ലേഖനം / ഡോ. എഡ്വേര്‍ഡ് എടേഴത്ത്
കൊച്ചി രൂപതയ്ക്ക് അതിന്റെ പോര്‍ച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓര്‍മ്മകളാണ്. ചരിത്രത്തിലെ ഏറ്റക്കുറച്ചിലുകളും സംസ്കാരങ്ങളുടെ കടന്നുകയറ്റവും എല്ലാം കൊച്ചിക്ക് ഒരു ഭാരമല്ല, മറിച്ച് അതിന്റെ ആകര്‍ഷകമായ വൈവിധ്യത്തിന് മാറ്റുകൂട്ടാണ്. ആദ്യ തദ്ദേശീയ മെത്രാന് ഡോ. അലക്സാണ്ടര്‍ എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കര്മ്മത്തിന് വേദിയായത് ഗോവയിലെ ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നല്‍കിയത് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സെറിജറയും. ഈ ചരിത്ര പശ്ചാത്തലം ഒരിക്കല്‍ കൂടെ സജീവമാകും വിധം ഇപ്പോള്‍ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പില്‍ പിതാവിന്റെ അഭിഷേക കര്മ്മത്തിന് നേതൃത്വം നല്‍കുന്നത് ഗോവ അതിരൂപതാധ്യക്ഷന്‍ കിഴക്കിന്റെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടര്‍ച്ച.
കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ സ്ഥാനമേല്ക്കുന്നു. ഈ അവസരത്തില്‍ രൂപതയുടെ ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിലേക്ക് ഒരെത്തിനോട്ടം ഉചിതമാണല്ലോ.
2007ല്‍ കൊച്ചി രൂപതയുടെ 450-ാം വാര്ഷികാഘോഷങ്ങള്ക്കിടെ തുടക്കം കുറിച്ച ഒരു പ്രധാന സ്ഥാപനമായിരുന്നു വാസ്കോഡഗാമ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ പ്രധാന ശില്പിയായിരുന്ന ഡോ. ജോണ്‍ ഓച്ചന്തുരുത്ത് ആവര്‍ത്തിക്കുമായിരുന്ന ഒരു കാര്യമുണ്ട്: പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് സംസ്കാരങ്ങള്‍ ഇന്ത്യന്‍ ജീവിതവുമായി ഇടകലര്‍ത്താന്‍ ഒരു സുവര്‍ണ വാതായനമായത് കൊച്ചിയാണ്. അതുമായി ബന്ധപ്പെട്ട സുപ്രധാന ഓര്‍മ്മകളുടെയും ശേഷിപ്പുകളുടെയും സൂക്ഷിപ്പുകാരന് കൊച്ചി രൂപതയും. 1506ല്‍ പണിതീര്‍ത്ത മെത്രാസന മന്ദിരവും, അവിടെയുള്ള പോര്‍ച്ചുഗീസ് ചരിത്ര മ്യൂസിയവും ചരിത്ര രേഖാശേഖരവും, ആ വളപ്പില്‍ ഇന്നും കാണുന്ന പോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും എല്ലാം ഈ അനന്യ ചരിത്ര ദൗത്യത്തിന്റെ സൂചന മാത്രം.
കേരള സംസ്കാരത്തനിമയുടെ വേരുകള്‍ തേടാന്‍ കൊച്ചിയെ അടുത്തു മനസ്സിലാക്കണം. ഇന്നാട്ടിലെ കത്തോലിക്കാ സഭയെ മാത്രമല്ല ക്രൈസ്തവ പാരമ്പര്യങ്ങളെയെല്ലാം കൃത്യമായി വീക്ഷിക്കാന്‍ കൊച്ചിയുടെ ചരിത്ര സാംസ്കാരിക പശ്ചാത്തലം അറിയുക ഏറെ പ്രധാനമാണ്.
