കൊച്ചി: സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകാൻ വത്തിക്കാൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പാത്രിയാർക്കീസ് ആയേക്കും. മേജർ ആർച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. പാത്രിയാർക്കൽ പദവി ലഭിച്ചാൽ സഭയ്ക്ക് കൂടുതൽ സ്വയംഭരണാധികാരം ഉണ്ടാകും.
ഈ മാസം പതിനഞ്ചിന് പാപ്പായുമായി ഇരുവരും വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷമാണ് പാത്രിയാർക്കീസ് പദവി നൽകുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. പാത്രിയാർക്കീസ് പദവി ആത്മീയ പദവി കൂടിയാണ്. സിറോ മലബാർ സഭയ്ക്ക് കോട്ടയം, ചങ്ങനാശേരി, എറണാകുളം അങ്കമാലി, തലശേരി എന്നീ അതിരൂപതകൾക്കായി നാല് ആർച്ച് ബിഷപ്പുമാരാണ് ഉണ്ടായിരുന്നത്.
ഇവർക്കുമേലുണ്ടായിരുന്നത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലായിരുന്നു. അത് ഭരണനിർവഹണ പദവിയാണ് . പാത്രിയാർക്കീസ് പദവിയിലേക്ക് റാഫേൽ തട്ടിൽ ഉയർത്തപ്പെടുന്നതോടെ സഭയും ആത്മീയ പദവിയിലേക്ക് ഉയർത്തപ്പെടും .

