16, 17 നൂറ്റാണ്ടുകളില്‍ നിലനിന്ന പോര്‍ച്ചുഗീസുകാരുടെ സാന്തക്രൂസ് നഗരത്തിന്റെ പേരുമായി സാന്തക്രൂസ് ബസിലിക്കയുടെ തൊട്ടുപിന്നില്‍ നിലകൊള്ളുന്നു സ്കൂള്‍. യൂറോപ്പില്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914ല്‍ കലാശില്പത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അക്കാലത്ത് യൂറോപ്യന്‍ മിഷണറിമാര്‍ക്കായിരുന്നു സ്കൂളിന്റെ നടത്തിപ്പ് നേതൃത്വം. സ്കൂളില്‍ അധ്യാപകരായിരുന്ന യൂറോപ്യന്‍ മിഷണറിമാര്‍ മുന്കൈയ്യെടുത്തുകൊണ്ടായിരുന്നു ഈ കലാശില്പത്തിന്റെ നിര്‍മ്മാണം.
ചെങ്കല്ലും കുമ്മായവുംകൊണ്ട് നിര്‍മ്മിച്ച ഗോഥിക്ക് മാതൃകയിലുള്ള കലാശില്പത്തിന് മൂന്നു തട്ടുകളുണ്ട്. ഏറ്റവും മുകള്‍ഭാഗത്ത് ക്രിസ്തുരൂപം. മനുഷ്യനുമേല്‍ കരുണയുണ്ടാകേണമേയെന്ന് അപേക്ഷിക്കുന്ന വരികളും ബൈബിള്‍ വചനങ്ങളും ആലേഖനംചെയ്തിരിക്കുന്ന കലാശില്പത്തില് 12 ചെറിയ സ്തൂപങ്ങള്‍.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച 1918ല്‍ നിര്‍മ്മാണം അവസാനിച്ചു. എന്നാല്‍, കലാശില്പത്തില് ഒരിടത്ത് 1918 എന്ന് ആലേഖനം ചെയ്തതിനു സമീപം തുടര്‍ച്ചയുടെ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. കലാശില്പത്തിന്റെ നിര്‍മ്മാണം അവസാനിക്കുമ്പോഴും യുദ്ധം തുടര്‍ന്നേക്കുമെന്ന ആശങ്ക കലാപ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയതാണിതെന്ന് വ്യാഖ്യാനം.
ചരിത്രത്തിലുടനീളം യുദ്ധം കലയെ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധവും യുദ്ധവീരന്മാരും കലയില്‍ വാഴ്ത്തപ്പെട്ടു. വടക്കന്‍ ഓസ്ട്രേലിയയില്‍ ബി.സി 4000ലെ ഗുഹാചിത്രം കുന്തം എറിയുന്ന പടയാളികളുടേതാണ്. ഫറവോമാരുടെ യുദ്ധവീര്യം അടയാളപ്പെടുത്തുന്ന ഈജിപ്ഷ്യന്‍ കലാസൃഷ്ടികളും യുദ്ധബന്ധമുള്ള മെസപ്പൊട്ടേമിയന്, അസ്സിറിയന്‍ കലാസൃഷ്ടികളുമുണ്ട്. എന്നാല്‍, 19, 20 നൂറ്റാണ്ടുകളില്‍ യുദ്ധവും കലയും തമ്മിലുള്ള ബന്ധത്തിന്റെ മട്ടു മാറി. യുദ്ധമുണ്ടാക്കുന്ന നാശത്തെപ്പറ്റി കഥ പറയുന്ന കലാസൃഷ്ടികളുണ്ടായി. സമകാലിക കല മനുഷ്യനും യുദ്ധവും തമ്മിലുള്ള സങ്കീര്ണ്ണബന്ധത്തെ പ്രതിനിധീകരിക്കുന്നു. വടക്കന്‍ സ്പെയിനില്‍ ബോംബിട്ട് തകര്‍ക്കപ്പെട്ട ഗ്വര്‍ണ്ണിക്ക പട്ടണത്തിന്റെ ചിത്രീകരണമായ പാബ്ലൊ പിക്കാസോ രചിച്ച ഗ്വര്‍ണ്ണിക്ക പോലുള്ള കലാസൃഷ്ടികള്‍ ഏറെ വാഴ്ത്തപ്പെടുന്നു.

സമാധാനത്തിന്റെ പ്രത്യാശയെ കുറിക്കുന്ന മഴവില്ല് രൂപം ആലേഖനംചെയ്തിട്ടുണ്ട് സാന്തക്രൂസ് സ്കൂളിനു സമീപത്തെ കലാശില്പത്തില്. സങ്കടകരം, കൊച്ചിയുടെ കലാപൈതൃകത്തിന്റെ ഔന്നത്യത്തിന് ഉദാഹരണമാകേണ്ടുന്ന ഈ നിര്‍മ്മിതി ഇനിയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ലോകമധ്യെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
ഒന്നാം ലോകമഹായുദ്ധവുമായി കാലംകൊണ്ടും കലകൊണ്ടും ബന്ധപ്പെടുന്ന കേരളത്തിലുള്ള ഏക നിര്‍മ്മിതിയായിരിക്കാം സാന്തക്രൂസ് സ്കൂളിനു സമീപമുള്ളത്.