കോട്ട-കൊച്ചിയെക്കുറിച്ച്
നൂറ്റാണ്ടുകളായി ലോകം കൗതുകപൂര്‍വ്വം നോക്കിക്കാണുന്ന ഒരു ചെറു ഭൂപ്രദേശമാണ് ഫോര്‍ട്ട്കൊച്ചി. 1410ല്‍ ഇവിടം സന്ദര്‍ശിച്ച ഇറ്റാലിയന്‍ ദേശാടകന് നിക്കോളോ ദേ കോന്തിയുടെ വാക്കുകളില്‍, ”സമ്പത്ത് ഉണ്ടാക്കണമെങ്കില്‍ ചൈനയില്‍ പോകണം, അത് ചെലവഴിക്കണമെങ്കിലോ കൊച്ചിയിലും.” അന്നും ഇന്നും കൊച്ചിക്ക് തനതായ ഒരു മാസ്മരികത ഉണ്ട്. അത് അനുഭവിക്കണമെങ്കില്‍ ഫോര്‍ട്ട്കൊച്ചിയുടെ ഇടവഴികളിലൂടെ ചുമ്മാ ഒന്ന് നടന്നാല്‍ മതി. ചീനവലയും പാതയോരത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ മരങ്ങളും, പോര്‍ച്ചുഗീസ്-ഡച്ച് കാലഘട്ടത്തിലെ ശേഷിപ്പുകളായ ബംഗ്ലാവുകളും കോട്ടയുടെ അവശിഷ്ടങ്ങളും ഏറെ കഥകള്‍ പറയുന്ന പള്ളികളും ചരിത്രമുറങ്ങുന്ന സ്തൂപങ്ങളും വാതില്പടികളും, പിന്നെ അതെല്ലാം കടലിന്റെയും കായലിന്റെയും സാമീപ്യത്തിലും പശ്ചാത്തലത്തിലും ഒക്കെ ആകുമ്പോള്‍ അതുണര്‍ത്തുന്ന ഒരനുഭൂതി ഒന്നു വേറെതന്നെയാണ്. കൊച്ചി ബിനാലെ എന്ന ആഗോള കലാ മാമാങ്കത്തിന്റെ ആറാം പതിപ്പ് ഈമാസം ആരംഭിക്കുമ്പോള്‍ ഒരിക്കല്‍കൂടെ ഈപ്രദേശം ചരിത്ര സാംസ്കാരിക വിശകലനങ്ങളുടെ ലോക ശ്രദ്ധാകേന്ദ്രമാകുന്നു. എന്താണ് കൊച്ചിയെ ഇത്രയേറെ ആകര്‍ഷകമാക്കുന്നത്? ഈ പ്രദേശം വിവിധ സംസ്കാരങ്ങളുടെ സമ്മിശ്രണ വേദിയായിതീര്ന്നു എന്നതു തന്നെ.
കൊച്ചി രൂപതാ ആസ്ഥാനം ഈ ചരിത്ര സാംസ്കാരിക ശേഷിപ്പുകളുടെ കേന്ദ്ര സ്ഥാനത്താണ് എന്നതു മാത്രമല്ല ഇതിലെ പ്രധാന കാര്യം. ഇതിലെല്ലാം ഈ വിശ്വാസ സമൂഹം ഒളിഞ്ഞും തെളിഞ്ഞും ഈ ചരിത്ര ഗതിവിഗതികള്‍ രൂപപ്പെടുത്തുന്നതില്‍ മര്‍മ്മസ്ഥാനം അലങ്കരിച്ചു എന്നത് വലിയൊരു സത്യമാണ്.
