കൊച്ചി: കൊച്ചി നഗരത്തെയാകെ പുകമഞ്ഞ് മൂടി. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് ഇന്ന് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ദർ പറയുന്നു .അതേസമയം കൊച്ചിയിലെ വായുഗുണനിലവാര സൂചിക 170ന് മുകളിലാണ് , ഗർഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.ഒരാഴ്ചയായി കൊച്ചിയിൽ മാത്രമല്ല മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ട്.
ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല.എന്നാൽ ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്ക് ഉപയോഗിക്കണം. കൊച്ചിയിൽ കടൽക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാൻ സഹായകമാവുന്നുണ്ട് .

