ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
യുകെയിലെ ലെസ്റ്ററിലുള്ള എസ്പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു.
1962 മാര്‍ച്ച് 27-ന് കോട്ടയം ജില്ലയില്‍ അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച കുര്യാക്കോസ് തടത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.
1987-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായാല്‍ തിരുവല്ല അതിരൂപതയിലെ വൈദികനായി അഭിഷിക്തനായ അദ്ദേഹം 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യു.കെ. റീജിയന്റെ സഭാതല കോ-ഓര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരുകയായിരിന്നു.
റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ച അദ്ദേഹം 2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായും സേവനം നിര്‍വഹിച്ചു.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന് സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.കെ.യിലെ കവന്ററി, പ്ളിമോത്ത് ഇടവകകളുടെ വികാരിയായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം.