പോര്‍ച്ചുഗീസ് പാരമ്പര്യം
ഇപ്പോള്‍ സ്ഥാനാരോഹണം ചെയ്യുന്ന ആന്റണി കാട്ടിപ്പറമ്പില്‍ പിതാവ് ഈ രൂപതയുടെ 36-ാമത്തെ അധ്യക്ഷനാണെങ്കിലും തദ്ദേശീയ മെത്രാന്മാരില് അദ്ദേഹം അഞ്ചാമന് മാത്രമാണ്. അതിനുമുമ്പ് രൂപതയെ നയിച്ച ആദ്യ 31 മെത്രാന്മാരും വിദേശികള്‍, പ്രത്യേകിച്ച് പോര്‍ച്ചുഗീസ് മെത്രാന്മാരായിരുന്നു. അതിനാല്‍ തന്നെ പോര്‍ച്ചുഗീസ് നാടും സംസ്കാരവും സഭയും ഒക്കെയായി കൊച്ചിയും ഈ രൂപതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊച്ചിയില്‍ പോര്‍ച്ചുഗീസുകാരുടെ വരവ് 1500ലാണ്. അഡ്മിറല്‍ കബറാളിന്റെ നേതൃത്വത്തില്‍ ആ വര്‍ഷം പോര്‍ച്ചുഗീസ് കപ്പലുകള്‍ കൊച്ചിയില്‍ എത്തി. രണ്ടുവര്‍ഷം മുന്‍പ് വാസ്കോഡ ഗാമയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രദേശത്ത് എത്തിയ സംഘത്തിനു ലഭിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സ്വീകരണമാണ് കൊച്ചിയില്‍ അവര്‍ക്ക് ലഭിച്ചത്. കൊച്ചി രാജാവ് താല്പര്യപൂര്വ്വം അവരെ സ്വീകരിച്ചു. കോട്ട പണിയാനും ദേവാലയം നിര്‍മ്മിക്കാനും ഒരു സഭാ സമൂഹം വളര്‍ത്താനും എല്ലാം വേണ്ട പിന്തുണ നല്കി.
എന്തായിരുന്നു അവരുടെ ആഗമനോദ്ദേശ്യം? ആദ്യമായി തന്നെ കച്ചവടം, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം. പിന്നെ ക്രിസ്തീയ വിശ്വാസ പ്രചാരണം. കൊച്ചിയില്‍ എത്തിയ സംഘത്തില്‍ അതിനായി ഒരു കൂട്ടം ഫ്രാന്‍സിസ്കന്‍ മിഷനറിമാരും ഉണ്ടായിരുന്നു. താമസിയാതെ ഭാരതത്തിലെ തന്നെ പാശ്ചാത്യ ശൈലിയിലെ ആദ്യ ദേവാലയങ്ങള്‍ കൊച്ചിയില്‍ സ്ഥാപിതമായി. 1503ല്‍ വിശുദ്ധ ബാര്ത്താലോമിയോയുടെ നാമത്തില്‍ ആദ്യത്തെ പള്ളി. ആദ്യ ദേവാലയത്തിന്റെ സ്ഥാനത്ത് പിന്നീട് വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തില്‍ ഉറപ്പുള്ള പള്ളി ഉയര്‍ന്നു. വാസ്കോഡ ഗാമയെ അടക്കിയ ആ ദേവാലയം ഇന്ന് സി എസ് ഐ സഭയുടെ കയ്യിലാണ്. 1506ല്‍ പിന്നീട് കൊച്ചി മെത്രാന്റെ ആസ്ഥാന ദേവാലയമായ സാന്താക്രൂസ്, ഇപ്പോഴത്തെ ബസിലിക്ക സ്ഥാപിതമായി.

കൊച്ചിയായിരുന്നു യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ നാട്ടിലെ ആദ്യ പട്ടണം. ഇന്ത്യയിലെ തന്നെ ആദ്യ പൊതുവിദ്യാലയം 1511ല്‍ കൊച്ചിയില്‍ ആരംഭിച്ചു. ആശാന് കളരികളും ക്ഷേത്രസംബന്ധിയായ സംസ്കൃത പഠനശാലകളും ഒക്കെയായിരുന്നു അതിനു മുന്‍പ് നമ്മുടെ നാട്ടില്‍ പതിവ്. ആദ്യ ഗ്രന്ഥശാലയും ഇവിടെ തന്നെ സ്ഥാപിതമായി.
പോര്‍ച്ചുഗീസ് വിശ്വാസ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകുന്നതായിരുന്നു അന്നത്തെ സഭയിലെ ‘പദ്രുവാദോ’ സംവിധാനം. അതായത് പോര്‍ച്ചുഗീസ് രാജാവിന്റെ രക്ഷാധികാരം ഈ പ്രദേശങ്ങളിലെ സഭാ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുക എന്ന നയം.
ഇതിനിടെ പോര്‍ച്ചുഗീസുകാരുടെ പ്രവര്‍ത്തന മേഖല മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. സാവധാനം അവരുടെ ആസ്ഥാനം കൊച്ചിയില്‍ നിന്ന് ഗോവയിലേയ്ക്ക് മാറി. അതോടൊപ്പം ക്രൈസ്തവ സഭാ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും അതായി. 1534ല്‍ ഗോവ ഭാരതത്തിലെ ആദ്യ പദ്രുവാദോ രൂപതയായി. പിന്നീട് 1542ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചിയില്‍ വന്നത് ഗോവയില്‍ നിന്നാണ്. അദ്ദേഹം കുറെ ദിവസം കൊച്ചിയില്‍ താമസിച്ച് സുവിശേഷം പ്രചാരണം നിര്‍വ്വഹിക്കുകയും ചെയ്തു.
കൊച്ചി രൂപതാ സ്ഥാപനം
രൂപതാ സ്ഥാപനത്തില്‍ അടുത്തത് കൊച്ചിയുടെ ഊഴമായി. 1557ല്‍ ഗോവ അതിരൂപതയായി. അതിനു കീഴില്‍ കൊച്ചി ഇന്ത്യയിലെ രണ്ടാമത്തെ പദ്രുവാദോ രൂപതയായി. ഏറെ വിശാലമായിരുന്നു അന്നത്തെ കൊച്ചി രൂപതയുടെ ഭരണസീമ. ഇന്നത്തെ കേരളം മുഴുവനും ഭാരതത്തിന്റെ കിഴക്കുഭാഗം മുഴുവനും, പിന്നെ ശ്രീലങ്കയും ബര്‍മ്മയും ഒക്കെ ഉള്‍ക്കൊള്ളുന്ന വലിയൊരു രൂപത. ഇന്നും പഴയ പല രൂപതകളുടെയും തുടക്കം കാത്തലിക്ക് ഹയറാര്‍ക്കി, വിക്കിപീഡിയ തുടങ്ങിയ വെബ്സൈറ്റുകളില്‍ നോക്കുമ്പോള്‍ അവയുടെ മുന്‍ രൂപതയായി കൊച്ചിയെ കാണാം. വിശുദ്ധ ദേവസഹായത്തിന്റെ നാമകരണവേളയിലും കൊച്ചി രൂപതയെ പരാമര്‍ശിച്ചത് ഓര്‍ക്കുമല്ലോ.
1557 ഫെബ്രുവരി 4ന് കൊച്ചി രൂപത സ്ഥാപിതമാകുകയും ബിഷപ് ജോര്‍ജ് തെമുദോ അദ്യ മെത്രാനായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
സാന്താക്രൂസ് ദേവാലയമായിരുന്നു കത്തീഡ്രല്‍. തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ സംഭവബഹുലമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പുതന്നെ ഈ ദേശത്ത് പ്രബലമായിരുന്ന തോമാ ക്രിസ്ത്യാനികള്‍ക്കായി പ്രത്യേക സഭാ ഭരണ സംവിധാനം നിലവില്‍ വരുന്നു. 1599ല്‍ ഗോവ അതിരൂപതാധ്യക്ഷന്‍ മെനെസിസ് മെത്രാന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ സൂനഹദോസ് നടന്നു.
സൂനഹദോസ് പ്രശ്നങ്ങളെല്ലാം പരിഹരിച്ചില്ല. ഇതിനു ശേഷവും മധ്യേഷ്യയിലെ സഭാ സംവിധാനങ്ങളോട് ബന്ധം നിലനിര്‍ത്തി നിലവില്‍ ഉണ്ടായിരുന്ന രീതികള്‍ പലതും തുടരാന്‍ ആഗ്രഹിക്കുന്നവരും പോര്‍ച്ചുഗീസ് നേതൃത്വത്തില്‍ പാപ്പയോട് കൂറുപുലര്‍ത്തി മുന്നേറാന്‍ ആഗ്രഹിക്കുന്നവരും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ഇത് ഒരു വഴിത്തിരിവില്‍ എത്തുന്നത് 1653ലാണ്. കൊച്ചിയിലെ തന്നെ മട്ടാഞ്ചേരിയില്‍ 400ഓളം വരുന്ന തോമാ ക്രിസ്ത്യാനികള്‍ കുരിശ് തൊട്ട് സത്യം ചെയ്ത് വേര്‍പെട്ട് മറ്റൊരു സഭയായി മാറി. അങ്ങനെ പല ക്രൈസ്തവ സഭകളുടെയും തുടക്കത്തിന് സാക്ഷ്യമായ കൊച്ചിയിലെ ആ ‘കൂനന്‍ കുരിശ്’ ഇന്ന് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ഒപ്പം ചരിത്രകുതുകികള്‍ക്ക് സുപ്രധാന ചരിത്ര സ്മാരകവുമാണ്.
മാറ്റങ്ങളുടെ വലിയ കാറ്റ്
ലന്തക്കാര്‍ എന്ന് കൊച്ചിക്കാര് വിളിക്കുന്ന ഡച്ചുകാര്‍ 1663ല്‍ പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് കൊച്ചി കീഴടക്കി. പള്ളികളും സാംസ്കാരിക വിദ്യാഭ്യാസ സംവിധാനങ്ങളും അടക്കം മുന്‍ നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് പണിതുയര്‍ത്തിയതെല്ലാം അവര്‍ നശിപ്പിച്ചു. കത്തോലിക്കാ സഭാ സംവിധാനങ്ങള്‍ക്കും ഇത് വലിയ ക്ഷതമേല്‍പ്പിച്ചു. കാലം കടന്നുപോകുന്നതിനിടെ പോര്‍ച്ചുഗീസ് ശക്തിയും പദ്രോവാദോ സംവിധാനങ്ങളും ക്ഷയിക്കുകയും സുവിശേഷവല്‍ക്കരണത്തിനായുള്ള ആഗോള സഭയുടെ സംവിധാനമായ വിശ്വാസ തിരുസംഘം അഥവാ ‘പ്രൊപ്പഗാന്ത’ പ്രവര്ത്തനക്ഷമമാകുകായും ചെയ്തു.
ഈപറഞ്ഞ സംഭവ വികാസങ്ങള്‍ കത്തോലിക്കാ സഭയിലെ തന്നെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചു. 1830കളില്‍ പദ്രോവാദോ – പ്രോപ്പഗാന്താ ഏറ്റുമുട്ടലുകള്‍ ഏറെ കലുഷിതമായി. കൊച്ചി പ്രദേശത്തെ അത് സാരമായി ബാധിച്ചു. ഔപചാരികമായി സഭ പദ്രോവാദോ സംവിധാനങ്ങള്‍ നിര്‍ത്തലാക്കി. ഇടവകകള്‍ പ്രോപ്പഗാന്ത ഭരണത്തിന് കീഴില്‍ ആക്കിയെങ്കിലും താഴേത്തട്ടില്‍ ശക്തമായ സംഘര്‍ഷം തുടര്‍ന്നു. കൊച്ചി രൂപതയില്‍ ചിലയിടങ്ങളില്‍ ഇന്നും ഈ സംഘര്‍ഷത്തിന്റെ ശേഷിപ്പായി അടുത്തടുത്തുള്ള രണ്ട് പള്ളികള്‍ കാണാം. ഏതായാലും 1886ഓടെ അനുരഞ്ജന വഴികള്‍ തുറക്കുകയും പദ്രോവാദോയുടെ കീഴിലുള്ള സഭാ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. കൊച്ചിയിലെ വിശ്വാസ സമൂഹത്തെ ഈ സംഭവ വികാസങ്ങള്‍ സാരമായി ക്ഷതമേല്‍പ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ.
ഈ കലുഷിത കാലങ്ങള്‍ക്കു ശേഷം അഞ്ച് പോര്‍ച്ചുഗീസ് മെത്രാന്മാര് കൂടെ കൊച്ചി രൂപയെ നയിച്ചു. അതിനുള്ളില്‍ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ വന്നു. മിക്ക ഇടങ്ങളിലും തദ്ദേശ വൈദിക നേതൃത്വത്തിനായി ആവശ്യമുയര്‍ന്നു. കോളനി വാഴ്ചയില്‍നിന്ന് രാജ്യം സ്വാതന്ത്ര്യം നേടി. ഇതെല്ലാം കൊച്ചിയെയും സ്വാധീനിച്ചു. 1950ഓടെ കൊച്ചിയിലെ പദ്രോവാദോ സംവിധാനത്തിന് വിരാമമായി. 1952ല്‍ ആദ്യ തദ്ദേശീയ മെത്രാന് ഡോ. അലക്സാണ്ടര്‍ എടേഴത്ത് നിയമിതനായി.
ഓര്‍മ്മകള്‍ ഫലമണിയട്ടെ
ചരിത്രത്തിലെ ഏറ്റക്കുറച്ചിലുകളും സംസ്കാരങ്ങളുടെ കടന്നുകയറ്റവും എല്ലാം കൊച്ചിക്ക് ഒരു ഭാരമല്ല, മറിച്ച് അതിന്റെ ആകര്‍ഷകമായ വൈവിധ്യത്തിന് മാറ്റുകൂട്ടാണ്. ഉദാഹരണത്തിന്, അടിമത്തത്തിന്റെ ഓര്‍മ്മ പല സംസ്കാരങ്ങള്‍ക്കും തീരാമുറിവായി തുടരുമ്പോള്‍ കൊച്ചിയില്‍ അടിമത്തത്തിന്റെ ഓര്‍മ്മയായ കാപ്പിരി തന്റെ ഉടയവന്റെ നിധി ഇന്നും കാക്കുന്ന വിശ്വസ്തമായ സ്നേഹബന്ധത്തിന്റെ ഓര്‍മ്മയായി മനുഷ്യ മനസ്സില്‍ തുടരുന്നു.
കൊച്ചി രൂപതയ്ക്കും അതിന്റെ പോര്‍ച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓര്‍മ്മകളാണ്. ആദ്യ തദ്ദേശീയ മെത്രാന് എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കര്മ്മത്തിന് വേദിയായത് ഗോവയിലെ ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നല്‍കിയത് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സെറിജറയും.
തുടര്‍ന്ന് 1975ല്‍ ഇടയ ദൗത്യം ഏറ്റ ബിഷപ് ജോസഫ് കുരീത്തറ രൂപതയ്ക്ക് പോര്‍ച്ചുഗലുമായുള്ള ബന്ധം വളര്‍ത്താന്‍ ഉതകുന്ന വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സാംസ്കാരിക പഠന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഈ ചരിത്ര പശ്ചാത്തലം ഒരിക്കല്‍ കൂടെ സജീവമാകും വിധം ഇപ്പോള്‍ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പില്‍ പിതാവിന്റെ അഭിഷേക കര്മ്മത്തിന് നേതൃത്വം നല്‍കുന്നത് ഗോവ അതിരൂപതാധ്യക്ഷന്‍ കിഴക്കിന്റെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടര്‍ച്ച.
കൊച്ചി രൂപതയുടെ പുതിയ ഇടയന് എല്ലാ പ്രാര്ഥനാശംസകളും. ഓര്‍മ്മകളുടെ സമൃദ്ധമായ വേരുകളില്‍ നിന്ന് പുത്തന്‍ ഊര്‍ജ്ജം സ്വീകരിച്ച് ഫലനിറവിന്റെ നല്ല നാളുകളിലേയ്ക്ക് മുന്നേറാനുള്ള ദൈവാത്മ നിറവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.

